ആർത്തവ അശുദ്ധികളോട് കടക്കൂ പുറത്ത് പറഞ്ഞ് പെൺകുട്ടികൾ തെരുവിൽ ആർപ്പോ ആർത്തവം ആഘോഷിക്കുകയാണ്. എന്റെയുള്ളിൽ ഒരു കന്നിയാർത്തവക്കാരി രക്തക്കറ പുരണ്ട പെറ്റിക്കോട്ടും ചുരുട്ടിപ്പിടിച്ച് നിന്നു വിങ്ങുന്നുണ്ട്.പതിന്നാലു വയസുള്ളപ്പോൾ ഒരു ചിങ്ങമാസത്തിലെ തിരുവോണദിവസമാണ് ഞാൻ വയസറിയിച്ചത്. ഓണം പ്രമാണിച്ച് ബന്ധുക്കളെല്ലാം വീട്ടിലുണ്ട്. എനിക്ക് തലേന്നു മുതൽ പതിവില്ലാത്ത ശാരീരിക അസ്വസ്ഥതകൾ. അപ്പോഴും ആർത്തവമെന്തെന്നോ അതെങ്ങനെയൊക്കെയുള്ള ലക്ഷണങ്ങളോടെയാണ് വരികയെന്നോ അറിയില്ല. അടിവയറ്റിലെ വേദനയും മനംപുരട്ടലുമൊക്കെ പറഞ്ഞിട്ടും ഒരു സൂചന പോലും മുതിർന്നവർ തന്നില്ല. തിരുവോണദിവസം കുളിക്കാനായി രാവിലെ കുളിമുറിയിൽ കയറിയതും ഞാനുറക്കെ കരയാൻ തുടങ്ങി, അങ്ങനെയൊരു കരച്ചിൽ പ്രതീക്ഷിച്ചിരുന്നതു പോലെ അമ്മയും അമ്മൂമ്മയും ഓടി വന്നു. കരഞ്ഞു നിന്ന എന്നോട് ആരേയും തൊടരുത്, അടുക്കളയിൽ കയറരുത്, ഒക്കെ അശുദ്ധമാകും എന്നെല്ലാം പറഞ്ഞു. ഞാൻ ഉടുപ്പെല്ലാം കൂട്ടിപ്പിടിച്ച് കുളിമുറിയുടെ മൂലയിൽ വധശിക്ഷ വിധിക്കപ്പെട്ടവളെ പോലെ ഭയന്നു നിന്നു. ഉടുപ്പ് കൂടുതൽ കൂടുതൽ നനയുന്നു. അമ്മയും അമ്മൂമ്മയും പഞ്ചാംഗം നോക്കി പറയുന്നു, വർഷത്തിലെ ഏറ്റവും ശുഭമായ ദിവസം. ഐശ്വര്യപൂർണ്ണമായ വയസറിയിക്കൽ. ഞാൻ ഋതുമതിയായി. അതു പുറത്തൊന്നു പറയാൻ ഒരു വാക്കു പോലുമില്ല നമ്മുടെ ഭാഷയിൽ.. കാരണം ഈയടുത്ത കാലം വരെ അതു പറയേണ്ട ഒരു വാക്കായിരുന്നില്ലല്ലോ.
