എനിക്ക് തനിയെ സഞ്ചരിക്കാൻ കഴിയില്ലെന്ന് പറയുന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? സഞ്ചരിക്കാൻ കഴിയാത്ത വിധം എന്റെ കാലുകൾക്കോ കൈകൾക്കോ യാതൊരു കുഴപ്പവുമില്ല. കാഴ്ചയില്ലെന്നതിനപ്പുറം ചോദിച്ചറിയാൻ നാവുണ്ട്, കേൾക്കാൻ ചെവിയും. കൂടെ അംഗരക്ഷകരുമായി നടക്കാൻ ഞാൻ സെലിബ്രിറ്റിയുമല്ല. "" ഇതാണ് 'ഇന്ത്യയുടെ ധീരയായ മകൾ" എന്ന് രാഷ്ട്രപതി അഭിസംബോധന ചെയ്ത മുപ്പതുകാരി ടിഫ്നി മരിയ ബ്രാർ. ചെറിയ പ്രതിബന്ധങ്ങളെപ്പോലും നേരിടാൻ കഴിയാതെ ചുറ്റുപാടുകളേയും ചുറ്റുമുള്ളവരേയും പഴിച്ച് ജീവിതം കരഞ്ഞ് മുന്നോട്ടുനീക്കുന്നവർക്ക് ടിഫ്നിയെ മാതൃകയാക്കാം. അന്ധതയെന്ന പ്രതിബന്ധത്തെ ധീരതയോടെ നേരിട്ടെന്നു മാത്രമല്ല സമാനമായ വെല്ലുവിളി നേരിടുന്നവരെ ഇരുട്ടെന്ന മഹാസമുദ്രത്തിൽ നിന്നും നിറങ്ങളുടെ ലോകത്തേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കാൻ പഠിപ്പിച്ചവളാണ് ഈ ഉരുക്ക് വനിത.
ഒരു ഡോക്ടറുടെ കൈപ്പിഴ
ആർമിയിൽ ഉയർന്ന ഉദ്യോഗസ്ഥനും ഛണ്ഡീഗഡ് സ്വദേശിയുമായ തേജ് പ്രതാപ് സിംഗ് ബ്രാറിന്റെയും ആംഗ്ലോ ഇന്ത്യക്കാരി ലെസ്ലി ബ്രാറിന്റെയും ഏക മകളായി ചെന്നൈയിലായിരുന്നു ടിഫ്നി ജനിച്ചത്. പട്ടുപോലെ ഓമനത്തം തുളുമ്പുന്ന കുഞ്ഞുമാലാഖയ്ക്ക് 'പട്ട് പോലെ നേർത്തവൾ" എന്ന് അർത്ഥം വരുന്ന ടിഫ്നി എന്നപേര് നൽകി. ടിഫ്നി ജനിച്ച് ദിവസങ്ങൾക്കകമാണ് മാതാപിതാക്കൾ മനസിലാക്കുന്നത് ലോകം ഒരുക്കി വച്ച കാഴ്ചകളൊന്നും കാണാനുള്ള ശേഷി ടിഫ്നിയുടെ കുഞ്ഞുകണ്ണുകൾക്കില്ലെന്ന്. ലെസ്ലി ബ്രാറിന്റെ പ്രസവ സമയത്ത് ഡോക്ടർക്ക് പറ്റിയ കൈയബദ്ധം. അമ്മയുടെ ശരീരത്തിലേക്ക് അമിതമായെത്തിച്ച ഓക്സിജൻ കുഞ്ഞിന്റെ കണ്ണുകളിലെ ഞരമ്പുകളെ തകരാറിലാക്കി. ടിഫ്നിയെ അന്ധകാരത്തിന്റെ ലോകത്തേക്ക് തള്ളിവിടാൻ മാതാപിതാക്കൾ ഒരുക്കമായിരുന്നില്ല. ഒട്ടേറെ ചികിത്സ നടത്തിയെങ്കിലും പ്രതീക്ഷയുടെ ഇത്തിരിപൊട്ട് പോലും എവിടെയും കാണാൻ കഴിഞ്ഞതുമില്ല. ടിഫ്നി ജനിച്ച് രണ്ട് വർഷത്തിനകം അച്ഛൻ തേജ് പ്രതാപ് സിംഗിന് ഇംഗ്ലണ്ടിലേക്ക് ഡെപ്യൂട്ടേഷനിൽ സ്ഥലം മാറ്റം കിട്ടി. അങ്ങനെ കുടുംബം ഇംഗ്ലണ്ടിലേക്ക് പോയി. പാശ്ചാത്യ രാജ്യങ്ങളിൽ അംഗപരിമിതിയുള്ള ഒരു കുഞ്ഞിനെ വളർത്തുകയെന്നത് ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന എളുപ്പമായിരുന്നു.അമ്മയുടെ സ്നേഹലാളനകൾക്കിടയിൽ മികച്ച വിദ്യാഭ്യാസത്തിന്റെ നട്ടെല്ലിൽ ടിഫ്നി പിച്ചവച്ചു. ടിഫ്നിയുടെ ആറാം വയസിൽ തേജ്പ്രതാപിന് വീണ്ടും സ്ഥലം മാറ്റം എത്തി. ദൈവത്തിന്റെ നാട്ടിലേക്ക്!
