ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഉത്തരവ് സംസ്ഥാനങ്ങൾക്ക് നൽകി. തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽ നിന്ന് മാറ്റാനുള്ള ഉത്തരവാണ് സംസ്ഥാനങ്ങൾക്ക് നൽകിയത്. ഒരേ സ്ഥലത്ത് മൂന്ന് വർഷത്തിലധികമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും മാറ്റണം
ഉത്തരവ് അടുത്തമാസം 28ന് മുൻപായി നടപ്പാക്കി റിപ്പോർട്ട് മാർച്ച് ആദ്യവാരം നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, അഡീഷനൽ ജില്ലാ മജിസ്ട്രേട്ടുമാർ, ഡപ്യൂട്ടി കലക്ടർമാർ, ബ്ലോക്ക് വികസന ഓഫിസർമാർ തുടങ്ങിയവരുൾപ്പെടെ തിരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കപ്പെടുന്നവർ ഉത്തരവിന്റെ പരിധിയിൽ വരും. പൊലീസ് റേഞ്ച് ഐ.ജിമാർ മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ളവരും ഉൾപ്പെടും. സ്ഥലം മാറ്റുന്നത് ഉദ്യോഗസ്ഥരുടെ സ്വന്തം ജില്ലയിലേക്കാവാൻ പാടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും സൂചനയുണ്ട്. ആന്ധ്ര, അരുണാചൽ പ്രദേശ്, ഒഡിഷ,സിക്കിം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് ഇതിനൊപ്പം നടത്തുന്നത്. ഇത് കൂടാതെ പിരിച്ചു വിട്ട ജമ്മു കാശ്മീർ അസംബ്ലിയിലേക്കും തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളും കൂടെ പരിഗണിച്ചാകും ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യതയെ പറ്റിയുള്ള കണക്കെടുപ്പ് നടക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
2019 ജൂൺ മൂന്നിനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന്റെ കാലാവധി കഴിയുന്നത്. അതിനു മുൻപ് ആറോ ഏഴോ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷൻ കമ്മിഷൻ ആലോചിക്കുന്നത്.