തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ പരിപാടികളുമായി മൂന്ന് മുന്നണികളും കേരളത്തിൽ സജീവമായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തവണകളിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിന് വിപരീതമായി ഇത്തവണ സോഷ്യൽ മീഡിയയിലും കനത്ത പ്രചാരണമാണ് നടക്കുന്നത്. ഇതിനായി പ്രത്യേക വാർ റൂമുകളാണ് ഓരോ പാർട്ടിയും തയ്യാറായിരിക്കുന്നത്. ഇതിനൊപ്പം സോഷ്യൽ മീഡിയയിലെ ബി.ജെ.പിയുടെ അപ്രമാദിത്വം അവസാനിപ്പിക്കുന്നതിന് പ്രത്യേക സൈബർ പോരാളികളെ രംഗത്തിറക്കാനാണ് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും തീരുമാനം. ഇതിനായി താത്പര്യമുള്ള ആളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് കൊണ്ട് ഇരുപാർട്ടികളും പുറത്തിറക്കിയ പോസ്‌റ്ററുകളും ശ്രദ്ധേയമായി.
കോൺഗ്രസ്
ഡിജിറ്റൽ വിപ്ലവം രാജ്യത്തിന് സമർപ്പിച്ച ഞങ്ങളോടൊപ്പം സോഷ്യൽ മീഡിയ വോളണ്ടിയറാകാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചാണ് കോൺഗ്രസ് പാർട്ടി പോസ്‌റ്റർ പുറത്തിറക്കിയത്. കംപ്യൂട്ടറിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന ചിത്രവും ഇതിനോടൊപ്പം നൽകിയിരിക്കുന്നു. നിരവധി പേരാണ് പോസ്‌റ്ററിന് പിന്നാലെ സൈബർ വോളണ്ടിയർമാരാകാൻ താത്പര്യമറിയിച്ച് രംഗത്തെത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ എത്ര പേരാണ് ഇങ്ങനെ എത്തിയതെന്ന് വെളിപ്പെടുത്താൻ നേതൃത്വം തയ്യാറായില്ല.
സി.പി.എം
നമ്മളാണോ ഈ പോസ്‌റ്റ് ഉണ്ടാക്കിയതെന്ന് ചോദിച്ച് കൊണ്ട് സി.പി.എം കേരള ഔദ്യോഗിക ഫേസ്ബുക്ക് പേജ് പുറത്ത് വിട്ട പോസ്‌റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ 24 മണിക്കൂറിനകം തന്നെ ഒന്നാം ഘട്ട രജിസ്ട്രേഷൻ പൂർത്തിയായി എന്ന് കാണിച്ച് അറിയിപ്പ് വന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ 19,383 പേർ ഇതിനോടകം തന്നെ ഇതിൽ രജിസ്‌റ്റർ ചെയ്‌തുവെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. താത്പര്യം അറിയിച്ചവരെ പാർട്ടിയുടെ സോഷ്യൽ മീഡിയ ടീം ബന്ധപ്പെടുമെന്നും അറിയിപ്പിൽ പറയുന്നു. ഇതിന് പുറമെ എല്ലാ നിയോജക മണ്ഡലങ്ങളെയും ഉൾപ്പെടുത്തി വർഗ - യുവജന സംഘടനകളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഇതിനോടകം തന്നെ സി.പി.എം തുടങ്ങിയിട്ടുണ്ട്. ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ ഇടപെടേണ്ട വിഷയങ്ങളെക്കുറിച്ച് ഈ ഗ്രൂപ്പുകളിൽ വ്യക്തമായ നിർദ്ദേശം ലഭിക്കാറുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ബി.ജെ.പി
കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതൽ തന്നെ ഡിജിറ്റൽ രംഗത്ത് സജീവമായ ബി.ജെ.പി ഇത്തവണ പ്രത്യേക ആപ്പ് വഴിയാണ് പ്രചാരണം നടത്തുന്നത്. നമോ ആപ്പിലൂടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ബി.ജെ.പി തുടങ്ങിയിട്ടുണ്ട്. മോദി സർക്കാർ കൈവരിച്ച നേട്ടങ്ങളും മറ്റും ജനങ്ങളിലേക്കെത്തിക്കാൻ വിവിധ പേരുകളിൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകളും പ്രത്യേക സർവേകളും ബി.ജെ.പി നടത്തുന്നുണ്ട്. നമോ ആപ്പിലൂടെ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇത്തവണ തീപാറും
മൂന്ന് മുന്നണികളും ഗംഭീര വിജയത്തിന് വേണ്ടി കച്ചമുറുക്കി ഗോദയിൽ ഇറങ്ങുമ്പോൾ ഇത്തവ തിരഞ്ഞെടുപ്പ് രംഗത്ത് തീപാറുമെന്ന് ഉറപ്പ്. സ്ഥാനാർത്ഥി നിർണയം മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്‌ത് പരമാവധി യുവവോട്ടുകൾ ശേഖരിക്കാനാണ് മൂന്ന് മുന്നണികളുടെയും തീരുമാനം. ഒപ്പം എതിർപാർട്ടിക്കാർ നടത്തുന്ന പ്രചാരണത്തിന് മറുപടി പറയുകയെന്ന ലക്ഷ്യവും. എന്നാൽ വിജയത്തിന് വേണ്ടി ഏത് വഴിയും സ്വീകരിക്കുമെന്ന സ്ഥിതി എത്തുന്നതോടെ വ്യാജ വാർത്തകൾ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും സൈബർ രംഗത്തെ വിദഗ്‌ദ്ധർ വിലയിരുത്തുന്നു.