ധർമ്മാധർമ്മങ്ങൾ നേർക്കുനേർ പോരാടിയ കുരുക്ഷേത്രത്തിൽ പോർവിളികളുടേയും, ജയാരവങ്ങളുടേയും ഘോഷങ്ങളൊടുങ്ങിയപ്പോൾ അവശേഷിച്ചതെന്താണ്? ദുഃഖങ്ങളുടെ - നഷ്ടങ്ങളുടെ കണക്കുമാത്രം. പാണ്ഡവരുടേയും കൗരവരുടേയും വാത്സല്യഭാജനമായ സഹോദരി ദുശ്ശള. അവളുടെ ഭർത്താവ് ജയദ്രഥൻ കൊല്ലപ്പെട്ടത് സ്വസഹോദരനായ അർജ്ജുനന്റെ കൈകൊണ്ടു തന്നെ. യുദ്ധാനന്തരം അർജ്ജുനൻ അശ്വമേധത്തിന്റെ ഭാഗമായി സൈന്ധവരാജ്യത്തെത്തിയപ്പോൾ പിതൃഘാതകന്റെ വരവറിഞ്ഞ് ഭയന്നുപോയ സുരഥരാജാവ് മരിച്ചു വീഴുന്നു.
ദുശ്ശളയാകട്ടെ മകന്റെ കുഞ്ഞിനെയുമെടുത്ത് അർജ്ജുനന്റെ സവിധത്തിലെത്തുകയും ആയിടെജനിച്ച അഭിമന്യുപുത്രന്റെ നേർക്കെന്നപോലെ ഈ കുഞ്ഞിനോടും വാത്സല്യമുണ്ടാകണമെന്നും ഇവന്റെ ജീവനെങ്കിലും തരണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. ജയദ്രഥൻ വധിക്കപ്പെട്ട് മൂന്നുമാസം തികയുന്നതിനടുത്തദിവസത്തെ ദുശ്ശളയുടെ ചിന്താധാരയോടെയാണ് നോവൽ തുടങ്ങുന്നത്. ക്രമേണ അർജ്ജുനൻ കർത്തൃസ്ഥാനത്തേക്കുവരുന്നു. ആത്മവിമർശനവും, കുറ്റബോധവും ധർമ്മസങ്കടങ്ങളും ഇടചേർന്നുവരുന്ന അർജ്ജുനന്റെ ബോധധാരയിലൂടെ മഹാഭാരതകഥ ഇതൾവിരിഞ്ഞു വരുകയാണിവിടെ. പച്ചമനുഷ്യരുടെ അന്തഃസംഘർഷങ്ങൾ ഉള്ളവരായി ഇതിഹാസ കഥാപാത്രങ്ങളെ ചിത്രീകരിക്കാൻ നോവിലിസ്റ്റ് ശ്രദ്ധിച്ചിരിക്കുന്നു. ആയോധനപ്രദർശനവേളയിൽ കർണ്ണൻ നേരിട്ട അപമാനം, പാഞ്ചാലീസ്വയംവരം, ധനുർധരന്റെ ശിഷ്ടജീവിതം രാധേയൻ വച്ചു നീട്ടിയ ഔദാര്യമാണെന്നു തിരിച്ചറിഞ്ഞ സന്ദർഭം തുടങ്ങി
അങ്ങനെയങ്ങനെ ആത്മനിന്ദയോടെ മാത്രം ഓർക്കപ്പെടേണ്ട പലപല രംഗങ്ങളും അർജ്ജുനന്റെ അന്തരംഗത്തിലൂടെ കടന്നു പോകുന്നു. അഭിജാതകുലത്തിന്റേയും, രാജനീതിയുടേയും മുഖ്യധാരയിലേയ്ക്ക് വെളിച്ചം വീശുമ്പോൾ തന്നെ പാർശ്വവത്കൃതരുടെ നോവുകളിലേക്ക് കൂടി ദൃഷ്ടി പതിപ്പിച്ചുകൊണ്ട് പുരാണകഥയുടെ കേവലപുനരാഖ്യാനമെന്ന നിലവിട്ട് നോവലിനെ സർഗ്ഗപ്രതിഭയുടെ സ്വതന്ത്രാവിഷ്ക്കാരം തന്നെയാക്കി മാറ്റാൻ കഥാകാരന് കഴിഞ്ഞിരിക്കുന്നു.
ബി.എസ്. രാജേന്ദ്രനെന്ന കാഥികന്റെ ദുശ്ശള എന്ന ഈ നോവൽ പാരായണക്ഷമതകൊണ്ടും, കാലികപ്രസക്തികൊണ്ടും സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടേണ്ട കൃതിയാണെന്ന് നിസ്സംശയം പറയാം.പരിധി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില ₹ 80, പ്രസാധകന്റെ ഫോൺ നമ്പർ: 9895686526, 9497571844