കോഴിക്കോട്: സർക്കാർ പദ്ധതികളിൽ പ്രവാസികളുടെ നിക്ഷേപ പങ്കാളിത്തം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി. ജനങ്ങളിൽ നിന്നുള്ള പണം കൊണ്ടാണ് കിഫ്ബി വഴി സംസ്ഥാനത്ത് വൻ വികസന പദ്ധതികൾ നടപ്പാക്കുന്നത്. ഇതിൽ പ്രവാസികളും നിക്ഷേപം നടത്തണമെന്ന് കേരള പ്രവാസി സംഘം അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾക്ക് ഏറ്റവും കൂടുതൽ പെൻഷൻ നൽകുന്നത് സംസ്ഥാന പ്രവാസി ക്ഷേമ ബോർഡാണ്. എന്നാൽ സംസ്ഥാനത്തിന്റെ ക്ഷേമപദ്ധതികളോട് കേന്ദ്ര സർക്കാർ സഹകരിക്കുന്നില്ലെന്നു മാത്രമല്ല, തിരക്കുള്ള സീസണിൽ പ്രവാസികളുടെ വിമാനയാത്രാ നിരക്ക് നാലും അഞ്ചും ഇരട്ടി വർദ്ധിപ്പിച്ച് എയർ ഇന്ത്യ അവരെ കൊള്ളയടിക്കുകയും ചെയ്യുന്നു. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. എന്നാൽ ബന്ധുക്കളാണ് വൻ തുക നൽകി മൃതദേഹം എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പി.ടി കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. എം.എൽ.എമാരായ എ. പ്രദീപ്‌കുമാർ, വി.കെ.സി മമ്മത് കോയ, പി.ടി.എ റഹീം, പുരുഷൻ കടലുണ്ടി, കെ.വി അബ്ദുൾ ഖാദർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശശേരി എന്നിവർ പങ്കെടുത്തു.