തലസ്ഥാനം കൈനീട്ടി സ്വീകരിച്ചു
കുടുംബം കേരളത്തിന്റെ തലസ്ഥാനത്തേക്ക് പറിച്ചുനട്ടു. അതു വരെ പഠിച്ചു വന്നതിൽ നിന്ന് വ്യത്യസ്തമായ അനുഭവമായി മാറി ടിഫ്നിക്ക് തലസ്ഥാനത്തെ അനുഭവങ്ങൾ. ആദ്യം അന്ധവിദ്യാലയത്തിലും പിന്നെ കേന്ദ്രീയ വിദ്യാലയത്തിലുമായിട്ടാണ് പഠനം. കേരളത്തിലെ സമാധാനാന്തരീക്ഷവും നിഷ്കളങ്കരും സഹായമനോഭാവമുള്ളവരുമായുള്ള ജനങ്ങളെ ടിഫ്നിയുടെ കുടുംബത്തിന് ഏറെ ഇഷ്ടമായി. എന്നാൽ, ടിഫ്നിയുടെ അമ്മയുടെ വേർപാട് കുടുംബത്തെ വീണ്ടും തളർത്തി. അതിനിടെ അച്ഛന് കാർഗിലിലേക്ക് സ്ഥലം മാറ്റി. ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടുന്ന കാർഗിലിലേക്ക് മകളെ കൂടെ കൂട്ടാൻ തേജ്പ്രാതാപ് തയ്യാറായില്ല. അങ്ങനെ ടിഫ്നിയെ ഹോസ്റ്റലിലേക്ക് മാറ്റി തേജ് കേരളം വിട്ടു.
പുതിയ ചിറകുകൾ വീശി
ജീവിതത്തിലെ സംഗീതം പെട്ടെന്ന് നിലച്ചതുപോലെയായിരുന്നു പിന്നീട് ടിഫ്നിക്ക്. വൈകല്യങ്ങളില്ലാത്ത കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അന്ധതയും കൂട്ടുപിടിച്ച് ടിഫ്നി പടികടന്നെത്തുമ്പോൾ ചുറ്റും ശൂന്യത മാത്രമായിരുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. പഠിക്കണം മുന്നേറണം എന്ന് മനസ് മന്ത്രിക്കുമ്പോഴും 'നീ ഇത് ചെയ്യരുത്... അവിടെ പോകരുതെന്ന് കാരണം നിനക്ക് കണ്ണ് കാണില്ല " എന്ന് തുടങ്ങിയ സ്നേഹശാസനകൾ കേട്ട് മനസ് സഹികെട്ടു. മറ്റ് കുട്ടികൾ പഠിക്കുമ്പോൾ ക്ലാസിലെ പിൻ ബെഞ്ചിൽ കളർ പെൻസിൽ തന്ന് ടീച്ചർമാർ തന്നെ മാറ്റിയിരുത്തുമായിരുന്നുവെന്ന് ടിഫ്നി പറയുന്നു. ചോദ്യങ്ങൾ ചോദിക്കില്ല, ഉത്തരം പറയേണ്ട, പഠിക്കാൻ പറയില്ല, കളിക്കാൻ പോകാൻ പാടില്ല....ഇല്ല ... വേണ്ട... പാടില്ല... തുടങ്ങി എല്ലാത്തിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന അവസ്ഥ. ഹോസ്റ്റലിൽ പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നു.. കുടെയുള്ള കുട്ടികളിൽ നിന്നടക്കം കളിയാക്കലുകൾ. കൃത്യസമയത്തിന് ബ്രെയിലി പുസ്തകങ്ങൾ കിട്ടില്ല.
