കടുത്ത മഴക്കാലം ഒഴികെ ചീര കൃഷി ചെയ്യാം. നല്ല വെയിൽ ലഭിക്കുന്നതും നീർവാഴ്ചയുള്ളതുമായ സ്‌ഥലം തിരഞ്ഞെടുക്കുക. ഒരു മീറ്രർ വീതിയിലും 20- 30 സെ. മീ ഉയരത്തിലും തറകൾ ഉണ്ടാക്കി 15- 20 സെ.മി അകലത്തിൽ വരികളിൽ പൊടിമണലുമായി കലർത്തി വേണം വിത്ത് വിതറാൻ . മൂന്നാഴ്‌ച പ്രായമുള്ള ( രണ്ട് മൂന്ന് ഇലകൾ വന്നിട്ടുണ്ടാവും. ) തൈകൾ പറിച്ചുനടാം. മേൽപ്പറഞ്ഞ രീതിയിൽ കൃഷി ചെയ്യുന്നത് വളപ്രയോഗത്തിനും നനയ്‌ക്കാനും ഉത്തമം.
ചീര നടുമ്പോൾ എല്ല് പൊടി കോഴിവളം, ചാണകപ്പൊടി എന്നിവ തടം ഒരുക്കുമ്പോൾ തന്നെ അടിവളമായി ചേർക്കാവുന്നതാണ്. ചീരവിത്ത് പാകി പറിച്ച് നടക്കണം. ചീരയ്‌ക്ക് എല്ലാ ദിവസവും നനയ്ക്കണം. 15 ദിവസം കഴിയുമ്പോൾ വാരത്തിൽ ആറ് ഇഞ്ച് അകലത്തിൽ പറിച്ച് നടാം. പറിച്ചുനട്ട് കഴിഞ്ഞാൽ മൂന്ന് ദിവസം രണ്ട് നേരവും നനയ്ക്കണം. തൈനട്ടു കഴിഞ്ഞാൽ മൂന്ന ദിവസമാകുമ്പോഴേക്കും അവ നിവർന്ന് നിൽക്കാൻ തുടങ്ങും. ഉടൻ കമ്പോസ്റ്റ് വളം കൊടുക്കാം. ഒരാഴ്ച കഴിഞ്ഞ് ഗോമൂത്രം ഒരു ലിറ്ററിന് 10 ലിറ്റർ വെള്ളം കലർത്തി നനയ്ക്കണം. 10 ദിവസം കഴിയുമ്പോൾ കോഴിവളം ഗോമൂത്രത്തിൽ കുതിർത്ത് വിതറി നനയ്ക്കുന്നത് വളരെ ഗുണകരമാണ്.
ചീരയ്‌ക്ക് പ്രധാനമായി കണ്ടുവരുന്ന രോഗമാണ് ഇലപ്പുള്ളി രോഗം. പച്ചച്ചീരയും ചുവന്ന ചീരയും ഇടക്കലർത്തിനടുന്നത് ഇതിന് ഒരു പ്രതിവിധിയാണ് .പച്ച ചാണകതെളി, ഫിഷ് അമിനാ ആസിഡ് അഥവാ മീൻവളം എന്നിവ ഇലയിൽ തളിയ്‌ക്കുന്നതും ഉത്തമമാണ്. കൃഷി ചെയ്‌ത് 30 ദിവസം കഴിഞ്ഞാൽ ചീര വിളവെടുക്കാം.
വിത്ത് ഉറുമ്പ് എടുക്കാതിരിക്കാൻ
വിത്തിന്റെ കൂടെ റവയും മണലും ഇടകലർത്തി പാകണം. ഉറുമ്പിന്റെ ആക്രമണത്തിൽ നിന്ന് വിത്തിനെ സംരക്ഷിക്കാനാണിത്. റവ ഉറുമ്പ് എടുത്ത് കൊണ്ട് പൊയ്‌ക്കോളും. മഞ്ഞൾപ്പൊടി വിതറുന്നതും കീടത്തിന്റെ ആക്രമണത്തെ തടയും.
