മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ആക്ഷൻ ഫാമിലി ചിത്രം മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. എട്ടു വർഷം മുൻപ് ഇരുവരും ഒന്നിച്ച പോക്കിരിരാജയുടെ രണ്ടാം ഭാഗമാണിത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്ററെത്തിയത്. സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയിരിക്കുകയാണ് പോസ്റ്റർ.
വില്ലന്മാരെ അടിച്ചൊതുക്കി അവർക്കുമുകളിൽ കയറി പുറം തിരിഞ്ഞ് നിൽക്കുന്ന മെഗാസ്റ്റാറിനെയാണ് പോസ്റ്ററിൽ കാണുന്നത്. കൈയിൽ കൂടം പോലുള്ള ആയുധവുമുണ്ട്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഉദയ് കൃഷ്ണയാണ് തിരക്കഥയൊരുക്കിയത്. മമ്മൂട്ടിയും പീറ്റർ ഹെയ്നും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.
ഇതോടൊപ്പം മമ്മൂട്ടി ആരാധകർക്കായി മറ്റൊരു സന്തോഷ വാർത്തയുമുണ്ട്. മിഷൻ 90 ഡേയ്സിനു ശേഷം മേജർ രവിയുമായി കൈകോർക്കുകയാണ് മമ്മൂട്ടി. ഇക്കുറി പട്ടാളചിത്രമല്ല ഒരുങ്ങുകയെന്നും അറിയുന്നു. ആക്ഷന് പ്രാധാന്യമുള്ള വിഷയമാണ് മേജർ രവി മമ്മൂട്ടിക്കായി ഒരുക്കുന്നത്. ഈ വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കും. നിലവിൽ നിവിൻ പോളിയെ നായകനാക്കി ലവ് സ്റ്റോറി എന്ന സിനിമ ഒരുക്കുകയാണ് മേജർ രവി.