ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നത് കൂടുതൽ നീട്ടിവയ്ക്കാൻ സാദ്ധ്യത. ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധി ഈ മാസം 27 വരെ നീട്ടിയതിനെതുടർന്നാണിത്.
ശസ്ത്രക്രിയയെ തുടർന്ന് വിശ്രമിക്കുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധി ഒരാഴ്ച കൂടി നീട്ടിയതായി സുപ്രിംകോടതി വൃത്തങ്ങൾ പറഞ്ഞു. നേരത്തെ ജനുവരി 18 വരെയായിരുന്നു ഇന്ദു മൽഹോത്ര അവധിയിലായിരുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ സുപ്രിം കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലും ഇന്ദു മൽഹോത്രയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. അടുത്ത ആഴ്ചത്തെ ആദ്യമൂന്നുദിവസങ്ങളിൽ പരിഗണിക്കുന്ന കേസുകളുടെ പട്ടിക ഇന്ന് സുപ്രിംകോടതി പുറത്തിറക്കിയിരുന്നു.
ജസ്റ്റിസ് ഇന്ദുമൽഹോത്ര അവധിയിൽ ആയതിനാൽ ശബരിമല കേസ് 22ന് പരിഗണിക്കാൻ സാദ്ധ്യത ഇല്ലെന്ന് ചിഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിക്കുന്ന പുതിയ തീയതിയും പ്രഖ്യാപിച്ചിട്ടില്ല. ജസ്റ്റിസ് ഇന്ദുമൽഹോത്ര അവധി കഴിഞ്ഞ് എത്തിയശേഷമേ തീയതി പ്രഖ്യാപിക്കാൻ സാദ്ധ്യതയുള്ളൂ.
ശബരിമല വിധിക്കെതിരെ അമ്പതിലധികം പുനഃപരിശോധന ഹർജികളാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പുതിയ റിട്ട് ഹർജികളും വിധി നടപ്പാക്കാൻ സാവകാശം തേടി സർക്കാരിന്റെ അപേക്ഷയും ഉണ്ട്.