മറ്റു പുസ്തങ്ങൾ ആരെങ്കിലും വായിച്ചു നൽകണം. നോട്ട് എഴുതി നൽകാൻ ആരെങ്കിലും സഹായിക്കണം ഇങ്ങനെ ആരേയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥ. ഇതിനിടെ പത്താം ക്ലാസ് പൂർത്തിയാക്കി. പ്ലസ് ടുവിൽ സയൻസ് വിഷയങ്ങൾ പഠിക്കാൻ ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് അദ്ധ്യാപകർ നിരുസാഹപ്പെടുത്തി. പോരാത്തതിന് കണക്ക് പോലുള്ള വിഷയങ്ങൾ ശരിയായി പറഞ്ഞ് മനസിലാക്കി തരാൻ ആളില്ലാത്തതിനാൽ തന്നെ അവ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഹ്യുമാനിറ്റീസ് വിഷയം തിരഞ്ഞെടുത്തു. ഇതിനിടെ അച്ഛന് പലയിടങ്ങളിൽ സ്ഥലം മാറ്റം വന്നു. ഊട്ടിയടക്കം ചില ഇടങ്ങളിൽ അച്ഛനൊപ്പം അവളും പോയി. മലയാളം, ഹിന്ദി, തമിഴ്, നേപ്പാളി, ഇംഗ്ലീഷ് തുടങ്ങി അഞ്ച് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് ഇത്തരം യാത്രകൾ അവൾക്ക് നൽകിയ സമ്മാനം. ഇതിനിടെ വഴുതക്കാട് വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും പൂർത്തിയാക്കി.
കാന്താരിയിൽ നിന്ന്
2009ൽ ബ്രെയിൽ വിത്തൗട്ട് ബോഡേഴ്സ് എന്ന് സന്നദ്ധസംഘടനയുടെ സബ് പ്രോജക്ടായ കാന്താരിയുടെ പ്രവർത്തകയായി ടിഫ്നി. അന്ധയായ ജർമൻ വനിത സബ്രിയ ടെംബർഗും ഭർത്താവ് പോൾ ക്രൂണൻ ബെർഗും ചേർന്ന് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ട് വരാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് പരിശീലനം നൽകാൻ ആരംഭിച്ചതാണ് കാന്താരി. കാന്താരിയിൽ ഏഴു മാസത്തെ ലീഡർ ഷിപ് ട്രെയിനിംഗ് കോഴ്സ് കഴിഞ്ഞതോടെയാണ് ടിഫ്നിയുടെ ജീവിതത്തിന് പുതിയ മാനങ്ങൾ കൈവന്നത്. 19 വയസു വരെ സ്വന്തമായി ഡ്രസ് പോലും ഇടാൻ കഴിയില്ലെന്ന് കരുതിയ ടിഫ്നി പരസഹായമില്ലാതെ പുറത്തിറങ്ങി സഞ്ചരിക്കാൻ തുടങ്ങി. പലപ്രാവശ്യം വീണു. പിന്നെയും എഴുന്നേറ്റ് നടന്നു. വിജയങ്ങൾക്ക് കുറുക്കുവഴികളില്ലെന്നും ലക്ഷ്യബോധവും ആത്മവിശ്വാസവുമുണ്ടെങ്കിൽ എന്തും കൈപ്പിടിയിലൊതുക്കാമെന്ന് പലപ്രാവശ്യം മനസിൽ മന്ത്രിച്ചു. നമുക്ക് ആരും കൂട്ടുവരില്ല. നമ്മുടെ കൂട്ട് നമ്മൾ തന്നെയാണെന്ന് പഠിച്ചു. കൂട്ടില്ലാതെ എന്തും ചെയ്യാൻ കഴിയുമെന്ന വെളിച്ചം മനസിൽ ഉദിച്ചു. ജ്യോതിർഗമയ 'അന്ധകാരത്തിൽ നിന്ന് വെളിച്ചത്തേക്ക് " എന്ന മറ്റൊരു പ്രസ്ഥാനം തുടങ്ങാൻ പ്രചോദനമായത് ഈ വെളിച്ചം തന്നെയാണ്.
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്
2012ൽ ജ്യോതിർഗമയുടെ ആരംഭഘട്ടത്തിൽ ഇതൊരു മൊബൈൽ സ്കൂൾ മാത്രമായിരുന്നു. കാഴ്ചയില്ലെന്നത് കൊണ്ടു മാത്രം വീടുകളിലെ അകത്തളങ്ങളിൽ ജീവിതം നരകിച്ച് തീർക്കുന്നവരെ പൊതു നിരത്തിലെത്തിക്കുക എന്നതാണ് ടിഫ്നി ലക്ഷ്യം വച്ചത്. തനിക്ക് കിട്ടിയപോലുള്ള പരിശീലനങ്ങൾ മറ്റുള്ളവർക്ക് നൽകണം. അതിനായി കാഴ്ചശക്തിയില്ലാത്തവരെ തേടി ഗ്രാമങ്ങളിലും നഗരങ്ങളിലും പുഞ്ചിരിയും ആത്മവിശ്വാസും നിറഞ്ഞ മുഖവുമായി ഉറച്ച ചുവട് വയ്പ്പോടെ ടിഫ്നി ഇറങ്ങി തിരിച്ചു. ആദ്യമൊക്കെ ട്രാൻസ്പോർട്ട് ബസിലായിരുന്നു യാത്ര. ഒരു ദിവസം ഒന്നോ രണ്ടോ വീട്ടിലേ പോകാൻ കഴിയുമെന്നായി. ഭക്ഷണം പോലുമില്ലാതെ അലഞ്ഞുതിരിഞ്ഞ് തിരികെ വീടെത്തുമ്പോൾ അർദ്ധരാത്രിയാകും. പ്രയാസങ്ങളേറെ... എന്നാൽ ഫലം വിചാരിച്ചത്ര കിട്ടിയതുമില്ല. ഇതോടെയാണ് സെന്ററിൽ എത്തിച്ച് കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകാൻ തീരുമാനിച്ചത്. 2015ൽ തിരുവനന്തപുരം അമ്പലമുക്കിൽ വാടകക്കെട്ടിടത്തിൽ ജ്യോതിർഗമയ സ്കൂൾ തുടങ്ങി.ഗുരുകുല രീതിയിൽ മൂന്നു മാസത്തെ പഠനകാലമായിരുന്നു ടിഫ്നി വിദ്യാർത്ഥികൾക്കായി ചിട്ടപ്പെടുത്തിയത്.
ഇംഗ്ലീഷ് ഭാഷ, കംപ്യൂട്ടർ, ആൻഡ്രോയ്ഡ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ, യോഗ,ആത്മവിശ്വാസം കൂട്ടാനുള്ള പരീശീലനങ്ങൾ തുടങ്ങിയവ ജ്യോതിർഗമയയിൽ നൽകിത്തുടങ്ങി.വിദ്യാർത്ഥികൾക്ക് പഠനവും താമസവും ഭക്ഷണവും എല്ലാം സൗജന്യം. ഒന്നും ചെയ്യാൻ കഴിയില്ല എന്നിടത്ത് നിന്ന് എല്ലാം ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുന്നിടത്താണ് കോഴ്സ് അവസാനിക്കുന്നത്. പതിനൊന്ന് ബാച്ചുകളിലായി അറുപതോളം പേർ പ്രകാശം നിറഞ്ഞ ലോകത്തിലേക്ക് പിച്ചവച്ചിറങ്ങി. ഒരു കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ് ജ്യോതിർഗമയ പ്രവർത്തിക്കുന്നത്. ഇതിന് പകരം ഒരു പരിസ്ഥിതി സൗഹൃദ ക്യാംപസ് തുടങ്ങണമെന്നാണ് ടിഫ്നിയുടെ മോഹം. ‘അവിടെ അന്ധരായവർക്കു കളിക്കാൻ ഒരു മൈതാനം, കംപ്യൂട്ടർ ലാബ്, ഓഡിയോ ലൈബ്രറി. ഇവിടത്തെ പഠനത്തിലൂടെ ഉൾക്കാഴ്ച തെളിയുന്ന മക്കളെ സമ്പാദ്യമായി മാതാപിതാക്കൾ കരുതണം’– സ്വപ്നങ്ങളുടെ ചിറകിന് കീഴിൽ ടിഫ്നി പറക്കുന്നു. കണ്ണടച്ചിരുട്ടാക്കാത്ത ചിലരുടെ കരുതലിൻ കരങ്ങളിലാണ് ജ്യോതിർഗമയ ഇപ്പോൾ നീങ്ങുന്നത്. അന്ധരായവരുടെ ചുറ്റും പ്രകാശം പരത്താൻ ആഗ്രഹിക്കുന്നവർ. ടിഫ്നിയുടെ പിതാവ് സൈനികസേവനത്തിനു ശേഷം തായ്ലൻഡിൽ ബിസിനസ് സ്ഥാപനം നടത്തുകയാണ്. പിതാവിൽ നിന്ന് സാമ്പത്തിക സഹായമൊന്നും സ്വീകരിക്കാതെയാണ് ടിഫ്നി ‘ജ്യോതിർഗമയ"യുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. അന്ധരായ കുട്ടികൾക്കായി ഇന്ത്യയിലൊട്ടാകെ ക്യാമ്പും സംഘടിപ്പിക്കാറുണ്ട്.
ടിഫ്നീസ് തിയറി
സ്കൂളിൽ പഠിക്കുമ്പോൾ ഇന്ത്യയുടെ തലസ്ഥാനമേതെന്ന് ചോദ്യത്തിന് എഴുന്നേറ്റ് ഉത്തരം പറയാൻ തുടങ്ങുന്നതിനിടെ, മോളിരുന്നോ മോൾക്ക് കാഴ്ചയില്ലല്ലോ എന്ന് പറഞ്ഞ ടീച്ചറിനെ ടിഫ്നി ഇപ്പോഴും ഓർക്കുന്നു.'' കാഴ്ചയില്ലാത്തതും ഉത്തരം പറയുന്നതുമായി എന്താണ് ബന്ധമെന്നത് എന്നെ ഏറെ വലച്ച ചോദ്യമാണ്. എന്നാൽ ഇന്ന് അതിനുള്ള ഉത്തരം എന്റെ പക്കലുണ്ട്. കാഴ്ചശക്തിയില്ലാത്തതല്ല ഒരാളെ അന്ധയാക്കുന്നത്. ഒന്നിനും അവരെക്കൊണ്ട് കൊള്ളില്ലെന്ന് ചുറ്റും നിൽക്കുന്നവർ നിരന്തരം പറയുന്നതാണ് അവരെ ബാധിക്കുന്ന ശരിയായ അന്ധകാരം. അത് അവരുടെ ആത്മവിശ്വാസത്തെ പൂർണ്ണമായും നശിപ്പിക്കുന്നു. നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്, സമൂഹമല്ല. എല്ലാം നമുക്ക് സാധിക്കുമെന്നുള്ള ആത്മവിശ്വാസം മതി. ആയിരം പേർ നമ്മളെ സഹായിക്കും. അന്ധത ഒരു ജീവിതാവസ്ഥ മാത്രമാണ്, അന്ധത ബാധിക്കാത്ത മനസാണ് മറ്റുള്ളവരെ അറിയാൻ വേണ്ടത്."" ടിഫ്നി പറഞ്ഞു നിറുത്തി.
(ലേഖികയുടെ ഫോൺ: 9946103963)