തിരുവനന്തപുരം: എ.ടി.എം തട്ടിപ്പ് കേസിൽ പ്രതിയായ വിദേശ പൗരന്മാർക്ക് വേണ്ടി ജാമ്യമെടുക്കാനെത്തിയ ഇടനിലക്കാരും അഭിഭാഷകരും തമ്മിൽ വഞ്ചിയൂർ കോടതി വളപ്പിൽ സംഘർഷം. അഭിഭാഷകരെ കയ്യേറ്റം ചെയ്‌ത തിരുവനന്തപുരം ആറ്റുകാൽ സ്വദേശി അഭിജിത്തിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ശംഖുമുഖം എ.എസ്.പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
എ.ടി.എം തട്ടിപ്പ് കേസിലെ ആറാം പ്രതിയായ റുമേനിയൻ പൗരന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ജാമ്യവ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരായ ആരുടെയെങ്കിലും കരംതീർന്ന രസീത് ഇല്ലാത്തതാണ് വിനയായത്. എന്നാൽ ഒരു കേസിലെ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലിൽ വച്ച് റുമേനിയൻ പൗരനുമായി പരിചയത്തിലായ അഭിജിത്ത് ഇയാലെ ജാമ്യത്തിലിറക്കാൻ സഹായിക്കാമെന്ന് ഏൽക്കുകയായിരുന്നു. തുടർന്ന് കോടതിയിലെത്തിയ അഭിജിത്തും അഭിഭാഷകരും തമ്മിൽ ജാമ്യവ്യവസ്ഥയെച്ചൊല്ലി തർക്കമുണ്ടായി. ഇതിന് പിന്നാലെ അഭിജിത്ത് അഭിഭാഷകരെ കയ്യേറ്റം ചെയ്‌തു. ഇത് കണ്ട് നിന്ന അഭിഭാഷകർ അഭിജിത്തിനെ തിരിച്ച് മർദ്ദിച്ചതോടെ കോടതി വളപ്പിൽ സംഘർഷമായി. തുടർന്ന് പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയായിരുന്നു.