vibrant-gujarat

അഹമ്മദാബാദ്: ഗുജറാത്ത് സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിനഗറിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ വൻ നിക്ഷേപ വാഗ്‌ദാനവുമായി കോർപ്പറേറ്ര് ലോകം. പെട്രോ കെമിക്കൽ, ടെലികോം, റീട്ടെയിൽ മേഖലകളിലായി റിലയൻസ് ഇൻഡസ്‌ട്രീസിന്റെ മാത്രം വാഗ്‌ദാനം മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്.

ഒരു ത്രൈമാസത്തിൽ 10,000 കോടി രൂപയ്ക്കുമേൽ ലാഭം നേടുന്ന ആദ്യ ഇന്ത്യൻ സ്വകാര്യ കമ്പനിയെന്ന നേട്ടം ഇക്കഴിഞ്ഞ ഡിസംബർപാദത്തിൽ റിലയൻസ് സ്വന്തമാക്കിയിരുന്നു. 10,251 കോടി രൂപയാണ് കമ്പനിയുടെ ലാഭം.

ഇ-കൊമേഴ്‌സ് വിപണിയിലേക്കും വൈകാതെ ചുവടുവയ്‌ക്കുമെന്നും തുടക്കം ഗുജറാത്തിലായിരിക്കുമെന്നും ഉച്ചകോടിയിൽ റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. ടെലികോം രംഗത്ത് വിപ്ളവ വിജയം കൊയ്‌ത റിലയൻസ് ജിയോയും റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിലും ചേർന്നാണ് ഇ-കൊമേഴ്‌സ് സംരംഭം തുടങ്ങുക. ഗുജറാത്തിലെ 12 ലക്ഷം റീട്ടെയിൽ സംരംഭകർക്ക് ഇതിന്റെ ഗുണം ലബിക്കുമെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു. ആമസോൺ ഇന്ത്യ, ഫ്ളിപ്‌കാർട്ട് എന്നിവയ്ക്ക് പിന്നിലായി മൂന്നാംസ്ഥാനത്ത് റിലയൻസിന്റെ ഇ-കൊമേഴ്‌സ് കമ്പനി ഇടംപിടിക്കുമെന്നാണ് വിലയിരുത്തലുകൾ.

7,500 സ്‌റ്റോറുകളും 35 കോടിയോളം ഉപഭോക്താക്കളും ജിയോയ്ക്ക് 20 കോടിയിലേറെ ഉപഭോക്താക്കളും ജിയോ വാലറ്ര് എന്ന ഡിജിറ്റൽ പണമിടപാട് വാലറ്റും ഇപ്പോഴേ ഉണ്ടെന്നത് ഇ-കൊമേഴ്‌സിലേക്ക് ചുവടുവയ്‌ക്കാൻ റിലയൻസിന് കരുത്താകും. അദാനി ഗ്രൂപ്പ്, ആദിത്യ ബിർള ഗ്രൂപ്പ്, ടോറന്റ് ഗ്രൂപ്പ് തുടങ്ങിയവയും വൻ പദ്ധതികളാണ് ഗുജറാത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഉച്ചകോടി ഇന്ന് സമാപിക്കും.

നിക്ഷേപ വർഷം

 റിലയൻസ് ഇൻഡസ്‌ട്രീസ് - ₹3ലക്ഷം കോടി

 അദാനി ഗ്രൂപ്പ് - ₹55,000 കോടി

 ബി.എ.എസ്.എഫ് - ₹16,000 കോടി

 ആദിത്യ ബിർള - ₹15,000 കോടി

 ടോറന്റ് ഗ്രൂപ്പ് - ₹10,000 കോടി

 നയാറ എനർജി - ₹6,000 കോടി