പണ്ട് പെൺകുട്ടികൾ തമ്മിൽ തമ്മിൽ അതിനെ കുറിച്ചു പറയാൻ കോഡ് ഭാഷയാണുപയോഗിച്ചിരുന്നത്. ഇപ്പോഴും മെൻസ്ചുറേറ്റിംഗ് എന്നു പറയാൻ വാക്കില്ല ആചാരങ്ങളൊക്കെ മിതമായ രീതിയിൽ ആചരിച്ചു പോന്ന ഒരു സാധാരണവീടായിരുന്നു എന്റേത്. അതിൽ ഈ നാണം കെട്ട ആചാരവും ഉൾപ്പെട്ടിരുന്നു. അമ്മയും അമ്മൂമ്മയും എന്നെ തൊടുന്നതേയില്ല. മുണ്ട് തറ്റുടുക്കണമെന്നും അങ്ങനെ തറ്റുടുത്തു വേണം ഇനി നടക്കാനെന്നും പറഞ്ഞു. ആ മുണ്ടും അതിനകത്ത് കുഞ്ഞു തലയിണ പോലെ മടക്കിത്തന്ന തുണിക്കെട്ടുമായി മൂന്നു ദിവസം. വീട്ടിൽ കുരവയിടീലും മധുരപലഹാരം വിളമ്പലും പായസമുണ്ടാക്കലുമാണ്. ആരേയും തൊടാതെ, പൂവിടാതെ, ഊഞ്ഞാലാടാതെ ആ ഓണക്കാലം കഴിച്ചു കൂട്ടി. ഞാൻ മുഴുവൻ സമയവും കമിഴ്ന്നു കിടന്നു. കുളിമുറിയിൽ പോകാൻ ഭയന്നു. വൃത്തികെട്ട ഗന്ധമുള്ള തുണികൾ കഴുകുകയോ കത്തിച്ചു കളയുകയോ വേണം. ആർക്കും ഒരു ദയയുമില്ല. എല്ലാവരും വലിയ ആഘോഷത്തിൽ.
'പുറത്തു മാറൽ" എന്നാലെന്താണെന്ന് അന്നൊന്നും വീട്ടിലാരും പറഞ്ഞു തരുമായിരുന്നില്ല. അമ്മ പുറത്തു മാറിയിരിക്കുമെന്നല്ലാതെ അഞ്ചു പെൺകുട്ടികളുള്ള വീടായിരുന്നിട്ടും ഞങ്ങൾക്കാർക്കും ഇതിന്റെ ഉള്ളുകള്ളികൾ അറിയുമായിരുന്നില്ല. പെൺശരീരമാകെ ഒരു വലിയ രഹസ്യമായി പൊതിഞ്ഞു പിടിച്ചിരുന്ന വൃത്തികെട്ട കാലമായിരുന്നു ഞങ്ങളുടേത്. അന്ന് ഞാൻ പഠിച്ചിരുന്ന സ്കൂളിൽ പെൺകുട്ടികൾക്ക് അടപ്പുള്ള മൂത്രപ്പുരകളില്ല. ശുചീകരണസംവിധാനങ്ങളൊന്നുമില്ലാത്ത, വശങ്ങളിലെ ചുവരല്ലാതെ വാതിലുകളോ മച്ചോ ഇല്ലാത്ത, മൂത്രമങ്ങനെ പരന്നൊഴുകുന്ന വലിയ ഒരോവുപുര മാത്രം. അവിടെ ഒരു മടിയും വിചാരിക്കാതെ ഞങ്ങൾ കൂട്ടമായി പോയിരുന്നു മൂത്രമൊഴിക്കും. അന്നൊരു ദിവസം മൂത്രമൊഴിക്കാൻ കയറിയ ഞങ്ങൾ അവടവിടെ കട്ടിയുള്ള രക്തത്തുള്ളികൾ കിടക്കുന്നതു കണ്ടു. ഭയന്നു പോയി. സ്റ്റാഫ് റൂമിലേക്ക് ഓടിച്ചെന്ന് ടീച്ചറോടു പറഞ്ഞു, മൂത്രപ്പുരയിൽ പലയിടത്തായി ചോരത്തുള്ളികൾ കണ്ട വിവരം. ചൊവ്വയും വെള്ളിയും സ്കൂൾ പരിസരത്ത് യക്ഷികളുടെ സഞ്ചാരമുണ്ടെന്നുള്ള കഥകൾ കേട്ടിട്ടുണ്ട്.. രക്തത്തുള്ളികൾ ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി. ബയോളജി ടീച്ചർ പറഞ്ഞു, മുതിർന്ന ചേച്ചിമാർ അവിടെ വന്ന് കാലിലെ നഖം വെട്ടുകയോ മറ്റോ ചെയ്തിരിക്കും. ഭയപ്പെടണ്ട എന്ന്. ശരീരശാസ്ത്രം ഞങ്ങളെ പഠിപ്പിച്ചിരുന്നത് ഈ മാതിരി ലജ്ജാശീലമുള്ള അദ്ധ്യാപകരായിരുന്നു. അവർക്ക് കൃത്യമായി ഞങ്ങളുടെ ആശങ്കകൾ മാറ്റിത്തരാനും മികച്ച ശരീരപാഠങ്ങൾ പഠിപ്പിച്ചു തരാനും കഴിഞ്ഞില്ല. ആധുനിക വിദ്യാഭ്യാസം ലഭിച്ചിട്ടും ആന്തരികവിദ്യാഭ്യാസം ലഭിക്കാത്ത, അശുദ്ധകളെന്ന് സ്വയം പ്രഖ്യാപിക്കുന്ന സ്ത്രീകളെ തെരുവിൽ കണ്ടപ്പോൾ ഞാൻ ഇത്തരം അദ്ധ്യാപികമാർക്ക് അതിലുള്ള കുറ്റകരമായ പങ്കിനെ കുറിച്ചോർമ്മിച്ചു.
നഗരത്തിലെ വനിതാ കോളേജിൽ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട പരിഷ്കൃതരായ കുട്ടികളുമായി ഇടപെട്ടു തുടങ്ങിയതോടെയാണ് ആധുനികമായ രീതിയിൽ 'പീരീഡ്സി"നെ നേരിടാൻ പഠിച്ചത്. ഞങ്ങൾ പരിഷ്കരിക്കപ്പെട്ടതോടെ വീട്ടിലെ ആചാരങ്ങൾക്കും അയവു വന്നു. ശബരിമല സീസണിൽ മാത്രമായി മാറിയിരിക്കൽ. പിന്നീടൊരിക്കൽ പോലും പീരീഡ്സ് എനിക്ക് ഒരു ശാപമായി തോന്നിയിട്ടില്ല. കാരണം ഈ മാറിയിരിക്കലൊഴിച്ചാൽ എനിക്ക് ആർത്തവം പ്രത്യേക ശാരീരിക ബുദ്ധിമുട്ടുകളൊന്നുമുണ്ടാക്കിയിരുന്നില്ല. കൂട്ടുകാരികളിൽ പലരും വയറുവേദനയുമായി ക്ലാസ്സ് കട്ട് ചെയ്ത് ലൈബ്രറിയിൽ പോയിരിക്കുമായിരുന്നു. ലൈബ്രറി എന്നായിരുന്നു 1985 - 90 കാലഘട്ടത്തിൽ പോലും അതിനു ഞങ്ങൾ പറഞ്ഞിരുന്ന കോഡ് ഭാഷ.
കാലം മാറി. എത്ര അനായാസമാണ് എന്റെ മകൾ ആ അവസ്ഥകളെ നേരിട്ടത്. എന്റെ ഒരു ചെറിയ സഹായം പോലും ഈ ഘട്ടത്തിൽ അവൾക്ക് ആവശ്യമുണ്ടായിരുന്നില്ല. അവൾക്ക് ശാസ്ത്രീയമായ അറിവുകൾ സ്വന്തം ശരീരത്തെക്കുറിച്ചുണ്ടായിരുന്നു. ഒളിച്ചും പാത്തുമല്ല അവരുടെ ആർത്തവകാലങ്ങൾ. സഹപാഠികളായ ആൺകുട്ടികളോട് സാനിട്ടറി നാപ്കിൻ വേണമെന്നു പറയാനവർക്കു മടിയില്ല. വിവാഹദിവസമായാലും ആർത്തവം വരുമോ എന്ന ഉത്കണ്ഠ അവർക്കില്ല. അനാവശ്യമായി ആർത്തവം നീട്ടി വെക്കാനുള്ള മരുന്നുകൾ അവർ കഴിക്കുന്നില്ല. വന്നാൽ വരട്ടെ എന്നാണ് മട്ട്. ആർത്തവം അശുദ്ധിയാണ് എന്നു കൈകൊട്ടിപ്പാടി നടക്കുന്ന കുലസ്ത്രീകളെ അവർ കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. ക്ഷേത്രങ്ങൾ അവരുടെ ആകുലതയല്ല. അവിടെ കയറേണ്ടി വരുമ്പോൾ ആർത്തവമുണ്ടോ ഇല്ലയോ എന്ന് അവർ വിളംബരം നടത്തുന്നില്ല.
ആർത്തവം ഏതാണ്ടു നിലച്ച മട്ടിൽ രണ്ടുകൊല്ലം കഴിഞ്ഞപ്പോഴായിരുന്നു അപ്രതീക്ഷിതമായ ആ രണ്ടാംവരവ്. അന്ന് തിരുവനന്തപുരത്ത് പ്രസ് ക്ലബിൽ ഒരു പുസ്തകപ്രകാശനം നടക്കുന്നു. നടൻ തിലകനിൽ നിന്ന് ഞാൻ പുസ്തകം ഏറ്റു വാങ്ങുന്നു. ഒരു ഇളം വയലറ്റ് ചുരിദാറായിരുന്നു എന്റെ വേഷം. സ്റ്റേജിൽ നിന്നു താഴെ ഇറങ്ങിയപ്പോൾ ഒരു സ്ത്രീ രഹസ്യമായി പറഞ്ഞു, ടീച്ചറുടെ ചുരിദാറിൽ രക്തക്കറ. തോന്നിയതാകുമെന്നേ ഞാൻ കരുതിയുള്ളു. പതുക്കെ ടോയ്ലെറ്റിൽ പോയി നോക്കിയപ്പോൾ ഞാൻ സന്തോഷം കൊണ്ട് കുറച്ചു സമയം സ്വയം മറന്നു നിന്നു. ചെറുപ്പം ശരീരത്തെ പൂർണ്ണമായി ഉപേക്ഷിച്ചു കഴിഞ്ഞിട്ടില്ലല്ലോ എന്നൊരു ഉത്തേജനം. പിന്നെയൊരു ആഘോഷമായിരുന്നു. ഉടുപ്പിലെ ആ രക്തക്കറയുമായി പരസ്യമായിത്തന്നെ കൂടെയുള്ളവരോട് എനിക്ക് പാഡ് വേണമെന്നാവശ്യപ്പെട്ടു. ഞാൻ ആർത്തവത്തിലാണെന്ന് തെല്ലഹങ്കാരത്തോടെ തിരുവനന്തപുരത്തെ തെരുവുകളിൽ നടന്നു. എന്റെ രണ്ടാം വയസറിയിക്കൽ. ലജ്ജാകരവും വൃത്തികെട്ടതുമെന്ന ബോധത്തിൽ തുടങ്ങിയ എന്റെ ആർത്തവം അങ്ങനെ അഭിമാനകരമായി പരസ്യമായി അഹങ്കാരത്തോടെ പെരുവഴിയിൽത്തന്നെ ആസ്വദിച്ചു. ഇനി വരാൻ സാദ്ധ്യതയില്ലെങ്കിലും എന്റെ ആവേശഭരിതമായ ശരീരത്തെ അങ്ങനെയങ്ങുപേക്ഷിക്കാനാകുമോ ആ രക്തശോഭകൾക്ക്.. ഞാൻ കാത്തിരിക്കുന്നു. ഈ ആഘോഷങ്ങളുടെ കാലത്ത് ആ ശുദ്ധി ഒരിക്കൽ കൂടി എന്നെത്തേടി വരാതിരിക്കുമോ?