കോഴിക്കോട് എനിക്ക് കുറേ സുഹൃത്തുക്കളുണ്ട്. 1986ൽ ഒരിക്കൽ കോഴിക്കോട്ട് ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ഇതിലെ ചില കക്ഷികൾ കാപ്പാട് ബീച്ചിൽ പോകാനായി അന്നു വൈകുന്നേരം വണ്ടിയുമായി വന്നു. കടപ്പുറമായതിനാൽ സൂര്യാസ്തമനം ഒരു ലക്ഷ്യമായിരുന്നു. എന്നാൽ എന്നെ പുതിയ കാഴ്ചകൾ കാണിച്ചു കാപ്പാട് ബീച്ചിലെത്തിക്കുമ്പോൾ നന്നേ വൈകിപ്പോയിരുന്നു. കാറിൽ നിന്ന് കാമറയുമായി പുറത്തിറങ്ങുമ്പോൾ അസ്തമയം നടക്കുകയായിരുന്നു എന്നു പറയാം. പോസു ചെയ്യിക്കാനോ എന്തെങ്കിലും അഡ്ജസ്റ്റുമെന്റുകൾ നടത്താനോ സമയമില്ലെന്ന് ഞാൻ മനസിലാക്കി.
അടുത്തുനിന്ന ഒരു കക്ഷിയോട് വെറുതെ കൈ ഒന്ന് നീട്ടാൻ പറഞ്ഞു. മടിച്ച് മടിച്ചു കൈനീട്ടുമ്പോൾ ഒന്നും പിടികിട്ടാതെ എന്തിനാണെന്ന് ആ കക്ഷി ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ തർക്കിക്കാനോ വിശദീകരിക്കാനോ സമയമില്ലാത്തതിനാൽ പിന്നെപ്പറയാം എന്ന് മാത്രം പറഞ്ഞു വേഗം ക്ലിക്ക് ചെയ്തതും സൂര്യൻ കടലിൽ താണതും ഒപ്പമായിരുന്നു. എന്തായിരുന്നു സംഭവമെന്ന് സംശയംവിടാതെ കൈനീട്ടിയ നമ്മുടെ മോഡൽ പിന്നാലെ വന്നു ചോദിച്ചു. ഇന്നത്തെപ്പോലെ ഉടനെ മോണിറ്ററിൽ ഇമേജ് കാണിക്കാൻ കഴിയില്ലായിരുന്നല്ലോ. ആ സസ്പെൻസ് അങ്ങനെ നിൽക്കട്ടെ എന്ന് കരുതി ഞാൻ അങ്ങ് ചെന്നിട്ടു ഫോട്ടോ അയച്ചുതരാം അപ്പോൾ മനസിലാകും എന്ന് മാത്രം പറഞ്ഞു.
നമ്മുടെ സ്വത്തും മുതലും സമ്പത്തുമൊക്കെ അടിച്ചുമാറ്റാനായിട്ടായിരുന്നെങ്കിലും ആദ്യമായി വാസ്കോഡിഗാമ കാലുകുത്തിയ കാപ്പാട് കടപ്പുറത്ത് അങ്ങനെ വർഷങ്ങൾക്കു ശേഷം ഞാനും ആദ്യമായി കാലുകുത്തി! പക്ഷേ അത്തരം ദുരുദ്ദേശമൊന്നും എനിക്കില്ലായിരുന്നു. അന്നുവരെ ആരുടേയും ശ്രദ്ധയിൽ വരാതിരുന്ന ഒരു പുതിയ ഐഡിയ പരീക്ഷിച്ചതായിരുന്നു അത്. ഞാനുദ്ദേശിച്ചപോലെ ഇത്ര കൃത്യമായികിട്ടുമെന്ന് കരുതിയിരുന്നില്ല. കുറച്ചു ദിവസിക്കുള്ളിൽ അത് എൻലാർജു ചെയ്തു 'കൈവിളക്ക്" എന്ന ടൈറ്റിലിൽ മത്സരത്തിന് അയച്ചു. ആ വർഷത്തെ കേരളാ യൂണിവേഴ്സിറ്റി യൂണിയന്റെ ഒന്നാംസമ്മാനം അതിനായിരുന്നു. ഭൂലോകത്തെ മുഴുവൻ കൈക്കുമ്പിളിലാക്കിയ... എന്നു തുടങ്ങുന്ന വാചകത്തോടെ കേരളായൂണിവേഴ്സിറ്റി അത് ഗ്രീറ്റിംഗ് കാർഡാക്കി. അതു കഴിഞ്ഞു് വർഷങ്ങൾക്കു ശേഷം ഒരിക്കൽ ബാംഗ്ലൂരിൽ ഒരു ഉദ്ഘാടനത്തിനു വന്ന അടൂർഗോപാലകൃഷ്ണൻ, 'ദത്തനെടുത്ത അന്നത്തെ ആ പടം ഇന്ന് പലരും പലരീതിയിൽ അനുകരിക്കാൻതുടങ്ങിയിരിക്കുന്നു. ആനയുടെ തുമ്പിക്കയ്യിലും പെണ്ണുങ്ങളുടെ കൈയിലും എന്നുവേണ്ടാ പല രീതിയിലും ഇപ്പോൾ അത് എടുത്തുകാണുന്നു" എന്ന് പറയുകയുണ്ടായി. അതുതന്നെ അക്കാലത്ത് ഈചിത്രം എത്രമാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ്.
(ദത്തന്റെ ഫോൺ: 8072548275)