india

മെൽബൺ: പലപ്പോഴും ഇന്ത്യൻ ടീമിന് ബാലികേറാ മലയായിരുന്ന ആസ്ട്രേലിയൻ മണ്ണിൽ വിജയക്കൊടി നാട്ടിയ കൊഹ്‌ലിപ്പട ഇനി കിവിക്കൂട്ടിൽ പടയോട്ടത്തിനൊരുങ്ങുന്നു. മൂന്ന് ഫോർമാറ്റിലും ആധിപത്യം നേടി തലയെടുപ്പോടെയാണ് ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യ മടങ്ങുന്നത്. ചരിത്രത്തിലാദ്യമായി ആസ്ട്രേലിയൻ മണ്ണിൽ ടെസ്റ്ര്, ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ടീം ഇന്ത്യ ട്വന്റ - 20 പരമ്പര സമനിലയിലാക്കുകയും ചെയ്തു. ഇത്രയും മികച്ച നേട്ടം ഇതുവരെ ആസ്ട്രേലിയൻ പര്യടനം നടത്തിയ ഒരിന്ത്യൻ ടീമിനും അവകാശപ്പെടാനില്ല.

ടെസ്റ്റ് പരമ്പരയിൽ പുജാരയും കൊഹ്‌ലിയും പന്തും ബുംറയും ജഡേജയും കുൽദീപുമെല്ലാം നിറഞ്ഞാടിയപ്പോൾ ഏകദിനത്തിൽ വിമർശകരുടെ വായടപ്പിച്ച പ്രകടനവുമായി കളം നിറഞ്ഞ
എം.എസ്.ധോണിയാണ് ഹൈലൈറ്റായത്. പ്രായമായെന്നും പഴയ.മികവ് കൈമോശം വന്നെന്നും ആക്ഷേപിച്ചവർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയ ധോണി ,പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടി മാൻ ഒഫ് ദ സീരിസ് പുരസ്കാരവും സ്വന്തമാക്കി. അടുത്ത ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് ധോണി പുറത്തെടുത്തത്. ഫിനിഷർ മാത്രമല്ല ഏത് പൊസിഷനും തനിക്കിണങ്ങുമെന്ന സന്ദേശമാണ് ധോണി നൽകുന്നത്. നിർണായകമായ അവസാന മത്സരത്തിൽ മാത്രം കളത്തിലിറങ്ങി വിജയ ശില്പികളായ ചഹലും കേദാറും വിസ്മയ പ്രകടനമാണ് നടത്തിയത്. ബൗളിംഗിൽ ഭുവനേശ്വറും ഷമിയും മികവ് നിലനിറുത്തിയപ്പോൾ ബാറ്റിംഗിൽ കൊ‌ഹ്‌ലിയും രോഹിതും ഫോം തുടർന്നു. മദ്ധ്യ നിരയിലെ ആശയക്കുഴപ്പത്തിന് ഏറെക്കുറെ ഉത്തരം കണ്ടെത്താനും ഈ പര്യടനത്തിലൂടെയായി. ധോണിക്ക് സ്ഥാനക്കയറ്റം നൽകി കേദാറിനെയും കാർത്തിക്കിനേയും ബാറ്റിംഗ് ഓർഡറിൽ താഴേക്കിറങ്ങുന്ന തന്ത്രം വിജയം കണ്ടു. ബൗളിംഗ് ഡിപ്പാർട്ട്മെന്റ് മികച്ച പ്രകടനമാണ് നടത്തിയത്. യുവതാരങ്ങളായ ഖലീലും സിറാജും മാത്രമാണ് നിരാശപ്പെടുത്തിയത്. ഒരു ചാനൽ പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഹാർദ്ദിക് പാണ്ഡ്യയേയും കെ.എൽ. രാഹുലിനെയും ഏകദിന പരമ്പരയ്ക്ക് തൊട്ടുമുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചെങ്കിലും ഇത്തരം വിവാദങ്ങളൊന്നും ടീമിനെ ബാധിച്ചില്ല. ടെസ്റ്ര് ടീമിൽ ഉണ്ടായിരുന്നെങ്കിലും സന്നാഹ മത്സരത്തിനിടെ പരിക്കേറ്ര് ഒരു മത്സരം പോലും കളിക്കാനാകാതെ മികച്ച ഫോമിലുള്ള യുവതാരം പ്രിത്വിഷാ മടങ്ങിയത് ആരാധകർക്ക് വേദനയായി. സ്പെഷ്യലിസ്റ്റ് ടെസ്റ്റ് ഓപ്പണർമാരായ രാഹുലും വിജയ്‌യും തുടർച്ചയായി പരാജയപ്പെട്ടെങ്കിലും യുവതാരങ്ങളായ മായങ്ക് അഗർവാളും ഹനുമാവിഹാരിയുമെല്ലാം അവസരത്തിനൊത്തുയർന്നത് ആശ്വാസമായി.

ലോകകപ്പിന് മുന്നോടിയായി മത്സരംപരിചയം നേടാനുള്ള മികച്ച അവസരമാണ് ഇന്ത്യയ്ക്ക് ഈ ന്യൂസിലൻഡ് പര്യടനം. ശ്രീലങ്കയെ തരിപ്പണമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ് ഇന്ത്യയെനേരിടാനൊരുങ്ങുന്നത്. 2013/14ൽ ന്യൂസിലൻഡിൽ ലോകകപ്പിന് മുമ്പ് ഇന്ത്യ പര്യടനം നടത്തിയെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. 4-0ത്തിനാണ് ഇന്ത്യയെ ന്യൂസിലൻഡ് ഏകദിനത്തിൽ തോൽപ്പിച്ചത്. ഇവിടെ 5 ഏകദിനങ്ങളും മൂന്ന് ട്വന്റി-20 കളുമാണ് ഇത്തവണ ഇന്ത്യ കളിക്കുക. 23ന് നേപ്പിയറിലാണ് ആദ്യ ഏകദിനം നടക്കുന്നത്. പാണ്ഡ്യയ്ക്കും രാഹുലിനും പകരം ടീമിലുൾപ്പെടുത്തിയ ശുഭ്മാൻ ഗില്ലിനെയും വിജയ് ശങ്കറിനെയും പോലുള്ളവർക്ക് ഇത് കഴിവ് തെളിയിക്കാനുള്ള മികച്ച അസരമാണ്.

മത്സര ഷെഡ്യൂൾ

23ന് ആദ്യ ഏകദിനം

26 ന് രണ്ടാം ഏകദിനം

28ന് മൂന്നാം ഏകദിനം

31ന് നാലാം ഏകദിനം

ഫെബ്രുവരി 3ന് അഞ്ചാം ഏകദിനം

ഫെബ്രുവരി 6ന് ഒന്നാം ട്വന്റി-20

ഫെബ്രുവരി 8ന് രണ്ടാം ട്വന്റി-20

ഫെബ്രുവരി 10ന് മൂന്നാം ട്വന്റി-20