ഭോപ്പാൽ : മദ്ധ്യപ്രദേശിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ച കളക്ടറുടെ വാട്സാപ്പ് ചാറ്റ് വിവാദമായി.
ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കണമെന്ന് അസിസ്റ്റൻഡ് റിട്ടേണിംഗ് ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ പൂജ തിവാരിയോട്, കളക്ടർ അനുഭ ശ്രീവാസ്തവ വാട്സാപ്പിലൂടെ നിർദ്ദേശിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ജയ്‌ത്പുർ നിയമസഭാമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമ ധുർവേ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ചാറ്റ് നടന്നത്.
കളക്ടറുടെ നിർദേശം അനുസരിച്ച് പ്രവർത്തിച്ചാൽ ഭാവിയിൽ തനിക്കെന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് ഡെപ്യൂട്ടി കളക്ടർ തിരിച്ച് ചോദിക്കുന്നുണ്ട്. അതിനെക്കുറിച്ച് പേടിക്കേണ്ടെന്ന് കളക്ടർ മറുപടി നൽകുന്നു. ബി.ജെ.പി വിജയിച്ചാൽ പൂജ തിവാരിയെ സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് ആക്കി നിയമിക്കാമെന്നും കളക്ടർ വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാൽ സന്ദേശം കെട്ടിച്ചമച്ചതാണെന്നും ആരോപിക്കപ്പെടുന്ന കാര്യങ്ങളിൽ യാതൊരു സത്യവുമില്ലെന്നും കളക്ടറും സബ് കളക്ടറും പ്രതികരിച്ചു. ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി. പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തിന്റെ ആധികാരികത ഇതുവരെ വ്യക്തമായിട്ടില്ല.
ശക്തമായ മത്സരം നടന്ന ജയ്ത്പുരിൽ ബി.ജെ.പിയുടെ മനീഷ് സിംഗ് കോൺഗ്രസിന്റെ ഉമ ധുർവേയെ നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ നിരവധി ഉദ്യോഗസ്ഥർ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു.