k-surendran

പത്തനംതിട്ട: ശബരിമല ദർശനത്തിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സമർപ്പിച്ച ഹർജി കോടതി തള്ളി. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന്റെ ഹർജി തള്ളിയത്.

നേരത്തെ ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ച കേസിൽ സുരേന്ദ്രന് ജാമ്യം അനുവദിക്കുമ്പോൾ പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. ഈ ജാമ്യവ്യവസ്ഥ മാറ്റി തനിക്ക് ശബരിമല ദർശനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും മജിസ്ട്രേറ്റ് കോടതിയിൽ പോകാനായിരുന്നു നിർദ്ദേശം. തുടർന്നാണ് റാന്നി കോടതിയെ സമീപിച്ചത്.

അതേസമയം, റാന്നി കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകാത്ത സാഹചര്യത്തിൽ സുരേന്ദ്രൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. അയ്യപ്പനെ ദർശിക്കാൻ ഇരുമുടിക്കെട്ട് തലയിലേറ്റിയതിനാൽ ഇനി പിന്നോട്ടില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനും സുരേന്ദ്രൻ ആലോചിക്കുന്നുണ്ട്.