തൃശൂർ: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) സൗത്ത് ഇന്ത്യൻ ബാങ്ക് 83.85 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ജൂലായ് - സെപ്‌തംബർ പാദത്തിലെ 70.13 കോടി രൂപയെ അപേക്ഷിച്ച് 19.56 ശതമാനമാണ് വർദ്ധന. 2017-18ലെ ഡിസംബർ പാദത്തിൽ ലാഭം 115 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ മൊത്തം ബിസിനസ് 14.24 ശതമാനം ഉയർന്ന് 1.37 ലക്ഷം കോടി രൂപയിലെത്തി.
നിക്ഷേപം 14.03 ശതമാനം വർദ്ധിച്ച് 77,665 കോടി രൂപയായി. വായ്‌പകൾ 14.52 ശതമാനം വർദ്ധിച്ച് 60,064 കോടി രൂപയിലുമെത്തി. എൻ.ആർ.ഐ നിക്ഷേപത്തിൽ 14.18 ശതമാനവും കാസ നിക്ഷേപത്തിൽ 11.67 ശതമാനവും വർദ്ധനയുണ്ട്. കഴിഞ്ഞ പാദത്തിൽ 332 കോടി രൂപയുടെ പ്രവർത്തനലാഭവും ബാങ്ക് നേടി. 0.61 ശതമാനമാണ് വളർച്ച.
അറ്റ പലിശ വരുമാനം 2.09 ശതമാനം ഉയർന്ന് 520 കോടി രൂപയും പ്രവർത്തനേതര വരുമാനം 17.47 ശതമാനം മുന്നേറി 187 കോടി രൂപയിലുമെത്തി. അതേസമയം, മൊത്തം നിഷ്‌ക്രിയ ആസ്‌തി 3.40 ശതമാനം ആയിരുന്നത് 4.88 ശതമാനമായി. 2.35 ശതമാനത്തിൽ നിന്നുയർന്ന് അറ്റ നിഷ്‌ക്രിയ ആസ്‌തി 3.54 ശതമാനത്തിലുമെത്തി. 2018 ഡിസംബർ 31 പ്രകാരം 11.81 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്‌തതാനുപാതം. റീട്ടെയിൽ, കാർഷിക, എം.എസ്.എം.ഇ., മിഡ്-കോർപ്പറേറ്ര് വായ്‌പകളിൽ മികച്ച വളർച്ച കഴിഞ്ഞ പാദത്തിൽ നേടാൻ ബാങ്കിന് കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.ജി. മാത്യു പറഞ്ഞു.