cricket
cricket

തിരുവനന്തപുരം:കൗമാരാരോഗ്യം കരുത്തുള്ള ഭാവിയുടെ ആവശ്യമാണ്. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി ഹെൽത്ത് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4ന് ഹെൽത്ത് പ്രീമിയർ ലീഗ് ആരംഭിക്കും.

കോളജ് വിദ്യാർത്ഥികളിലെ ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും പുകയില ഉൽപ്പന്നങ്ങളുടെ ദുരുപയോഗം തടയുന്നതിനും പൊതുജനാരോഗ്യ പ്രശ്‌​നങ്ങളിൽ സജീവമായി ഇടപെടാൻ യുവതലമുറയെ പ്രാപ്തരാക്കുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യം. പകർച്ചവ്യാധികളും ജീവിത ശൈലി രോഗങ്ങളും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വളർന്നു വരുന്ന തലമുറയിലൂടെ ബോധവത്ക്കരണം നടത്തി സമൂഹത്തിലേക്കെത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. രോഗപ്രതിരോധ പ്രവർത്തനങ്ങളെ എതിർക്കുന്ന പ്രവണത പൊതുജനാരോഗ്യ സംരക്ഷണത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളിയെ പ്രതിരോധിക്കാൻ കൂടിയാണ് ടൂർണമെന്റ്.

ഇന്നും നാളെയുമായി പൂജപ്പുര ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഫ്‌​ളഡ് ലൈറ്റ് ടൂർണമെന്റിൽ കോളജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് 16 ടീമുകൾ മാറ്റുരയ്ക്കും. സംസ്ഥാനതലത്തിൽ അരങ്ങേറുന്ന ടൂർണമെന്റിൽ 14 ജില്ലകളെയും പ്രതിനിധീകരിച്ച് ടീമുകൾ ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം തന്നെ സംസ്ഥാന തലത്തിൽ നിന്നും രണ്ട് ടീമുകളും പങ്കെടുക്കുന്നു.

നാളെ വൈകിട്ട് 8ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ സമ്മാനദാനം നിർവഹിക്കും.