sabarimala-

തിരുവനന്തപുരം: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ ചെറുമകൻ ബി.ജെ.പി നടത്തുന്ന സെക്രട്ടറിയേറ്റിന് മുന്നിലെ സരപ്പന്തലിൽ സന്ദർശനം നടത്തി.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പി.കെ ക‌‌ൃഷ്ണദാസ് കിടക്കുന്ന സമരപ്പന്തലിലാണ് എം.എം. ലോറൻസിന്റെ ചെറുമകനായ മിലാൻ ഇമ്മാനുവൽ എത്തിയത്. മുമ്പ് ബി.ജെ.പി സംഘടിപ്പിച്ച പരിപാടികളിൽ മിലാൻ എത്തിയിരുന്നു. ഇതിനെ തുടർന്ന് സി.പി.എം സമ്മർദത്തിലാവുകയും ചെയ്തിരുന്നു.

ഒക്ടോബർ 30 ന് ബി.ജെ.പി പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച സമരത്തിലും മിലാൻ എത്തിയിരുന്നു. ശബരിമല വിഷയത്തിൽ ബി.ജെ.പി നാല്പത്തിയേഴ് ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ തുടരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. ഈ മാസം 22 വരെ സമരം തുടരാനായിരുന്നു ആദ്യ തീരുമാനം എന്നാൽ ശബരിമല നടയടക്കുന്നതിനാലും വിധിക്ക് എതിരായ പുനപരിശോധന ഹർജികൾ കേൾക്കുന്നത് സുപ്രിംകോടതി നീട്ടിവച്ച സാഹചര്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്.

അതേസമയം, നേതാക്കളുടെ നിരാഹാര സമരം കാര്യമായ ചലനമുണ്ടാക്കിയില്ലെന്ന വിമർശനം പാർട്ടിയിൽ ശക്തമാണ്. സമരം തുടരുന്നതിനിടെ രണ്ടു യുവതികൾ അയ്യപ്പദ‌ർശനം നടത്തിയതും ക്ഷീണമായി. ശബരിമല നട ഇന്ന് അടയ്ക്കുന്ന സാഹചര്യത്തിൽ സമരം അനിശ്ചിതമായി നീട്ടുന്നതിൽ അർത്ഥമില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ. മണ്ഡല- മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നാളെ പൂ‌ർത്തിയാകുന്ന മുറയ്ക്ക് ഇപ്പോൾ നിരാഹാരമനുഷ്ഠിക്കുന്ന പി.കെ. കൃഷ്ണദാസിന് നാരങ്ങാനീര് നൽകിയായിരിക്കും സമരം അവസാനിപ്പിക്കുക.