ശിവദാസൻ മുഖ്യമന്ത്രി വേലായുധൻ മാസ്റ്ററെ തുറിച്ചുനോക്കി.
അയാൾ കുടുകുടെ വിയർത്തൊഴുകുന്നു.
'എന്തുപറ്റി സർ."
ശിവദാസൻ ചോദിച്ചു.
വിവശനായി മാസ്റ്റർ കിടക്കയിൽ ഇരുന്നു.
പിന്നെ ഫോണിനുനേർക്ക് കൈ ചൂണ്ടി.
''വാട്സ് ആപ്പിൽ അവനൊരു പടം അയച്ചിട്ടുണ്ടുപോലും... രാഹുൽ"
ശിവദാസൻ സംശയത്തോട് ചെന്ന് ഫോൺ എടുത്തു.
വാട്സ് ആപ്പിൽ വന്ന ചിത്രം എടുത്തുനോക്കി.
''സാർ."
നിലവിളിപോലെയായിരുന്നു ശിവദാസന്റെ ശബ്ദം.
''ഇതൊന്ന് നോക്കിയേ.."
അയാൾ ഫോണിന്റെ സ്ക്രീൻ മുഖ്യമന്ത്രിയുടെ മുഖത്തിനു നേരെപിടിച്ചു.
വെട്ടിവിറച്ചുപോയി മാസ്റ്റർ.
കട്ടിലിന്റെ കാലുകൾക്കടിയിൽ കൈപ്പത്തികൾ അമർത്തിവച്ചുകിടക്കുന്ന പഴവങ്ങാടി ചന്ദ്രൻ!
മാസ്റ്റർ തിരിഞ്ഞു ശിവദാസനെ വീണ്ടുംനോക്കി.
''പോയല്ലോടാ. ... അവൻ ഭേദ്യം ചെയ്തും കൊത്തിനുറുക്കിയും നമ്മളെക്കുറിച്ചുള്ള മുഴുവൻ സത്യങ്ങളും ചന്ദ്രന്റെ നാവിൽനിന്നും ഛർദ്ദിപ്പിക്കുമല്ലോ. അതോടെ മുഖ്യമന്ത്രികസേരയും . ഇൗ അനുഭവിച്ചുവരുന്ന സുഖസൗഭാഗ്യങ്ങളും എല്ലാം തകർന്നടിഞ്ഞ് മണ്ണോടുമണ്ണാകുമല്ലോ. എന്റെ കുടുംബം അതും എനിക്ക് നഷ്ടമാകുമല്ലോ. എനിക്കൊരു ജാരസന്തതിയുണ്ട് എന്നുള്ളത് ദേവകി പലവട്ടം ചോദിച്ചപ്പഴും ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ആ ഒരു സത്യം തീപ്പൊരിപോലെ അവളുടെ മനസിൽ പാറിവീണാൽ മതി സകലതും ഭസ്മം ആകുവാൻ..."
ശിവദാസൻ ഒരു നിമിഷം നിശബ്ദനായിനിന്നു. പിന്നെ ജനാലയ്ക്കലേക്കുപോയി.
ഹൗവ്വാബീച്ചിൽ അപ്പോഴും അർദ്ധനഗ്നരായ വിദേശികൾ മലർന്നും കമിഴ്ന്നുംകിടന്നു അകവും പുറവുമെല്ലാം വെയിൽ കായുകയായിരുന്നു.
മിന്നൽപോലൊരു ചിന്ത പെട്ടെന്ന് ശിവദാസനിൽ ഉണ്ടായി.
അയാൾ വെട്ടിത്തിരിഞ്ഞു.
''സാർ.. ഒരുവനെ പൂട്ടാനും പൂട്ടിക്കാനും നമ്മെപ്പോലെ അറിയാവുന്നവർ എത്രപേരുണ്ട്. കേരള രാഷ്ട്രീയത്തിൽ ദാ... ആ, കിടക്കുന്ന മദാമ്മമാരിൽ ഒരുവളെക്കൊണ്ട് ഞാൻ പൂട്ടിക്കും. അവനെ.. രാഹുലിനെ. അവന്റെ അപ്പന്റെ കൂടെയുള്ള ഇരുപതോ, ഇരുപത്തിരണ്ടോ എം.എൽ.എമാർ വാലുംചുരുട്ടി ഒാടുന്നത് ഞാൻ കാണിച്ചുതരാം. സ്ത്രീപീഡനം മീ ടു, കോപ്പെ കൊലോട്ടെ എന്നും പറഞ്ഞ് ഒരു വാർത്ത വന്നാൽ അവനൊന്നും പിന്നെ തലപൊക്കത്തില്ല!
പുതിയൊരു ആർജവം ലഭ്യമായതുപോലെ മുഖ്യമന്ത്രി വേലായുധൻ മാസ്റ്റർ ചാടിയെണീറ്റു.
ശിവദാസനെ തന്നിലേക്ക് ചേർത്തമർത്തി.
