ഭോപ്പാൽ: അമിതമായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഭാര്യയിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. ഭാര്യയ്ക്ക് തനിക്കൊപ്പം ചെലവാക്കാൻ സമയമില്ലെന്നും ഉണർന്നിരിക്കുമ്പോഴെല്ലാം സ്മാർട്ട് ഫോണുപയോഗിച്ച് സെൽഫിയെടുക്കലാണ് പണിയെന്നുമാണ് യുവാവിന്റെ പരാതി. ഇങ്ങനെയുള്ള ഒരാളെ ഭാര്യയായി കരുതുന്നതിൽ അർത്ഥമില്ലെന്നും വിവാഹമോചനം വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. മദ്ധ്യപ്രദേശ് സ്വദേശിയാണ് പരാതിക്കാരൻ.
എന്നാൽ തനിക്ക് സ്മാർട്ട് ഫോണില്ലെന്നും കയ്യിലുള്ളത് സാധാരണ ഫോണാണെന്നുമാണ് ഭാര്യ കോടതിയിൽ പറഞ്ഞത്. വീട്ടുകാരുമായി പോലും സംസാരിക്കാൻ ഭർത്താവ് അനുവദിക്കാറില്ലെന്നും തടവുപുള്ളിയോടെന്നവണ്ണമാണ് പെരുമാറുന്നതെന്നും യുവതി കോടതിയെ അറിയിച്ചു. ഇത് പച്ചക്കള്ളമാണെന്നും വിവാഹം കഴിഞ്ഞതുമുതൽ ഭാര്യ ഇരുപത്തിനാല് മണിക്കൂറും ഫോണിൽ തന്നെയാണെന്നാണ് യുവാവ് പറയുന്നത്.സെൽഫി ആസക്തിയാണ് ഭാര്യയ്ക്കെന്നും ഇയാൾ ആരോപിക്കുന്നു.
ഫോണിൽ സമയം ചെലവിടുമ്പോൾ തനിക്ക് ഭക്ഷണം നൽകാൻ പോലും മറക്കുന്നുവെന്നും യുവാവ് പറഞ്ഞു. ഇരുവരെയും തിരികെ നല്ലൊരു ദാമ്പത്യത്തിനായി പ്രാപ്തരാക്കുന്നതിനു വേണ്ടി കൗൺസിലിംഗ് നൽകാൻ കോടതി ഉത്തരവിട്ടു.കഴിഞ്ഞ വർഷം ഏപ്രിലിൽ അമിതമായി ഫോൺ ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വഴക്കുകാരണംഗുരുഗ്രാം സ്വദേശി ഭാര്യയെ കൊലപ്പെടുത്തിയിരുന്നു.