dgp-lokanth-behra

തിരുവനന്തപുരം: ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പട്ടികയിലെ പിഴവിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചു. എ.ഡി.ജി.പി അനിൽകാന്തിനോട് റിപ്പോർട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ഡി.ജി.പിയുടെ നിർദ്ദേശിച്ചിരിക്കുന്നത്. സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച ശബരിമലയിൽ കയറിയ യുവതികളുടെ പട്ടിക അബദ്ധമായതോടെ പൊലീസും നിയമവകുപ്പും പരസ്‌പരം പഴിചാരുന്നതിനിടെയാണ് ഡി.ജി.പി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതിയിൽ നേരിട്ട് നൽകാനല്ല ലിസ്റ്റ് കൊടുത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ലിസ്റ്റിന്‍റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പും പറയുന്നു. പട്ടികയിലെ പൊരുത്തക്കേടുകൾ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടിയിരുന്നു. വിർച്വൽ ക്യൂവിൽ റജിസ്റ്റർ ചെയ്ത് പമ്പയിൽ വന്ന് പാസ്സ് വാങ്ങിപ്പോയ ആളുകളുടെ കണക്കാണ് നൽകിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ബിന്ദുവും കനകദുർഗയുമല്ലാതെ വേറെ ആരെങ്കിലും കയറിയോ എന്ന് ചോദിച്ചാൽ മാത്രം നൽകാനാണ് ഈ ലിസ്റ്റ് നൽകിയത്.

ഇതിനിടയിൽ സർക്കാരിന്റെ പട്ടികയിലെ 12ആമത് പേരുകാരി താൻ ശബരിമലയിൽ ദർശനം നടത്തിയെന്ന വെളിപ്പെടുത്തി. 48 വയസുകാരിയായ ശാന്തിയാണ് താൻ നവംബറിൽ ദർശനം നടത്തിയെന്ന് വെളിപ്പെടുത്തിയത്. 52 അംഗ തീർത്ഥാടക സംഘത്തിനൊപ്പമാണ് താൻ എത്തിയത്. ഭർത്താവ് നാഗപ്പനും കൂടെയുണ്ടായിരുന്നുവെന്നും വെല്ലൂർ സ്വദേശി ശാന്തി വെളിപ്പെടുത്തി. സർക്കാർ സമർപ്പിച്ചിരിക്കുന്ന രേഖകളിലും ഇവർക്ക് 48 വയസ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ദർശനം നടത്തിയ കനകദുർഗയും ബിന്ദുവും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്നലെ പരിഗണിച്ചപ്പോഴാണ് സർക്കാർ 51പേരുടെ പട്ടിക സമർപ്പിച്ചത്.