തിരുവനന്തപുരം: ശബരിമല ദർശനം നടത്തിയവരെന്ന പേരിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച 51 പേരുടെ പട്ടിക തെറ്റാണെന്ന ആരോപണം ഉയരുന്നതിനിടെ സർക്കാരിന് ആശ്വാസമേകുന്ന വാർത്തയുമെത്തുന്നു. സർക്കാരിന്റെ പട്ടികയിലെ 12ആമത് പേരുകാരി താൻ ശബരിമലയിൽ ദർശനം നടത്തിയെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. 48 വയസുകാരിയായ ശാന്തിയാണ് താൻ നവംബറിൽ ദർശനം നടത്തിയെന്ന് വെളിപ്പെടുത്തിയത്. 52 അംഗ തീർത്ഥാടക സംഘത്തിനൊപ്പമാണ് താൻ എത്തിയത്. ഭർത്താവ് നാഗപ്പനും കൂടെയുണ്ടായിരുന്നുവെന്നും വെല്ലൂർ സ്വദേശി ശാന്തി വെളിപ്പെടുത്തി. സർക്കാർ സമർപ്പിച്ചിരിക്കുന്ന രേഖകളിലും ഇവർക്ക് 48 വയസ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദർശനം നടത്തിയ കനകദുർഗയും ബിന്ദുവും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്നലെ പരിഗണിച്ചപ്പോഴാണ് സർക്കാർ 51പേരുടെ പട്ടിക സമർപ്പിച്ചത്. വെർച്വൽ ക്യൂവിനുള്ള ഒാൺലൈൻ അപേക്ഷകളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണെന്നും നേരിട്ട് ദർശനം നടത്തിയവർ വേറെയുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ലിസ്റ്റിലുള്ള പല സ്‌ത്രീകൾക്കും 50 വയസിൽ കൂടുതലുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് വിവാദമായത്.
ലിസ്റ്റിൽ തങ്ങളുടെ പ്രായം കുറച്ചാണ് രേഖപ്പെടുത്തിയതെന്ന് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ചില സ്‌ത്രീകൾ ചാനലുകളോട് പറയുകയും ചെയ്‌തതോടെ സർക്കാർ വെട്ടിലായി. ഓൺലൈനിൽ അപേക്ഷിക്കാൻ പ്രായം തെളിയിക്കുന്ന ആധാർ ഉൾപ്പെടെയുള്ള രേഖകൾ വേണമെന്നിരിക്കെ, പലരുടെയും പ്രായത്തിൽ വ്യത്യാസം വന്നതിലാണ് ദുരൂഹത. അതേസമയം ലിസ്റ്റിൽ ഒരു പുരുഷന്റെ പേരും കടന്നു കൂടി. ചെന്നൈ തുണ്ടളം സ്വദേശി പരംജ്യോതി ( 47 ) സ്‌ത്രീ എന്ന് രേഖപ്പെടുത്തിയാണ് ഓൺലൈനിൽ അപേക്ഷിച്ചതെന്ന് വ്യക്തമായി. അബദ്ധം പറ്റിയതാണെന്ന് അയാൾ പറഞ്ഞു. പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു പുരുഷനും ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിഷയം അന്വേഷിക്കാൻ ഡി.ജി.പി പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു.