കൊൽക്കത്ത : മോദി സർക്കാറിന്റെ എക്സപയറി ഡേറ്റ് കഴിഞ്ഞതായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഐക്യ ഇന്ത്യ റാലിയിൽ പറഞ്ഞു. 23 പാർട്ടികളാണ് റാലിയിൽ പങ്കെടുക്കുന്നത്.അടുത്ത തിരഞ്ഞെടുപ്പിൽ മോദി അധികാരത്തിൽ വരില്ല. ഇന്ത്യയിൽ ഒരു പുതിയ പ്രഭാതം വരും. പ്രതിപക്ഷം ഒന്നിച്ചു നിൽക്കും. പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. രാജ്യത്ത് ഇപ്പോൾ സൂപ്പർ അടിയന്തരാവസ്ഥയാണ്. ബി.ജെ.പി ഹഠാവോ, ദേശ് ബച്ചാവോ, ഡൽഹി മേം സർക്കാർ ബദൽ ദോ ( ഡൽഹിയിൽ സർക്കാരിനെ മാറ്റുക ) എന്നു പറഞ്ഞാണ് മമത പ്രസംഗം അവസാനിപ്പിച്ചത്.
എല്ലാം അംബാനിക്കും അദാനിക്കും: ഖാർഗെ
രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് അടുത്ത തിരഞ്ഞെടുപ്പ്. പ്രതിപക്ഷം ഒന്നിക്കുന്നതു വരെ മോദിയും അമിത്ഷായും ജനാധിപത്യ, മതേതര മൂല്യങ്ങൾ തകർക്കുന്നത് കാണേണ്ടി വരും. അഴിമതി ആരോപണങ്ങൾ ഉയരുമ്പോഴും കോഴ വാങ്ങില്ലെന്നും വാങ്ങാൻ അനുവദിക്കില്ലെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ, എല്ലാം അംബാനിക്കും അദാനിക്കും നൽകുകയാണ്. വർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. അതനുസരിച്ച് 9.5 കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കണമായിരുന്നു. എന്നാൽ, 1.6 കോടി പേരെ തൊഴിൽ രഹിതരാക്കിയതാണ് മോദിയുടെ നേട്ടം. സോണിയയുടെ സന്ദേശവും ഖാർഗെ വായിച്ചു.
അഖിലേഷ് യാദവ്
ബി.ജെ.പി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റുയും സിബിഐയുമായും സഖ്യമുണ്ടാക്കുമ്പോൾ പ്രതിപക്ഷത്തിന് ജനങ്ങളുമായാണ് സഖ്യം. വിശാല സഖ്യത്തിൽ പ്രധാനമന്ത്രിയാകാൻ ഒരുപാട് പേർ ഉണ്ടാകുമെന്നാണ് ബി.ജെ.പി പറഞ്ഞത്. അതു തീരുമാനിക്കുന്നത് ഇന്ത്യയിലെ ജനങ്ങളാണ്.
അരവിന്ദ് കേജ്‌രിവാൾ
ഇന്ന് രാജ്യത്തിന് ചരിത്ര ദിനമാണ്. യഥാർത്ഥ രാജ്യസ്‌നേഹികൾ അമിത് ഷായെയും നരേന്ദ്രമോദിയെയും രാജ്യത്ത് നിന്ന് ഓടിക്കണം. ഷാ – മോദി സഖ്യം രാജ്യത്തെ തകർത്തു
എം.കെ. സ്റ്റാലിൻ
ലോക് സഭാ തിരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യസമരമാണ്. മോദി വീണ്ടും ഭരണത്തിലെത്തിയാൽ രാജ്യം 50 വർഷം പിന്നോട്ടുപോകും. രാജ്യത്ത് പ്രതിപക്ഷമേ ഇല്ലെന്ന് പറഞ്ഞ മോദി ഇന്ന് പ്രതിപക്ഷത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. പ്രതിപക്ഷം തന്നെ പുറത്താക്കുമെന്ന് അദ്ദേഹം ഭയക്കുന്നു.
തിളങ്ങി മേവാനിയും ഹാർദിക്കും
റാലിയിൽ താരമായി ഹാർദിക് പട്ടേലും ജിഗ്നേഷ് മേവാനിയും. ഇരുവരുടെയും പ്രസംഗങ്ങൾക്ക് ഗംഭീര കൈയടിയാണ് ലഭിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസ് കള്ളൻമാർക്കെതിരെ പോരാടാനാണ് ആഹ്വാനം ചെയ്തത്. പ്രതിപക്ഷ സഖ്യം പോരാടുന്നത് രാജ്യത്തെ കൊള്ളയടിക്കുന്ന കള്ളൻമാർക്കെതിരെയാണ്. ഇത് ബി.ജെ.പിയുടെ തകർച്ചയുടെ തുടക്കമാണ് - ഹാർദിക് പട്ടേൽ പറഞ്ഞു.
ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും പതനം മഹാസഖ്യം ഉറപ്പാക്കും. പാവപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും ദളിതരെയും ബി.ജെ.പി ഭരണം അടിച്ചമർത്തിയിരിക്കുകയാണ്. എല്ലാവരും ഭയത്തിലാണ്. അവരെ താഴെയിറക്കേണ്ടത് അത്യാവശ്യമാണ്. മഹാസഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ അധികാരത്തിലെത്തും - മേവാനി പറഞ്ഞു.