ദൃശ്യം, ക്വീൻ, സുഡാനി ഫ്രം നൈജീരിയ, കായംകുളം കൊച്ചുണ്ണി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ യുവതാരനിരയിലേക്കുയർന്നു വന്ന നടൻ അനീഷ് ജി. മേനോൻ വിവാഹിതനായി. ഇന്നലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ഐശ്വര്യാ രാജനാണ് വധു. ഫേസ്ബുക്ക് പേജിലൂടെയാണ് താൻ വിവാഹിതനാകുന്നു എന്ന വിവരം താരം ആരാധകരുമായി പങ്കുവച്ചത്.
വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഒരു നടൻ എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ളയാളാണ് താനെന്ന് അനീഷ് പല സന്ദർഭങ്ങളിലും തെളിയിച്ചിട്ടുണ്ട്. അയൽവാസിയുടെ ബാഗ് തട്ടിയെടുത്ത പിടിച്ചുപറി സംഘത്തെ സാഹസികമായി നേരിട്ടതും പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയതുമൊക്കെ അതിന് ചില ഉദാഹരണങ്ങൾ മാത്രം. ഒമർ ലുലു ചിത്രമായ ഒരു അഡാർ ലവുൾപ്പടെ നിരവധി സിനിമകളാണ് അനീഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.