മലയാളത്തിന്റെ പ്രിയ കൂട്ടുകെട്ട് ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'മരക്കാർ: അറബിക്കടലിന്റെ സിംഹം'. ചിത്രത്തിലെ ഓരോ വാർത്തകളും ദിനംപ്രതി പുറത്ത് വരികയാണ്. ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതാണ് ഏറ്റവും പുതിയ വർത്ത. താരത്തിന്റേതായി ചില ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കഥാപാത്രത്തിന്റെ വേഷവിധാനത്തോടെയുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
ഹോളിവുഡ് ചിത്രമായ ട്രോയ് എന്ന ചിത്രത്തിലേതിന് സമാനമായ വേഷം ധരിച്ചാണ് സുനിൽ ഷെട്ടിയുടെ മരക്കാർ ലുക്ക്. പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഒരു യോദ്ധാവായാണ് സുനിൽ ഷെട്ടി എത്തുന്നത്. തീപാറുന്ന നിരവധി ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ട്.
ആക്ഷൻ നായകനായി മാത്രം ശ്രദ്ധിക്കപ്പെട്ട സുനിൽ ഷെട്ടിക്ക് പ്രിയദർശന്റെ 'ഹേര ഫേരി'യിലൂടെയാണ് കരിയർ ബ്രേക്ക് ലഭിച്ചത്. മലയാള ചിത്രമായ റാംജി റാവു സ്പീക്കിംഗിന്റെ ഹിന്ദി റീമേക്കായിരുന്നു 'ഹേര ഫേരി'. ആക്ഷൻ നായകൻ എന്നതിലുപരി അദ്ദേഹത്തിന്റെ പ്രതിച്ഛായ തന്നെ മാറ്റിയ ചിത്രമായിരുന്നു ഇത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത കാക്കക്കുയിലിലും സുനിൽ ഷെട്ടി അതിഥി വേഷത്തിൽ എത്തിയിരുന്നു. പിന്നീട് 'ദേ ധനാ ധൻ' എന്ന ചിത്രത്തിലാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം മരക്കാറിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.
സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലാണ് കുഞ്ഞാലി മരക്കാറായി എത്തുന്നത്. ചിത്രത്തിൽ സുനിൽ ഷെട്ടിയെ കൂടാതെ മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു, അർജുൻ സാർജ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സംവിധായകൻ ഫാസിൽ എന്നിവരും അഭിനയിക്കുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
ആക്ഷനും ഗ്രാഫിക്സിനും പ്രാധാന്യമുള്ള ചിത്രത്തിൽ നിരവധി വിദേശ ടെക്‌നീഷ്യൻമാരും എത്തുന്നുണ്ട്. നൂറ്രിഅൻപത് കോടി രൂപ മുതൽ മുടക്കിലാണ് മരക്കാർ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്. ഗ്രാഫിക്സിന് പ്രാധാനം ഏറെ ഉള്ളതിനാൽ ഏപ്രിലിൽ ഷൂട്ടിംഗ് പൂർണ്ണമാക്കിയ ശേഷം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങി 2020ൽ ചിത്രം പുറത്തിറക്കുമെന്നാണ് അണിയറക്കാർ പറയുന്നത്.