ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ കേരളസർക്കാരിനെതിരെയുള്ള സമരം ശക്തമാക്കുന്നതിനായി നടത്തിയ യോഗത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുത്തില്ല. ആൾ ഇന്ത്യ ശബരിമല ആക്ഷൻ കൗൺസിലും സി.എസ്.ഐ.എസും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ ആരും എത്തിയില്ല . ഇതിനെ തുടർന്നാണ് മുഖ്യാതിഥിയായിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി യോഗത്തിൽ നിന്ന് വിട്ടുനിന്നത്. ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പങ്കെടുക്കില്ലെന്ന് അവസാന നിമിഷം കേന്ദ്രമന്ത്രി അറിയിച്ചത്.
നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ലൈബ്രറി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് അഞ്ചിനായിരുന്നു യോഗം സംഘടിപ്പിച്ചത്. 'ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി പൗരൻമാർ ഒത്തുചേരുന്നു’ എന്ന് പേരിട്ട ചടങ്ങിൽ സ്മൃതി ഇറാനിയായിരുന്നു മുഖ്യാതിഥി. സ്മൃതി ഇറാനിയുടെ പേര് വെച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചാരണം നടന്നിരുന്നു. എന്നാൽ പരിപാടി തുടങ്ങേണ്ട സമയമായിട്ടും ആളുകൾ എത്തിയില്ല. ഇതിനെ തുടർന്നാണ് കേന്ദ്രമന്ത്രി പിന്മാറിയതെന്നാണ് വിവരം.
ആചാര സംരക്ഷണത്തിന് ഒത്തു ചേരുക, അയ്യപ്പ ഭക്തന്മാരെ പീഡിപ്പിക്കുന്നത് നിറുത്തുക, സംസ്ഥാന സർക്കാരിന്റെ വിശ്വാസ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി.