united-india-rally
യുണൈറ്റഡ് ഇന്ത്യാ റാലിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംസാരിക്കുന്നു

കൊൽക്കത്ത: മോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ഈ ഭരണം ഇല്ലാതാക്കാൻ രാജ്യത്തെ ജനങ്ങൾ ഉണരണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും തിരുത്തുകയാണ് മോദി ചെയ്‌തത്. രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നാണ് മോദിയും കൂട്ടരും പറഞ്ഞത്. എന്നാൽ രാജ്യത്ത് രണ്ട് കോടി പേർക്ക് തൊഴിൽ നഷ്‌ടമായെന്നും കൊൽക്കത്തയിൽ നടന്ന മഹാഗഡ്ബന്ധൻ റാലിയിൽ സംസാരിക്കുമ്പോൾ മമത പറഞ്ഞു.

അച്ഛേദിൻ കൊണ്ടുവരുമെന്ന് അധികാരത്തിൽ കയറുമ്പോൾ മോദി പറഞ്ഞത്. രാജ്യത്തെ ജനങ്ങൾ ഇതിനായി നിരവധി അവസരങ്ങൾ നൽകി. എന്നാൽ മോദി സർ‌ക്കാരിന് തങ്ങളുടെ വാഗ്‌ദ്ധാനങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല. ഇനി എന്തൊക്കെ മധുര വാഗ്‌ദ്ധാനങ്ങൾ നൽകിയാലും മോദിക്കും കൂട്ടർക്കും അച്ഛേദിൻ വരാൻ പോകുന്നില്ലെന്നും മമത പറഞ്ഞു. പുതിയൊരു രാജ്യത്തെ സൃഷ്​ടിക്കുന്നതിനായാണ്​ തങ്ങളുടെ ശ്രമം. സി.ബി.ഐ, എൻഫോഴ്​സ്​മെന്റ്​ ഡയറക്​ടറേറ്റ്​ തുടങ്ങി രാജ്യത്തെ ഏജൻസികളെയെല്ലാം മോദി സർക്കാർ തകർത്തു. മഹാഗഡ്​ബന്ധനിലെ നേതാവാരാണെന്നാണ്​ ഇപ്പോൾ ബി.ജെ.പി ചോദിക്കുന്നത്​. ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരും നേതാവാണെന്നും മമത പറഞ്ഞു.

അതേസമയം, മമതാ ബാനർജി വിളിച്ച് ചേർത്ത യുണൈറ്റഡ് ഇന്ത്യാ റാലി മോദി സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പടയൊരുക്കമായി മാറി. ഏതാണ്ട് 15ഓളം പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാർ ചടങ്ങിൽ പങ്കെടുത്തിരുന്നു. അടുത്തയിടെ മമതയ്ക്കൊപ്പം ചേർന്ന സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെ അദ്ധ്യക്ഷൻ സ്റ്റാലിൻ, മുൻ ബി.ജെ.പി നേതാവ് അരുൺ ഷൂറി, എൽ.ജെ.ഡി നേതാവ് ശരത് യാദവ്, എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ, വിമത ബി.ജെ.പി നേതാവ് ശത്രുഘ്‌നൻ സിൻഹ തുടങ്ങി നിരവധി നേതാക്കന്മാർ ചടങ്ങിനെത്തി. റാഫേൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മൗനം തെറ്റാണെന്ന് ശത്രുഘ്‌നൻ സിൻഹ പറഞ്ഞു. കരാറിനെക്കുറിച്ച് ചില ചോദ്യങ്ങൾ മാത്രമാണ് പ്രതിപക്ഷം ചോദിക്കുന്നത്. അതിന് ഉത്തരം പറയാൻ മോദി തയ്യാറായില്ലെങ്കിൽ ജനങ്ങൾ അദ്ദേഹത്തെ കള്ളൻ എന്ന് വിളിക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിനെ താൻ ഭയക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.