ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ കൃതികളും ആ കൃതികളെക്കുറിച്ചുള്ള ഭാഷ്യങ്ങളും ഗുരുദേവ ദർശനങ്ങളെക്കുറിച്ചുള്ള വൈവിദ്ധ്യമാർന്ന രചനകളും നിരവധിയാണ്. ഗുരുദേവസാഹിത്യം സാഹിത്യത്തിന്റെ ഒരു പ്രത്യേക ശാഖയായി വളർന്നുവരുന്നതു കാണുന്നത് ഗുരുദേവനെ സ്നേഹിക്കുകയും ആരാധിക്കുകുയം ചെയ്യുന്ന കോടാനുകോടി ജനങ്ങൾക്ക് ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണ്. ഗുരുദേവസാഹിത്യം മലയാളത്തെ സംബന്ധിച്ചിടത്തോളം ആർക്കും നിഷേധിക്കാനാകാത്ത ഒരു സാഹിത്യശാഖയായി വളർന്നുകഴിഞ്ഞിരിക്കുന്നു. എന്നാൽ ഗുരുദേവ ദർശനങ്ങളെയും കൃതികളെയും അന്തർദ്ദേശീയ തലത്തിലെത്തിക്കുന്നതിന് ഗുരുവിനെക്കുറിച്ച് മറ്റു ഭാഷകളിൽ പ്രത്യേകിച്ച് ഇംഗ്ളീഷ് ഭാഷയിൽ ഇനിയും ഏറെ രചിക്കപ്പെടേണ്ടിയിരിക്കുന്നു.
ശ്രീനാരായണ ഗുരുദേവ ശിഷ്യരിൽ പ്രമുഖ സ്ഥാനീയരായ നടരാജഗുരുവിന്റെയും ഗുരു നിത്യചൈതന്യയതിയുടെയുമൊക്കെ ഇംഗ്ലീഷ് കൃതികൾ ലോകോത്തരങ്ങളാണെങ്കിൽക്കൂടിയും കൂടുതൽ കൃതികൾ ഇംഗ്ളീഷിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. സമീപകാലത്തു പ്രസിദ്ധീകരിച്ച ഇംഗ്ളീഷിലുള്ള രണ്ടു രചനകൾ ഡോ. മോഹൻദാസ് രചിച്ച 'Sree Narayana Guru: The Prophet of one World" എന്ന കൃതിയും ശ്രീ അശോകൻ വെങ്കാശേരി രചിച്ച 'Sree Narayanaguru :A pe-
rfect union of Budha and Sankara"എന്ന കൃതിയും ഈ ലക്ഷ്യം കൈവരിക്കാൻ ഏറെ സഹായിക്കുന്നവയാണ്. രണ്ടുപേരും സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം ഉപയോഗിച്ച് ഗവേഷണം നടത്തി രചിച്ചിട്ടുള്ള കൃതികളാണിവ. ഡോ. മോഹൻദാസ് രചിച്ച 'ശ്രീനാരായണഗുരു ദി പ്രോഫറ്റ് ഒഫ് ഒൺ വേൾഡ്" എന്ന ഗ്രന്ഥത്തിന്റെ രണ്ടാമത്തെ പതിപ്പിന്റെ പ്രകാശനം ഗോകുലം മെഡിക്കൽ കോളേജ് ചെയർമാൻ ഗോകുലം ഗോപാലൻ അടുത്തകാലത്ത് നിർവ്വഹിക്കുകയുണ്ടായി.
അശോകൻ വെങ്കാശേരി എന്ന അമേരിക്കൻ ഇന്ത്യക്കാരന്റെ സമർപ്പിതമായ അദ്ധ്വാനത്തിന്റെയും പഠനത്തിന്റെയും ഫലമായിട്ടുണ്ടായിട്ടുള്ള മറ്റൊരു സൃഷ്ടിയാണ് 'Sree Narayana-
guru : A perfect union of Budha And Sankara"ഈ രണ്ടു ഗ്രന്ഥങ്ങളും ശ്രീനാരായണ സാഹിത്യത്തിന് ഈടുറ്റ മുതൽക്കൂട്ടാണെന്ന് നിസ്സംശയം കരുതാം. ഈ ലേഖനം ഡോ. മോഹൻദാസ് രചിച്ച 'Sree Narayana Guru: The Proph-
et of One World" എന്ന ഗ്രന്ഥത്തെയാണ് വിലയിരുത്തുന്നത്. പതിനേഴ് അദ്ധ്യായങ്ങളായി ഗുരുവിന്റെ ജീവിതകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ രൗദ്രഭാവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒന്നാമത്തെ അദ്ധ്യായത്തിൽ തുടങ്ങി ഗുരുദേവന്റെ ജനനം മുതൽ മഹാസമാധി വരെയുള്ള ജീവചരിത്രവും ഗുരുവുമായി ബന്ധപ്പെട്ടുണ്ടായ തീർത്ഥാടനകേന്ദ്രങ്ങളും ഗുരുവിന്റെ കൃതികളും അവയുടെ ഭാഷ്യങ്ങളും ഒക്കെ ഇതിലെ പ്രതിപാദ്യ വിഷയങ്ങളാണ്. ഗുരുവിന്റെ മതസങ്കല്പവും ജാതിസങ്കല്പവും വിളിച്ചോതുന്ന മറ്റൊരു കൃതിയാണ് 'ജാതി നിർണയം" ഈ കൃതിയിലൂടെയാണ് ഗുരു തന്റെ വിശ്വ പ്രസിദ്ധമായ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന കാഴ്ചപ്പാടും ആവിഷ്ക്കരിച്ചത്.
ആറാം അദ്ധ്യായത്തിൽ ഗുരുവിന്റെ യുക്തിയിലധിഷ്ഠിതമായ കാഴ്ചപ്പാടുകളാണ് പ്രതിപാദ്യം. ഗുരുവിന്റെ കാഴ്ചപ്പാടുകൾക്ക് ശ്രീബുദ്ധന്റെയും ശങ്കരാചാര്യരുടേതുമായി വളരെ സമാനതകളുണ്ടെങ്കിൽപോലും ഗുരുവിന്റെ വേദാന്തം വിശ്വമാനവികതയിൽ അധിഷ്ഠിതമായതായിരുന്നു വേദാന്തത്തിലെ മഹാവാക്യങ്ങളിൽ പ്രത്യേകിച്ച് നാലെണ്ണം. 'അഹംബ്രഹ്മാസ്മി", 'തത്ത്വമസി",'പ്രജ്ഞാനംബ്രഹ്മ", 'അയമാത്മാബ്രഹ്മ" എന്നിവ അദ്വൈതത്തിന്റെ ആധാരശിലകളാണ്. ശങ്കരനെപ്പോലെ ഗുരുദേവനും ഈ നാല് ആധാരശിലകളിൽ ഉറച്ചു നിന്നുകൊണ്ടുതന്നെയാണ് തന്റെ ദർശനങ്ങൾക്ക് രൂപവും ഭാവവും കല്പിച്ചത്. ജാതിവ്യവസ്ഥയെ ശങ്കരാചാര്യർ തന്റെ വിഖ്യാതമായ ബ്രഹ്മസൂത്ര ഭാഷ്യത്തിലൂടെ ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ ഗുരുദേവൻ ജാതിവ്യവസ്ഥയെ നഖശിഖാന്തമെതിർത്തു. ജാതിനിർണ്ണയമെന്ന സ്വന്തം കൃതിയിലൂടെ ജാതിവ്യവസ്ഥയുടെ നിരർത്ഥകത ഗുരു വരച്ചുകാട്ടി.
ഡോ. പല്പുവിനെക്കൂടാതെ ചിന്നസ്വാമിയെന്നറിയപ്പെട്ടിരുന്ന ഖണ്ഡകാവ്യ പ്രസ്ഥാനത്തിലൂടെ മഹാകവി പട്ടം കിട്ടിയ എസ്. എൻ.ഡി.പി യോഗത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി മഹാകവി കുമാരനാശാനെക്കുറിച്ചും കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രക്രിയയിൽ ഒരു നാഴികക്കല്ലായി മാറിയ വൈക്കം സത്യാഗ്രഹത്തിന്റെ പടനായകനായിരുന്ന ടി.കെ. മാധവനെക്കുറിച്ചും യുക്തിവാദി പ്രസ്ഥാനത്തെയും ശ്രീനാരായണ ദർശനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് മുന്നേറിയ സഹോദരൻ അയ്യപ്പനെക്കുറിച്ചും നിവർത്തനപ്രക്ഷോഭത്തിലൂടെ ഇന്ത്യയുടെ ആകെ ശ്രദ്ധ പിടിച്ചുപറ്റിയ കേരളസിംഹം എന്നറിയപ്പെടുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സി. കേശവനെക്കുറിച്ചും സംഘടനകൊണ്ട് ശക്തരാക്കുക വിദ്യാഭ്യാസം കൊണ്ട് പ്രബുദ്ധരാക്കുക എന്നുള്ള ഗുരുദേവ വചനം ശിരസാവഹിച്ചുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പ്രധാനകൃതികളെക്കുറിച്ചും ശ്രീനാരായണ പ്രസ്ഥാനങ്ങളെക്കുറിച്ചും അവയുടെ നിർണായകമായ ചരിത്രനേട്ടങ്ങളെക്കുറിച്ചും ക്രോണോളജിക്കൽ ആയിട്ടുള്ള ഒരവതരണമാണ് ഈ ഡയറിയും കലണ്ടറും നമുക്ക് നൽകുന്നത്. ഗുരുവിനെക്കുറിച്ച് സാധാരണയിൽ കൂടുതൽ അറിവുള്ളവർക്ക് പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കുന്നതിന് ഈ ഡയറിയും കലണ്ടറും സഹായകമാണെന്നതിന് തർക്കമില്ല.