gold

കൊച്ചി: സംസ്ഥാനത്ത് തഴച്ചുവളരുന്ന സമാന്തര സ്വർണ വിപണിക്കെതിരെ നടപടിയെടുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കുലുക്കമില്ലാത്ത സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റീട്ടെയിൽ സ്വർണ വ്യാപാരികൾ മൊത്തക്കച്ചവടത്തിന് ഒരുങ്ങുന്നു. കേരളത്തിന്റെ സ്വർണാഭരണ നിർമ്മാണ ഹബ്ബായ തൃശൂർ കേന്ദ്രീകരിച്ചാണ് സ്വർണാഭരണ നിർമ്മാതാക്കളും മൊത്തക്കച്ചവടക്കാരും ചേർന്ന് 'അനധികൃത റീട്ടെയിൽ കച്ചവടം" നടത്തുന്നത്. ഇത്തരം സമാന്തര റീട്ടെയിൽ വിപണിക്ക് കടിഞ്ഞാണിടുകയാണ് മൊത്ത വ്യാപാരത്തിലേക്ക് കടക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറർ എസ്. അബ്‌ദുൾ നാസർ 'കേരളകൗമുദി"യോട് പറഞ്ഞു.

വ്യവസായ വകുപ്പിൽ നിന്നു മാത്രം ലഭിച്ച ലൈസൻസ് ഉപയോഗിച്ച് സ്വർണാഭരണ നിർമ്മാണവും മൊത്ത വ്യാപാരവും നടത്തുന്നവരാണ് ഇടനിലക്കാർ മുഖേന അനധികൃത കച്ചവടവും നടത്തുന്നത്. നിയമാനുസൃതം റീട്ടെയിൽ വ്യാപാരം നടത്തുന്നവർക്ക് ലഭിക്കേണ്ട കച്ചവടത്തിന്റെ 20-25 ശതമാനം വരെ ഇവർ തട്ടിയെടുക്കുകയാണ്. ഇതുവഴി സംസ്ഥാന സർക്കാരിന് പ്രതിവർഷം 120 കോടിയോളം രൂപ നികുതിയിനത്തിൽ നഷ്‌ടപ്പെടുന്നുമുണ്ട്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്രതികരണമില്ലാത്ത പശ്‌ചാത്തലത്തിലാണ് മൊത്ത വ്യാപാരത്തിലേക്കും കടക്കണമെന്ന തീരുമാനം അസോസിയേഷൻ കൈക്കൊണ്ടത്.

2018ന്റെ തുടക്കത്തിൽ തന്നെ മൊത്ത വ്യാപാരം തുടങ്ങാനുള്ള നടപടികൾക്ക് തുടക്കമായിരുന്നു. എന്നാൽ, സമാന്തര വിപണിക്കെതിരെ സർക്കാർ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിന്മേൽ തീരുമാനം നടപ്പാക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. തുടർന്നും നിവേദനങ്ങൾ നൽകിയിട്ടും നടപടിയില്ലാത്ത പശ്‌ചാത്തലത്തിലാണ് മൊത്ത വ്യാപാരം അതിവേഗം തുടങ്ങണമെന്ന തീരുമാനത്തിലേക്ക് റീട്ടെയിൽ വ്യാപാരികൾ വീണ്ടുമെത്തിയത്.

തൃശൂരിൽ തന്നെയാകും പദ്ധതിക്ക് തുടക്കമിടുക. ഇതിനായി സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ജി.എസ്.ടി പ്രകാരം ഒരുവർഷം 40,​000 കോടിയോളം രൂപയുടെ സ്വർണ വ്യാപാരമാണ് നിയമാനുസൃതം നടക്കുന്നത്. ഇതുവഴി സർക്കാരിന് 600 കോടി രൂപയുടെ നികുതി വരുമാനവും ലഭിക്കുന്നുണ്ട്. സ്വർണാഭരണ നിർമ്മാതാക്കളും മൊത്തക്കച്ചവടക്കാരും നടത്തുന്ന റീട്ടെയിൽ കച്ചവടം കൂടി നികുതിയുടെ ചട്ടക്കൂടിലാക്കിയാൽ, വരുമാനത്തിൽ മികച്ച വർദ്ധന നേടാൻ സർക്കാരിന് കഴിയും.

എൽ.എൽ.പിയായി തുടക്കം

ജി.എസ്.ടി., ഹോൾമാർക്കിംഗ് ലൈസൻസുകൾ നേടുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി ലിമിറ്റഡ് ലയബിലിറ്റി പാർട്‌ണർഷിപ്പ് (എൽ.എൽ.പി) ആയിട്ടാകും സഹകരണ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ റീട്ടെയിൽ സ്വർണ വ്യാപാരികൾ മൊത്ത വ്യാപാരത്തിനും തുടക്കമിടുക. കുറഞ്ഞത് 100 കിലോഗ്രാം സ്വർണം അടിസ്ഥാന 'സ്‌‌റ്രോക്ക്" ആയി സംഭരിച്ചായിരിക്കും തുടക്കം. ഇതിനായി സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ കുറഞ്ഞത് 500 ഗ്രാം വീതം സ്വർണം ഷെയറായി നൽകും. നിലവിൽ മൊത്തക്കച്ചവടം നടത്തുന്നവരേക്കാൾ കുറഞ്ഞ നിരക്കിലായിരിക്കും വില്‌പന.

₹600 കോടി നികുതി


വാണിജ്യ നികുതി വകുപ്പിന്റെ രജിസ്‌ട്രേഷനുള്ള 7,000ത്തോളം സ്വർണക്കടകൾ സംസ്ഥാനത്തുണ്ട്. ഇവർ പ്രതിവർഷം 600 കോടിയോളം രൂപ നികുതിയും നൽകുന്നു. ഇവർക്ക് ലഭിക്കേണ്ട കച്ചവടത്തിന്റെ പങ്കാണ് അനധികൃത കച്ചവടക്കാർ തട്ടിയെടുക്കുന്നത്.

''സ്വർണാഭരണ നിർമ്മാതാക്കളും ഹോൾസെയിലർമാരും റീട്ടെയിൽ വ്യാപാരിക്കൾക്കാണ് സ്വർണാഭരണം വില്‌ക്കേണ്ടത്. അതിനുപകരം ഉപഭോക്താൾക്ക് നേരിട്ട് കൊടുക്കുന്നത് നീതികേടാണ്. നികുതി വെട്ടിച്ചുള്ള ഇത്തരം വ്യാപാരത്തെയാണ് അസോസിയോഷൻ എതിർക്കുന്നത്. എല്ലാവിധ ലൈസൻസും നേടി നിയമാനുസൃതം വ്യാപാരം ചെയ്യുന്നരെയാണ് ഇവർ ദ്രോഹിക്കുന്നത്"",

എസ്. അബ്‌ദുൾ നാസർ,

ട്രഷറർ, എ.കെ.ജി.എസ്.എം.എ