മലയാളികൾ എന്നും അത്ഭുതത്തോടെ നോക്കി നിന്ന ഒരു പ്രണയമുണ്ട്. പാതിയിലേറെ തളർന്ന ശരീരവും തളരാത്ത ഇച്ഛാശക്തിയുമായി ജീവിച്ച സൈമൺ ബ്രിട്ടോയും അദ്ദേഹത്തെ പ്രണയം കൊണ്ട് തോൽപ്പിച്ച സഹയാത്രിക സീനയുടെയും ജീവിതം. ഒരു പുതുവർഷത്തലേന്ന് സീന അടുത്തില്ലാതിരുന്ന ഒരു പകൽ ബ്രിട്ടോ ലോകത്തോട് യാത്ര പറഞ്ഞുപോയി. അന്ത്യയാത്രയെ കുറിച്ച് ബ്രിട്ടോയ്ക്കുണ്ടായിരുന്ന ആഗ്രഹങ്ങളെല്ലാം തളരാതെ നടത്തിയെടുത്ത്, അദ്ദേഹം ബാക്കി വച്ചു പോയ സ്വപ്നങ്ങളുടെ പുറകേ യാത്ര തുടങ്ങുകയാണ് സീനയിപ്പോൾ. എറണാകുളം വടുതലയിൽ പുഴയോരത്തോട് ചേർന്നുള്ള കയം എന്ന വീട്ടിൽ കാണാൻ ചെല്ലുമ്പോൾ നിരവധിയാളുകൾ സീനയെ കാണാനെത്തുന്നുണ്ടായിരുന്നു. വിശേഷം പറച്ചിലുകൾക്കിടയിലെല്ലാം നിറഞ്ഞുനിന്നത് ബ്രിട്ടോയുടെ ഇഷ്ടങ്ങളും വാക്കുകളും മനസും മാത്രം. ഇടയ്ക്ക് പത്തുവയസുകാരി നിലാവിന്റെ ശാഠ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും ചെവി നൽകുന്നു. സീനയോട് ഒന്നും ചോദിക്കേണ്ടിയിരുന്നില്ല. ബ്രിട്ടോ എന്ന ഒറ്റപ്പേരിൽ അവർ ഒരായുസിന്റെ അനുഭവങ്ങൾ കേൾവിക്കാരന് പകർന്നു നൽകും.
തികച്ചും യാഥാസ്ഥിതികരായ വീട്ടുകാരുടെ ഇടയിൽ നിന്നാണ് എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ സീന ഭാസ്കർ ഇറങ്ങിപ്പുറപ്പെടുന്നത്. 1991ൽ എറണാകുളത്ത് എസ്.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന തിരുവനന്തപുരത്ത് നിന്ന് വന്ന മറ്റു കുട്ടിസഖാക്കൾക്കൊപ്പം സൈമൺ ബ്രിട്ടോയെ കാണാനായി പോകുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന എസ്.എഫ്.ഐ മുദ്രാവാക്യം അത്രമേൽ ഉൾക്കൊണ്ട്, നല്ല പ്രായത്തിൽ കുത്തുകൊണ്ട് ശരീരം മുഴുവൻ തളർന്നിരിക്കുന്ന മനുഷ്യൻ നാളെ ലോകത്തിൽ വരാനിരിക്കുന്ന സോഷ്യലിസത്തെ കുറിച്ച് പോസിറ്റീവായി സംസാരിക്കുന്നത് അത്ഭുതത്തോടെയാണ് സീന കേട്ടത്. തിരികെ പോയ സീനയും ബ്രിട്ടോയും കത്തുകളിലൂടെ സംസാരം തുടർന്നു. അന്നു വന്നുകണ്ട കൂട്ടത്തിൽ ഏതു പെൺകുട്ടിയെന്ന് തിരിച്ചറിയാതെയായിരുന്നു രാഷ്ട്രീയം മാത്രം സംസാരിച്ചിരുന്ന ആ കത്തുകൾ ബ്രിട്ടോ എഴുതിയിരുന്നത്.
