ബ്രസീലിയ: ഇപ്പോൾ വയസ് ഇരുപത്താറായി. മുപ്പത്തഞ്ചാകുംമുമ്പ് അമേരിക്കൻ നടിയായ കിം കർദിഷിയാനെപ്പോലാകണം. ബ്രസീലിയൻ മോഡലായ ജെന്നിഫർ പാംലോണയുടെ ഒരേ ഒരു ആഗ്രഹമാണിത്.അതിനായുള്ള കഠിന പരിശ്രമത്തിലാണ് അവരിപ്പോൾ. വർഷങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായി കിമ്മിന്റെ വിദൂര ഛായവന്നിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് തൃപ്തിയാകാൻ ജെന്നിഫർ ഒരുക്കമല്ല.മൂന്നരക്കോടിരൂപയിലേറെയാണ് ഡ്യൂപ്ളിക്കേറ്റ് കിമ്മാവാൻ ഇതുവരെ ചെലവാക്കിയത്.
നിരവധി സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് വിധേയയായാണ് ഇപ്പോഴത്തെ രൂപത്തിലായത്. ഒരാഴ്ചയ്ക്കുള്ളിൽ ഒമ്പതുശസ്ത്രക്രിയകൾക്ക് വരെ വിധേയയായിട്ടുണ്ട്.ചുണ്ട്, മൂക്ക്, മാറിടങ്ങൾ, നിതംബം, വയറ് തുടങ്ങിയിടങ്ങളിലാണ് കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയത്. ശസ്ത്രക്രിയക്ക് വിധേയാവുക എന്നതാണ് ഇപ്പോഴത്തെ ഹോബി.
മോഡലിംഗിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ഉണ്ണാനും ഉടുക്കാനുമുള്ളത് എടുത്തശേഷം ബാക്കിയെല്ലാം ഡോക്ടർമാർക്ക് കൊടുക്കുകയാണ്.
കിമ്മിനോടുള്ള ആരാധന ചെറുപ്പം മുതൽ തുടങ്ങിയതാണ്. അന്ന് കിം ഇത്രയും പോപ്പുലറല്ല. പതിനേഴാം വയസിൽ മാറിടങ്ങളിലാണ് ആദ്യശസ്ത്രക്രിയ നടത്തിയത്. പിന്നങ്ങോട്ട് ശസ്ത്രക്രിയകളുടെ പൂരമായിരുന്നു.
ഇതിനൊപ്പം വിലകൂടിയ ക്രീമുകളും മരുന്നുകളും ഉപയോഗിച്ചു. പലരും പലതും പറയുന്നുണ്ടെങ്കിലും ചികിത്സകളിൽ താൻ തൃപ്തയാണെന്നാണ് ജെന്നിഫർ പറയുന്നത്. എന്നാൽ ഇനിയും ശസ്ത്രക്രിയകൾക്ക് വിധേയയാവുന്നത് പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.