പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ചില രൂപങ്ങളും ആകൃതികളുമൊക്കെ മനുഷ്യരിൽ ആകാംക്ഷയും ആശങ്കയും ഉണ്ടാക്കാറുണ്ട്.
ഇത്തരത്തിൽ അമേരിക്കയിലെ വെസ്റ്റ് ബ്രൂക്കിലുള്ള പ്രെസ്യൂമ്സ്കോട്ട് എന്ന നദിയിൽ പ്രത്യക്ഷപ്പെട്ട വൃത്താകൃതിയിലുള്ള അപൂർവ പ്രതിഭാസമാണ് ഇപ്പോൾ ഗവേഷകർക്കിടയിൽ ചർച്ച. നദിയിൽ മഞ്ഞു കൊണ്ടു രൂപപ്പെട്ട ഈ വൃത്തം, ചക്രം പോലെ കറങ്ങുകയും ചെയ്യുന്നുണ്ട്. അന്യഗ്രഹജീവിയാണെന്നും പറക്കുംതളികയാണെന്നുമൊക്കെയായിരുന്നു വിവിധ അഭിപ്രായങ്ങൾ. എന്നാലിപ്പോൾ വിശദീകരണവുമായി ഗവേഷകർ തന്നെയെത്തിയിട്ടുണ്ട്.
തീരെ കനം കുറഞ്ഞ ഒരു മഞ്ഞു പാളിയാണ് നദിയിൽ രൂപപ്പെട്ടത്. ഡിസ്കിനോട് സാമ്യമുള്ള രൂപമായതിനാൽ ഐസ് ഡിസ്ക് എന്നതാണ് ഈ പ്രതിഭാസത്തിനു നൽകിയിരിക്കുന്ന പേര്. ഇത് അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. സാധാരണ ഗതിയിൽ ധ്രുവപ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന അലാസ്കയിലും സൈബീരിയയിലും നദികളിൽ ശൈത്യകാലത്തിന്റെഅവസാനത്തിലാണ് ഇവ രൂപപ്പെടുക.
90 മീറ്റർ വിസ്തൃതിയാണ് വെസ്റ്റ് ബ്രൂക്കിൽ രൂപപ്പെട്ട ഈ മഞ്ഞുചക്രത്തിനുണ്ടായിരുന്നത്. സാധാരണ കാണപ്പെടുന്ന ഐസ് ഡിസ്ക്കുകളേക്കാൾ ഇതിനു വലുപ്പവും കൂടുതലുണ്ടെന്ന് ഗവേഷകർ പറയുന്നു. ഒരുപക്ഷേ, ലോകത്ത് ഇതേവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ഐസ് ഡിസ്ക് ആയേക്കാം ഇതെന്നും അഭിപ്രായമുണ്ട്. 19-ാം നൂറ്റാണ്ടിലാണ് ആദ്യമായി ഐസ് ഡിസ്ക് കണ്ടെത്തിയതായി റിപ്പോർട്ടു ചെയ്യപ്പെടുന്നത്. അന്ന് റൗണ്ട് ഐസ് കേക്ക് എന്നാണ് ഈ പ്രതിഭാസത്തെ ഗവേഷകർ വിളിച്ചിരുന്നത്.