ആയുധ നിർമ്മാണശാല രാജ്യത്തിന് സമർപ്പിച്ചു
അഹമ്മദാബാദ്: ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ പീരങ്കികളും ടാങ്കുകളും നിർമ്മിക്കുന്ന ആദ്യ സംരംഭമായ എൽ ആൻഡ് ടി ആർമേഡ് സിസ്റ്റംസ് കോംപ്ലക്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാഷ്‌ട്രത്തിന് സമർപ്പിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ കമ്പനി നിർമ്മിച്ച ‘കെ 9 വജ്ര’ പീരങ്കിയിൽ മോദി യാത്രചെയ്തു.
ഗുജറാത്ത് സർക്കാരിന്റെ ‘വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2019’ന്റെ ഭാഗമായാണ് ലാർസൻ ആൻഡ് ടുബ്രോ (എൽ ആൻഡ് ടി) കമ്പനിയുടെ ആയുധ നിർമ്മാണ ശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത്. ഗുജറാത്തിലെ ഹസീരയിലെ പ്ലാന്റിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
പ്രതിരോധ രംഗത്ത് ‘മേക്ക് ഇൻ ഇന്ത്യ’ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിൽ സ്വകാര്യ മേഖലയുടെ സംഭാവന വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി 100 ടാങ്കുകൾ കമ്പനി നിർമ്മിക്കും.
ഉച്ചകോടിയുടെ ഭാഗമായി നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു. ശാസ്ത്ര–സാങ്കേതിക വികസനം ലക്ഷ്യമിടുന്ന ‘വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി’ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആവിഷ്‌കരിച്ച പദ്ധതിയാണ്.
ആർമേഡ് സിസ്റ്റംസ് കോംപ്ലക്സ്
ഗുജറാത്തിലെ സൂററ്റിന് സമീപം ഹസീരയിൽ
പീരങ്കി നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സംരംഭം
നിർമ്മിക്കുന്നത് കെ 9 വജ്ര - ടി 155 എം.എം പീരങ്കി
4500 കോടിയുടെ കരാർ നൽകിയത് 2017ൽ
42 മാസങ്ങൾക്കുള്ളിൽ 100 പീരങ്കികൾ നിർമ്മിക്കും
ദക്ഷിണ കൊറിയൻ കമ്പനി ഹാൻവ കോർപറേഷൻ സാങ്കേതിക വിദ്യ കൈമാറി
ഭാവിയിൽ മെയിൻ ബാറ്റിൽ ടാങ്കുകൾ നിർമ്മിക്കും