kanhaiya-kumar

ന്യൂഡൽഹി: ജവഹർലാൽ നഹ്റു യൂണിവേഴ്സിറ്റി(ജെ.എൻ.യു)യിലെ മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട് കനയ്യകുമാർ ഉൾപ്പടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റപത്രം ഡൽഹി ഹൈക്കോടതി തള്ളി. ജെ.എൻ.യുവിൽ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതായി ആരോപിച്ച് 10 വിദ്യാർത്ഥികൾക്കെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രമാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. കനയ്യകുമാർ, ഉമർ ഖാലിദ് തുടങ്ങിയവരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഈ കുറ്റപത്രത്തിന് പൊലീസ് സർക്കാരിൽ അനുമതി വാങ്ങിയിരുന്നില്ല. ഇതു ചൂണ്ടികാട്ടിയാണ് കുറ്റപത്രം കോടതി നിരസിച്ചത്.

ഇക്കാര്യത്തിൽ പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അടുത്തമാസം ആറിന് കേസ് പരിഗണിക്കുന്നതിന് മുമ്പായി പ്രൊസിക്യൂഷൻ അനുമതി തേടിയിരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. രാജ്യദ്രോഹക്കേസുകളിൽ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷമേ കുറ്റപത്രം ഫയൽ ചെയ്യാവൂ എന്നാണ് ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ. എന്നാൽ, കുറ്റപത്രം ഫയൽ ചെ്യത ശേഷം കഴിഞ്ഞ തിങ്കളാഴ്ച മാത്രമാണ് ഡൽഹി പൊലീസ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്. സർക്കാർ ഇത് വരെ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടില്ല. പത്ത് ദിവസത്തിനകം അനുമതി വാങ്ങാമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

1200 പേജുള്ള കുറ്റപത്രത്തിൽ വിദ്യാർത്ഥികൾക്കെതിരെ തെളിവുണ്ടെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ജെ.എൻ.യുവിൽ അഫ്‌സൽ ഗുരു അനുസ്‌മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യകുമാർ, ഉമർ ഖാലിദ്, അനിർബന്‍ ഭട്ടാചാര്യ എന്നിവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്സൽ ഗുരു.