bs-yeddyurappa

ബംഗളൂരു : നിയമസഭാ കക്ഷിയോഗത്തിൽനിന്ന് ചില കോൺഗ്രസ് എം.എൽ.എമാർ വിട്ടുനിന്നതും കോൺഗ്രസും സഖ്യകക്ഷികളും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസവും വരുംദിവസങ്ങളിൽ 'അഗ്നിപർവ്വതം പൊട്ടിത്തെറിച്ചേക്കാമെന്നതിന്റെ' സൂചനയാണെന്ന് കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ.

വെള്ളിയാഴ്ച നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് രമേഷ് ജർകിഹോലി, ബി.നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമടഹള്ളി എന്നീ എം.എൽ.എമാർ വിട്ടുനിന്നതിനു പിന്നാലെയാണ് യെദിയൂരപ്പയുടെ പരാമർശം. വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഈ എം.എൽ.എമാർക്ക് കത്ത് നൽകുമെന്ന് നിയമസഭാ കക്ഷി യോഗത്തിനു ശേഷം സിദ്ധരാമയ്യ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.

ബി.ജെ.പിയുടെ ഓപ്പറേഷൻ താമരയ്‌ക്കെതിരെയുള്ള കോൺഗ്രസ്-ജനതാദൾ സഖ്യസർക്കാരിന്റെ ശക്തി തെളിയിക്കൽ എന്നു വിശേഷിപ്പിക്കപ്പെട്ട യോഗത്തിലാണ് കോൺഗ്രസ് എം.എൽ.എമാർ പങ്കെടുക്കാതിരുന്നത്. കോൺഗ്രസ് എം.എൽ.എമാരുടെ അതൃപ്തിയും അമർഷവുമാണ് അവരുടെ അസാന്നിദ്ധ്യത്തിലൂടെ വ്യക്തമായതെന്നും യെദിയൂരപ്പ പറഞ്ഞു.

'കോൺഗ്രസ് എം.എൽ.എമാരോടുള്ള സിദ്ധരാമയ്യയുടെ സ്വരം നിരാശയും ഭയവും കലർന്നതാണ്. എം.എൽ.എമാരുമായുള്ള ബന്ധം ശക്തവും സൗഹാർദപരവുമാണെങ്കിൽ കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതെന്തിനാണെന്നും സിദ്ധരാമയ്യയോട് യെദിയൂരപ്പ ചോദിച്ചു.