ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കെതിരെയും ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാൾ രംഗത്ത്. പാക്കിസ്ഥാന് 70 വർഷം കൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യം മോദിയും അമിത് ഷായും ചേർന്ന് അഞ്ച് വർഷം കൊണ്ട് ചെയ്ത് കാണിച്ചെന്ന് കെജ്റിവാൾ പറഞ്ഞു. അവർ രാജ്യത്ത് മുസ്ലിങ്ങളെയും ഹിന്ദുക്കളെയും തമ്മിൽ വേർതിരിച്ചു. മുസ്ലിങ്ങൾക്കെതിരെ ഹിന്ദുക്കളെ അണിനിരത്തി വർഗീയത സൃഷ്ടിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തണം. ഇനിയും അവർ അധികാരത്തിൽ വന്നാൽ രാജ്യം തകരും. അതുകൊണ്ടുതന്നെ രാജ്യത്തെ രക്ഷിക്കാൻ ബി.ജെ.പിയെ തോൽപ്പിക്കണം. ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ ഹിന്ദുക്കളെ രംഗത്തിറക്കുന്നതിനും മോദിയും അമിത് ഷായും ശ്രമിച്ചു. രാജ്യത്ത് ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന രാഷ്ട്രീയം കളിക്കാൻ ബി.ജെ.പിയെ അനുവദിക്കരുതെന്നും കെജ്റിവാൾ പറഞ്ഞു.