കോട്ടയം: പീഡനശ്രമം എതിർത്ത പതിനഞ്ചുകാരിയെ കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചിട്ട കേസിൽ ടിപ്പർ ഡ്രൈവറെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
അയർകുന്നം മാലം സ്വദേശിയായ ടിപ്പർ ഡ്രൈവർ അജേഷിനെയാണ് പൊലീസി പിടികൂടിയത്. മൊബൈലിലൂടെ സൗഹൃദത്തിലായ പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മൂന്ന് ദിവസമായി പൊലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിൽ സംശയം തോന്നിയതിനെ തുടർന്നാണ് യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്സ് കമ്പനിയിലാണു പെൺകുട്ടിയുടെ മൃതദേഹം ഇയാൾ കുഴിച്ചിട്ടത്. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയും ചെയ‌്തു.
മൊബൈൽ ഫോൺ വഴി പരിചയത്തിലായ പെൺകുട്ടിയെ വ്യാഴാഴ്‌ചയാണ് പ്രതി അനുനയിപ്പിച്ച് ലോറിയിൽ കയറ്റിക്കൊണ്ട് പോയത്. ഹോളോബ്രിക്സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കമ്പനിക്ക് പിന്നിലെ വാഴത്തോപ്പിൽ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടി. വെള്ളിയാഴ്ച പതിവു പോലെ അജേഷ് ലോറി ഓടിക്കാനും പോയി. അന്നേ ദിവസം തന്നെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി. തുടർന്ന് ഫോൺ രേഖകൾ പരിശോധിച്ച പൊലീസിന് അജേഷുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് മനസിലായി. തുടർന്ന് ഇയാളെ കസ്‌റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചില്ല. എന്നാൽ ഉച്ചയോടെ നടന്നതെല്ലാം ഇയാൾ സമ്മതിക്കുകയും പെൺകുട്ടിയെ കുഴിച്ചിട്ട സ്ഥലം കാണിച്ച് കൊടുക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് വൻ ജനക്കൂട്ടവും സ്ഥലത്ത് തടിച്ച് കൂടിയിരുന്നു.