''നീയെന്റെ പി.എ മാത്രമല്ല, എന്റെ രക്ഷകൻ... എന്റെ ദൈവം എല്ലാമാണ്. നീ പറഞ്ഞാൽ ഇൗ മുഖ്യമന്ത്രികസേര നിനക്ക് ഞാൻ തരും!
ശിവദാസൻ ഗൂഡമായി ഒന്ന് മന്ദഹസിച്ചു.
''ആർക്ക് വേണം സാർ ഇൗ മുഖ്യമന്ത്രികസേര. എനിക്കെന്നും അങ്ങയുടെ ഒരു ഭൃത്യനായി കഴിഞ്ഞാൽ മതി."
ശിവദാസന്റെ കണ്ണുകൾ കുറുകി. അയാൾ പറഞ്ഞു.
''സർ... മുഖ്യമന്ത്രിപദവും ആഭ്യന്തരവും ഒന്നിച്ച് കൈകാര്യം ചെയ്യുന്ന സാർ ഉടൻ വിളിക്കണം ഡി.ജി.പിയെ. എന്നിട്ട് രാഹുലിന്റെ മാത്രമല്ല അവന്റെ അപ്പൻ മുൻ ആഭ്യന്തരമന്ത്രി രാജസേനന്റെ കിടപ്പറയും അടുക്കളയും മാത്രമല്ല, ഭൂമി മുഴുവൻ ഉഴുതുമറിച്ചിട്ടായാലും പഴവങ്ങാടി ചന്ദ്രനെ കണ്ടുപിടിക്കാൻ പറ. കേരള പൊലീസ് കണ്ടുപിടിച്ചിരിക്കും"
പിന്നെ ശിവദാസൻ ഡി.ജി.പിയുടെ നമ്പർ കുത്തി ഫോൺ മാസ്റ്റർക്ക് നീട്ടി. മാസ്റ്റർ അത് വാങ്ങി.
* * *
മെഡിക്കൽ കോളേജ്.
അച്ഛന്റെ അരികിൽ പോയിട്ട് രാഹുൽ റൂമിലെത്തി.
ഫോണെടുത്ത് മുഖ്യമന്ത്രി വേലായുധൻ മാസ്റ്ററെ വിളിച്ചു.
അപ്പുറത്ത് കോൾ അറ്റന്റ് ചെയ്തു.
''എന്താ രാഹുലേ..."
മാസ്റ്ററുടെ ശബ്ദം ഫോണിൽ കേട്ടു.
''ഞാനയച്ച ഫോട്ടോ കിട്ടിയല്ലോ.... അവനെ ഇടിച്ച് പതംവരുത്തി ഒരു സ്പോഞ്ച് പോലെ ഞാൻ പിഴിഞ്ഞുകഴിഞ്ഞു. എന്നിട്ട് നിങ്ങളുടെ കാൽപ്പാദത്തിനടിയിലെ മണൽത്തരികൾക്കടിയിൽ പൂഴ്ത്തിവച്ചിരിക്കുകയാണ് ഞാൻ. എന്ത് നാറിയ കളികൾക്കും നിങ്ങൾ മുതിരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. പക്ഷേ മാസ്റ്ററേ.... നിങ്ങൾടെ പോലീസ് അരയും തലയും മുറുക്കിയിറങ്ങിയാലും ചന്ദ്രനെ കണ്ടെത്താൻ പറ്റത്തില്ല. അതുകൊണ്ട് ഇനി നമ്മൾതമ്മിൽ ഒരേയൊരു മുഖാമുഖം നാളെ കൃത്യം ഇൗസമയത്ത് . നിങ്ങൾ ഡൽഹിയിൽ പോയിട്ടില്ല കോവളത്തെ ഹോട്ടലിലുണ്ടെന്ന് എനിക്ക് വളരെ കൃത്യമായിട്ടറിയാം. ഞാൻ വരും. അപ്പോൾ എന്നെ തന്റെ പോലീസിനെക്കൊണ്ട് മൂക്കിൽകേറ്റാമെന്നൊന്നും വിചാരിച്ചേക്കല്ലേ. അങ്ങനെ ചെയ്താൽ താൻ നാറും. കാരണം ഞാൻ മാത്രമല്ല വരുന്നത്. എന്റെ പുറകെ ഇൗ തലസ്ഥാനത്തെ മുഴുവൻ മീഡിയക്കാരുമുണ്ടാവും. താൻ നാറും.തന്നെ ഞാൻ നാറ്റിക്കും. പ്രാണൻ ഭിക്ഷയായി തരണേയെന്ന് താനെന്റെ കാല് പിടിച്ച് യാചിക്കും.
അപ്പുറത്തെ നടുക്കം ഫോണിലൂടെ തിരിച്ചറിഞ്ഞു രാഹുൽ. അവന്റെ ചുണ്ടിൽ ക്രൂരമായൊരു ചിരിയുണ്ടായി.
(തുടരും)