വിത്ത് ഉറുമ്പ് എടുക്കാതിരിക്കാൻ മണ്ണിൽ ഉറുമ്പ് പൊടി വിതറുന്നത് നല്ല രീതിയല്ല. ഇത് മണ്ണിനെ വർഷങ്ങളോളം വിഷമയമാക്കിത്തീർക്കും. ചീരയുടെ വിത്തിടുമ്പോൾ കുറച്ച് കടുകും കൂടി ചേർത്ത് വിതറുക . ഇത് പുഴുശല്യം വളരെയധികം കുറയ്‌ക്കും
വളപ്രയോഗം
ചീരക്കു പച്ച ചാണകം വെള്ളം ചേർത്ത് കലക്കി നേർപ്പിച്ചു ഒഴിക്കുക. ചീര വിളവെടുക്കാറാവുമ്പോൾ ചാണകം നിർത്തണം. ഇല്ലെങ്കിൽ രുചി വ്യത്യാസം ഉണ്ടാവും
ചീരത്തൈ നടുമ്പോൾ ചാണകപ്പൊടിയ്ക്കകത്ത് നടുക. തൈകൾ വേരു പിടിച്ചു രണ്ടാഴ്ച്ച കഴിഞ്ഞു ഗോമൂത്രം നേർപ്പിച്ചു തളിച്ചു കൊടുക്കാം.
ചുവന്ന ചീരയിൽ രോഗം അധികമായി കാണുമ്പോൾ പച്ച ചീര രോഗപ്രതിരോധശേഷിയുളള ഇനമാണെന്നത് ഓർക്കണം. അതുകൊണ്ട് ചുവന്ന ചീര തനിവിളയായി കൃഷി ചെയ്യാതെ പച്ചച്ചീരയുമായി ഇടകലർത്തി കൃഷിചെയ്താൽ രോഗം സ്വാഭാവികമായും കുറയും.
ഇലകളിൽ വെളളം വീണ് സ്പോറുകൾ മറ്റ് ചെടികളിലേയ്ക്ക് പടരാതിരിക്കാൻ ചെടിയുടെ ചുവട്ടിൽ മാത്രം വെളളമൊഴിച്ച് നനയ്ക്കണം.
ഒരു കിലോ പച്ച ചാണകം 10 ലി. വെളളത്തിൽ കലക്കി തെളിഞ്ഞശേഷം അരിച്ചെടുത്ത് അതിൽ 20 ഗ്രാം മാൻകൊസെബ് ചേർത്ത് ഇളക്കി തളിക്കുക. മരുന്ന് തളിച്ച് 10 ദിവസം കഴിഞ്ഞേ ഇവ ഭക്ഷിക്കാവൂ.
40 ഗ്രാം സോഡാപ്പൊടി മഞ്ഞൾപ്പൊടി മിശ്രിതം (8 ഗ്രാം സോഡാപ്പൊടി 32 ഗ്രാം മഞ്ഞൾപ്പൊടിയുമായി കലർത്തിയത്); 40 ഗ്രാം പാൽക്കായം ഒരു ലിറ്റർ വെളളത്തിൽ കലർത്തിയ ലായിനിയിൽ ചേർത്ത് തിളപ്പിക്കണം.
മേൽപ്പറഞ്ഞ രണ്ട് മിശ്രിതങ്ങളും മാറി മാറി തളിക്കുന്നത് കൂടുതൽ ഫലപ്രദമാണ്. ഇലയുടെ രണ്ടുവശത്തും ലായിനി പതിയ്ക്കും വിധം തളിക്കുക.
സ്യൂഡൊമോണാസ് എന്ന ജൈവ കുമിൾനാശിനി ഉപയോഗിച്ച് വിത്ത് പരിചരിക്കാം.
ചീര നടുന്നതിനായി ട്രൈക്കോഡെർമ്മ എന്ന മിത്രകുമിൾ ഉപയോഗിച്ച് സമ്പുഷ്ടമാക്കിയ ചാണകം: വേപ്പിൻ പിണ്ണാക്ക് മിശ്രിതം മണ്ണിൽ ചേർക്കുക.