church

തൃശൂർ: തൃശൂർ മാന്ദാമംഗലം പള്ളി തർക്കത്തിൽ യാക്കോബായ വിഭാഗം സി.പി.എമ്മിന്റെ സഹായം തേടി. നാളെ കുർബാന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എമ്മിന്റെ സഹായം തേടിയത്. ഇതുമായി ബന്ധപ്പെട്ട് യാക്കോബായ വിഭാഗം സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയുമായി ചർച്ചയും നടത്തി.

ജില്ലാ ഭരണകൂടം നിർദ്ദേശിച്ച ഉപാധികൾ അംഗീകരിക്കാൻ തയ്യാറെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയും. ആരാധന നടത്താൻ പള്ളിയിൽ പ്രവേശിക്കില്ലെന്നും യാക്കോബായ വിഭാഗം അറിയിച്ചു. എന്നാൽ, നാളെ കുർബാന നടത്താൻ അവസരം നൽകണമെന്ന് യാക്കോബായ വിഭാഗം കളക്ടറോട് ആവശ്യപ്പെട്ടു.

യാക്കോബായ വിഭാഗങ്ങൾ തമ്മിലുളള സംഘർഷം പരിഹരിക്കുന്നതിന് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു. യാക്കോബായ വിഭാഗത്തോട് പ്രധാനമായും രണ്ടു നിർദേശങ്ങളാണ് കളക്ടർ മുന്നോട്ടുവെച്ചിരുന്നത്. പള്ളിയിൽ മൂന്ന് ദിവസമായി തുടരുന്ന പ്രാർത്ഥനയജ്ഞം അവസാനിപ്പിക്കാൻ യാക്കോബായ വിഭാഗം തയ്യാറായി. എന്നാൽ, ഹൈക്കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണകാര്യങ്ങളിൽ നിന്നും ആരാധനകളിൽ നിന്നും വിട്ടുനിൽക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.

മാന്ദാമംഗലം പള്ളി തർക്കം, സി.പി.എമ്മിന്റെ സഹായം തേടി യാക്കോബായ വിഭാഗം. ഈ സ്റ്റോറി ഇംഗ്ലീഷിൽ വായിക്കാം

സഭയുടെ മേലധക്ഷ്യൻമാരുമായി കൂടുതൽ ചച്ച ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് ഇവർക്ക് ഇന്ന് ഉച്ചയ്‌ക്ക് 2 മണി വരെ കളക്ടർസമയം അനുവദിച്ചത്. തുടർന്ന് ഇന്ന് നടന്ന ചർച്ചയിലാണ് കളക്ടറുടെ ഉപാധികൾ അംഗീകരിക്കാൻ തയ്യാറെന്ന് യാക്കോബായ വിഭാഗം അറിയിച്ചത്.

കഴിഞ്ഞദിവസമുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് 120 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത 42 പരെ വിട്ടയക്കാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പള്ളിയുടെ കവാടത്തിന് മുന്നിൽ ഒാർത്തഡോക്സ് വിഭാഗം നടത്തിയ സമരം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ പരുക്കേറ്റ 17 ഇപ്പോഴും ചികിത്സയിലാണ്.

ഓർത്തഡോക്സ് വിഭാഗം ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. സമരപ്പന്തൽ പൊലീസ് പൂർണ്ണമായും ഒഴിപ്പിച്ചു. സംഘർഷത്തിൽ ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇരു വിഭാഗങ്ങൾ തമ്മിൽ രാത്രി രൂക്ഷമായ കല്ലേറ് നടന്നിരുന്നു. ഇതേ തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സമരം ചെയ്തത്. തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാൽ ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.