തിരുവനന്തപുരം: ഇംഗ്ലണ്ട് ലയൺസിനെതിരെ 23 ന് തുടങ്ങുന്ന ഏകദിന മത്സരങ്ങൾക്കായി ഇന്ത്യ എ ടീം ഇന്ന് തിരുവനന്തപുരത്തെത്തും. അതേസമയം ഇംഗ്ലണ്ട് ലയൺസും ബോർഡ് പ്രസിഡൻസ് ഇലവനും തമ്മിലുള്ള രണ്ടാം സന്നാഹ മത്സരം ഇന്ന് തിരുവനന്തപുരം കെ.സി.എ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. വെള്ളിയാഴ്ച നടന്ന ഒന്നാം സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ ബോർഡ് പ്രസിഡൻസ് ഇലവൻ നാലു വിക്കറ്റ് വിജയം നേടി. ഇന്ത്യ എ ടീം 21 ന് സെന്റ് സേവ്യേഴ്സിലും 22 ന് സ്പോർട്സ് ഹബിലും പരിശീലനം നടത്തും. കാര്യവട്ടം സ്പോർട്സ് ഹബിൽ 23, 25, 27, 29, 31 തീയതികളിലാണ് അഞ്ച് ഏകദിനങ്ങളും നടക്കുക. ചതുർദിന മത്സരം ഫെബ്രുവരി ഏഴു മുതൽ 10 വരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കും.
ഏകദിന മത്സരങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി കാണാനാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. മത്സരം കാണാനെത്തുന്നവർക്ക് ഒന്നാം നമ്പർ ഗേറ്റിലൂടെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം. എ, ജെ എന്നീ സെക്ടറുകൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാം. മത്സരങ്ങൾ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല.