താരൻ എന്നത് തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. ശരിക്കും ഇതിനെ ത്വക്ക് രോഗം എന്ന് പറയാൻ കഴിയില്ല. നമ്മുടെ തൊലിയിൽ ദിനംപ്രതി അനവധി കോശങ്ങൾ ഇളകി പൊഴിയുന്നുണ്ട്. എണ്ണമയം കൂടുതലുള്ള ത്വക്ക് ഉള്ളവരിൽ പൂപ്പൽബാധ ഈ കോശങ്ങളിലുണ്ടാവുകയും തന്മൂലം തലയിൽ ചുവപ്പു നിറമുണ്ടാവുകയും തൊലി കട്ടിപിടിക്കുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യും. സെബോറിക് ഏരിയാസ് എന്നു പറയുന്ന ചില ഭാഗങ്ങളിൽ ( കൺപോളകൾ, മൂക്കിന്റെ വശങ്ങൾ, നെഞ്ച്, പുറം) ഈ ഗ്രന്ഥികൾ കൂടുതലായി കാണപ്പെടുകയും അവിടെയെല്ലാം ചെതുമ്പൽ പോലെ തൊലി ഇളകുകയും ചൊറിച്ചിലുണ്ടാവുകയും ചെയ്യും. ചില മരുന്നുകൾ കഴിക്കുമ്പോൾ, ഇതേ ലക്ഷണങ്ങൾ കാണാം. തലയിൽ ഇൻഫ്ളമേഷൻ കാരണം മുടി കൊഴിയുകയും ചെയ്യും.
ചികിത്സ
ആന്റി ഫംഗൽ ഔഷധങ്ങൾ അടങ്ങിയ ഷാംപൂ ഉയോഗിക്കുക, വളരെയധികം ബുദ്ധിമുട്ടുണ്ടാവുകയാണെങ്കിൽ ടാർ, സ്റ്റീറോയ്ഡ് അടങ്ങിയ ഷാംപൂ ഉയോഗിക്കാം.
ചൂടുകുരു
സ്വേദഗ്രന്ഥികളുടെ ഇൻഫ്ളമേഷൻ മൂലമാണ് ചൂടുകുരു ഉണ്ടാകുന്നത്. അന്തരീക്ഷത്തിലെ താപനില വർദ്ധിക്കുമ്പോൾ സ്വേദഗ്രന്ഥികൾ വികസിക്കുകയും നാളികൾ പൊട്ടുകയും ചുറ്റും അതിന്റെ റിയാക്ഷൻ മൂലം കുരുക്കൾ ഉണ്ടാവുകയും ചെയ്യും. തണുത്ത വെള്ളത്തിൽ സോപ്പുയോഗിക്കാതെ 3 4 തവണ കുളിക്കുകയും, കലാമിൻ അടങ്ങിയ ലോഷൻ പുരട്ടുകയും ചെയ്യാം. സ്വേദ ഗ്രന്ഥികളുടെ പ്രവർത്തനം കുറയ്ക്കാൻ വൈറ്റമിൻ സി. അടങ്ങിയ ഗുളികകൾ കഴിക്കാം.
ഡോ. ശ്രീരേഖാ പണിക്കർ
ഡെർമറ്റോളജി ഡിപ്പാർട്ട്‌മെന്റ്
എസ്.യു.ടി, പട്ടം