anta

വാഷിംഗ്ടൺ: അന്റാർട്ടിക്കയിലെ മഞ്ഞുമലകൾ 1980നെ അപേക്ഷിച്ച് ആറ് മടങ്ങ് വേഗത്തിൽ ഉരുകിയൊലിക്കുന്നുവെന്ന് നാസയുടെ റിപ്പോർട്ട്. ഇങ്ങനെപോയാൽ ലോകത്തെ തീരപ്രദേശങ്ങളെല്ലാം കടലെടുക്കുമെന്നും ആഗോളതലത്തിൽ കരയുടെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാകുമെന്നുമാണ് നാസയുടെ മുന്നറിയിപ്പ്.

40 വർഷങ്ങൾക്ക് മുമ്പ് അന്റാർട്ടിക്ക ഉരുകിയതിനേക്കാൾ ആറ് മടങ്ങ് വേഗത്തിലാണ് ഇപ്പോൾ ഉരുകുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മഞ്ഞുരുന്നത് 15ശതമാനം വർദ്ധിച്ചു.

അന്റാർട്ടിക്കയിലെ മഞ്ഞ് ഇങ്ങനെ ഉരുകുന്നത് തുടർന്നാൽ സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുമെന്നും അത് ലോകത്തിന് വലിയ വിപത്തുണ്ടാക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറും ഭൗമ ശാസ്ത്രജ്ഞനുമായ എറിക് റിഗ്‌നോട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. 1979 മുതലുള്ള അന്റാർട്ടിക്കയിലെ മഞ്ഞുപാളികളുടെ ആകാശ ദൃശ്യങ്ങളും ഉപഗ്രഹദൃശ്യങ്ങളും പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നാസയുടെ സാമ്പത്തിക സഹായത്തോടെ നടന്ന പഠനം 'പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാഡമി ഓഫ് സയൻസസിലാണ്' പ്രസിദ്ധീകരിച്ചത്.

'മഞ്ഞ് ഉരുകുന്നത് ഭാവിയിലും തുടർന്നാൽ ആഗോളതലത്തിൽ തീരപ്രദേശങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് പേരുടെ ജീവന് ഭീഷണിയുണ്ടാകും'- എറിക് റിഗ്‌നോട്ട് പറഞ്ഞു.

2009 മുതൽ അന്റാർട്ടിക്കയിൽ 27,800 കോടി ടൺ മഞ്ഞ് ഉരുകിയൊലിച്ചു.

1980ൽ ഇത് 4000 കോടി ടണ്ണായിരുന്നു

1979 -1990 കാലത്ത് അന്റാർട്ടിക്കയിൽ പ്രതിവർഷം 3600 കോടി ടൺ മഞ്ഞ് നഷ്ടമായി