വാഷിംഗ്ടൺ: സോഷ്യൽ മീഡിയയിൽ വൈറലാകാൻ യുവതലമുറ എന്തുംചെയ്യും. അങ്ങനെചെയ്ത് കുരുക്കിൽ പെടുന്നവർ നിരവധിയാണ്. അമേരിക്കൻ സ്വദേശിയായ നിക്കോളേ നയ്ദേവ് എന്ന യുവാവിനാണ് ഏറ്റവുമൊടുവിൽ ഇങ്ങനെ പണികിട്ടിയത്.
ക്രൂയിസ് കപ്പലിന്റെ പതിനൊന്നാം നിലയിൽനിന്നുള്ളചാട്ടത്തിന്റെ വീഡിയോ റെക്കോഡ് ചെയ്ത് പുറത്തുവിട്ടതാണ് പ്രശ്നമായത്. യുവാവിനും വീഡിയോ പിടിക്കാൻ കൂടെ നിന്ന സുഹൃത്തുക്കൾക്കും കടലിൽ യാത്ര ചെയ്യുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ബഹാമാസ് തീരത്തുവച്ചാണ് റോയൽ കരീബിയൻ ക്രൂയിസ് കപ്പലിന്റെ പതിനൊന്നാം നിലയിൽ നിന്ന് നിക്കോളേ കടലിലേയ്ക്ക് ചാടിയത്.
ഇൻസ്റ്റാഗ്രാമിൽ വൈറലാകാൻ വേണ്ടിയായിരുന്നു യുവാവിന്റെ സാഹസികത. വീഡിയോ പുറത്തുവന്നതോടെ നിക്കോളേയെയും സുഹൃത്തുക്കളെയും കപ്പൽ അധികൃതർ തീരത്തെത്തിച്ചു. തുടർന്നാണ് ആജീവനാന്ത വിലക്കേർപ്പെടുത്തിയത്. കരഞ്ഞുകാലുപിടിച്ചെങ്കിലും വിലക്ക് പിൻവലിക്കാൻ തയ്യാറായില്ല.
സുഹൃത്തുക്കളെ രസിപ്പിക്കാൻ വേണ്ടിയാണ് മദ്യലഹരിയിൽ കടലിലേക്ക് ചാടിയതെന്നായിരുന്നു നിക്കോളേയുടെ പ്രതികരണം. പ്രതീക്ഷിച്ച പോലെ വീഡിയോ വൈറലായെങ്കിലും രൂക്ഷമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചെയ്തത് മണ്ടത്തരമായിപ്പോയെന്ന പ്രതികരണമാണ് കൂടുതലും. ഉയരമുള്ള സ്ഥലങ്ങളിൽ നിന്ന് നിക്കോളേ ഇതിന് മുമ്പ് പലതവണ ചാടിയിട്ടുണ്ടെന്നും ഇതിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു.