sndp

ചേർത്തല: ചാതുർവർണ്യ വ്യവസ്ഥ പുനഃസ്ഥാപിക്കാൻ ആസൂത്രിത നീക്കം നടക്കുന്ന സാഹചര്യത്തിൽ നവോത്ഥാന മൂല്യസംരക്ഷണ പ്രവർത്തനം സർക്കാരിന്റെ നേതൃത്വത്തിൽ തുടരണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം 715-ാം നമ്പർ ശാഖയിലെ ചേർത്തല ടൗൺ വിജ്ഞാന സന്ദായിനി മഹാവിഷ്ണു ക്ഷേത്രത്തിൽ നിർമ്മിച്ച ഗുരുദേവ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെപ്പോലും ജാതിയുടെ പേരിൽ ആക്ഷേപിക്കുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. ഭൂരിഭാഗം വരുന്ന പിന്നാക്കക്കാരനെ എല്ലാ മേഖലകളിലും നിന്ന് പടിക്ക് പുറത്താക്കുന്ന നടപടിയാണ് സാമ്പത്തിക സംവരണം. 82 ശതമാനം വരുന്ന പിന്നാക്കക്കാരെ പൂർണമായി തഴഞ്ഞാണ് 18 ശതമാനം വരുന്ന മുന്നാക്കക്കാർക്കായി സംവരണം ഏർപ്പെടുത്തിയത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെ ഉദ്ധരിക്കുകയെന്ന സംവരണ ലക്ഷ്യം അട്ടിമറിക്കപ്പെട്ടു. ആറു ദിവസം കൊണ്ട് ബില്ല് പാസാക്കിയ ചരിത്രം ഇന്ത്യയിലുണ്ടായിട്ടില്ല.

മണ്ഡൽ കമ്മിഷൻ ശുപാർശ നടപ്പാക്കി രണ്ടരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും 27 ശതമാനം ഒ.ബി.സി സംവരണം ഒരു വകുപ്പിലും ഉറപ്പാക്കിയിട്ടില്ല. 24 മന്ത്രാലയങ്ങളിലെ ഗ്രൂപ്പ് എ ഉദ്യോഗസ്ഥരിൽ പിന്നാക്ക പ്രാതിനിദ്ധ്യം 17 ശതമാനം മാത്രമാണ്. ഗ്രൂപ്പ് ബിയിലും ഡിയിലും 11 ശതമാനമാണ് പിന്നാക്ക പ്രാതിനിദ്ധ്യം. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലായി പിന്നാക്ക വിഭാഗങ്ങൾക്കുള്ള 11,797 ഒഴിവുകൾ ഇപ്പോഴും നികത്താനുണ്ട്. പിന്നാക്കക്കാരന്റെ വോട്ടിന് വിലയില്ലാത്ത അവസ്ഥയാണ്.

സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും.

കേരളത്തിൽ പിന്നാക്ക മുഖ്യമന്ത്രിമാരെയെല്ലാം ജാത്യാധിക്ഷേപം നടത്തിയ ചരിത്രമാണുള്ളത്. ആർ.ശങ്കർ, വി.എസ്, പിണറായി എന്നിവർ ഇത്തരത്തിൽ അധിക്ഷേപത്തിന് ഇരയായി. ജാതി കളിച്ച് അധികാരസ്ഥാനം കൈക്കലാക്കിയ രമേശ് ചെന്നിത്തല വനിതാമതിലിനെ ജാതിമതിലെന്ന് ആക്ഷേപിച്ചത് വിചിത്രമായി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വിരട്ടി ഭൂരിപക്ഷ സമുദായത്തിന്റെ അക്കൗണ്ടിൽ എൻ.എസ്.എസിനെ ഉപയോഗിച്ച് താക്കോൽ സ്ഥാനം കൈക്കലാക്കിയയാളാണ് ചെന്നിത്തല. ഇത്തരക്കാർ വിഷം തുപ്പുന്ന ജാതി പാമ്പുകളാണെന്ന് പറഞ്ഞാൽ ആർക്കാണ് എതിർക്കാനാവുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശാഖാ പ്രസിഡന്റ് വി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ചേർത്തല യൂണിയൻ കൺവീനർ കെ.കെ.മഹേശൻ ക്ഷേത്ര സമർപ്പണ സന്ദേശം നൽകി. യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തി.