ജുറാസിക് വേൾഡ്, ഗാർഡിയൻ ഓഫ് ദ ഗാലക്സി, അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ ക്രിസ് പ്രാറ്റ് വിവാഹിതനാകുന്നു. അർണോൾഡ് ഷ്വാസ്നെഗറിന്റെ മകൾ കാതറീൻ ഷ്വാസ്നെഗറാണ് വധു. അർണോൾഡ്–മരിയ ഷ്രിവർ ദമ്പതികളുടെ മൂത്ത മകളായ കാതറീൻ എഴുത്തുകാരിയും രാഷ്ട്രീയപ്രവർത്തകയുമാണ്. കാതറീനുമായി ക്രിസ് പ്രണയത്തിലാണെന്ന വാർത്ത പുറത്തുവന്നിട്ട് ഒരുപാടു നാളായി.
തന്റെ വിവാഹ വാർത്ത ക്രിസ് പ്രാറ്റ് തന്നെയാണ് പുറത്തുവിട്ടത്. ക്രിസിന്റെ രണ്ടാംവിവാഹമാണിത്. നടി അന്ന ഫാരിസ് ആയിരുന്നു ആദ്യഭാര്യ. ആ ബന്ധത്തിൽ ഒരു മകനുണ്ട്. ക്രിസിന്റെ വിവാഹക്കുറിപ്പിന് താഴെ വിവാഹ ആശംസകളുമായി അന്നയും എത്തിയിരുന്നു. 2009ലാണ് ക്രിസും അന്നയും വിവാഹിതരായത്. 2018ൽ ഇരുവരും വേർപിരിഞ്ഞെങ്കിലും മകനുവേണ്ടി സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും.