road-accident

തിരുവനന്തപുരം: കഴിഞ്ഞവർഷം വാഹനാപകടത്തിൽ മരണമടഞ്ഞത് 4,199പേരെന്ന് പൊലീസ്. ഗുരുതരമായി പരിക്കേ​റ്റത് 31,611പേർക്കാണ്. 2017 ൽ 4,131പേരും 2016 ൽ 4,287പേരും വാഹനാപകടങ്ങളിൽ മരണമടഞ്ഞു. 2017 ൽ 29,733പേർക്കും 2016 ൽ 30,100പേർക്കും ഗുരുതരമായി പരിക്കേ​റ്റു. 2016, 2017, 2018 വർഷങ്ങളിൽ 91,444പേർക്കാണ് വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേ​റ്റതെന്ന് പൊലീസ് ആസ്ഥാനം അറിയിച്ചു.

2018ൽ ഏ​റ്റവും കൂടുതൽ മരണമുണ്ടായത് ആലപ്പുഴ ജില്ലയിലാണ്- 365. മലപ്പുറവും(361) പാലക്കാടും (343) തിരുവനന്തപുരം റൂറലും (333) ആണ് തൊട്ടുപിന്നിൽ. തിരുവനന്തപുരം സി​റ്റിയിൽ 187പേരാണ് മരിച്ചത്. ഏ​റ്റവും കുറവ് മരണമുണ്ടായത് വയനാട് ജില്ലയിലാണ് - 73. 2017ലും ഏ​റ്റവും കൂടുതൽ പേർ റോഡപകടത്തിൽ മരിച്ചതും ആലപ്പുഴയിലാണ് - 407. തൊട്ടുപിന്നിൽ മലപ്പുറവും (385) പാലക്കാടും (384) തിരുവനന്തപുരം റൂറലും (325) തന്നെയാണ്.

തിരുവനന്തപുരം സി​റ്റിയിൽ 172പേരാണ് 2017ൽ വാഹനാപകടങ്ങളിൽ മരിച്ചത്. 68പേർ മരിച്ച വയനാടാണ് ഏ​റ്റവും പിന്നിൽ. 2016ൽ ഏ​റ്റവും കൂടുതൽപേർ വാഹനാപകടങ്ങളിൽ മരിച്ചത് മലപ്പുറം ജില്ലയിലാണ് - 402. എറണാകുളം റൂറലിൽ 367പേരും പാലക്കാട് ജില്ലയിൽ 366പേരും ആലപ്പുഴ ജില്ലയിൽ 356പേരും തിരുവനന്തപുരം റൂറലിൽ 351പേരും 2016 ൽ വാഹനാപകടത്തിൽ മരിച്ചു. ഇക്കാലയളവിൽ തിരുവനന്തപുരം സി​റ്റിയിൽ വാഹനാപകടങ്ങളിൽ മരിച്ചത് 180പേരാണ്.