1992 ഡിസംബർ 6ന് അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന കൺവെൻഷൻ മഹാരാജാസ് കോളേജിൽ നടക്കുന്നു. കുത്തു കൊണ്ടതിന് ശേഷം ആദ്യമായി എസ്.എഫ്.ഐ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ് അന്ന് ബ്രിട്ടോ. അതിൽ പങ്കെടുക്കാൻ സീനയുമെത്തി. മഹാരാജാസിലെ ഒരു പൂമരച്ചോട്ടിൽ വച്ച് ബ്രിട്ടോ സീനയെ കണ്ടു. 'എനിക്ക് അന്നേ സീനയെ ഇഷ്ടപ്പെട്ടു കേട്ടോ..."എന്ന് തമാശരൂപേണ പറഞ്ഞു. ''അയ്യട!" എന്നായിരുന്നു സീനയുടെ മറുപടി. പക്ഷേ, ഒന്നര വർഷത്തിനിടെ പരസ്പരമെഴുതിയ അറുന്നൂറിലേറെ കത്തുകളിലൂടെ അവർ അടുക്കുകയായിരുന്നു.
'എനിക്ക് ഏറ്റവും ഇഷ്ടം ഭക്ഷണവും പുസ്തകങ്ങളും സുഹൃത്തുക്കളുമാണ്. സീനയെന്റെ നല്ല സുഹൃത്ത് ആകുമോ?" ഒരിക്കൽ ബ്രിട്ടോ ചോദിച്ചു. 'എപ്പോഴും" എന്ന് സീനയുടെ മറുപടി. 'സീനയെ വിവാഹം കഴിക്കുന്നയാൾക്ക് ഇഷ്ടമായില്ലെങ്കിലോ?" "അത്തരമൊരാളെ വിവാഹം കഴിക്കില്ല" എങ്കിൽ നമുക്ക് ഒരുമിച്ച് ജീവിച്ചാലോ" ഒട്ടും ആലോചിക്കാതെയായിരുന്നു സീനയുടെ മറുപടി. 'ശരി, ഒന്നിച്ചു ജീവിക്കാം". സീനയുടെ വീടും ചുറ്റുപാടുമൊക്കെ അറിഞ്ഞപ്പോൾ ബ്രിട്ടോയ്ക്ക് ചെറിയ ഭയമുണ്ടായിരുന്നു. പക്ഷേ, വിവാഹം കഴിക്കുമെന്ന് കൊടുത്ത വാക്ക് തെറ്റിക്കുകയെന്നത് ജീവൻ കളയുന്നതിന് തുല്യമെന്ന് കരുതിയിരുന്നു സീന. മുമ്പും ചിലർ പ്രണയിച്ച് വഞ്ചിച്ച കാര്യം പലപ്പോഴും പങ്കു വച്ചിരുന്ന ബ്രിട്ടോയോട് വീണ്ടും ആ ചതി ചെയ്യാൻ തനിക്കാവില്ലെന്ന് സീന ഓർത്തെടുത്തു. അങ്ങനെ 1993 ഒക്ടോബർ 15ന്, ബ്രിട്ടോയ്ക്ക് കുത്തുകൊണ്ട് കൃത്യം പത്തുവർഷവും ഒരു ദിവസവും കഴിഞ്ഞ ദിനം അവർ വിവാഹിതരായി.
കല്യാണം കഴിഞ്ഞ് 22 ദിവസം തിരുവനന്തപുരത്ത് മുടവൻമുകളിൽ പത്മിനി വർക്കിയെന്ന സുഹൃത്തിന്റെ വീട്ടിലെ അണ്ടർഗ്രൗണ്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇരുവരും. വെറും മൂവായിരം രൂപയായിരുന്നു ബ്രിട്ടോയുടെ കൈയിലുണ്ടായിരുന്ന ധനം. അളവുകൊടുത്ത വിവാഹമോതിരം പോലും വാങ്ങാനാവാത്ത സ്ഥിതി. അന്ന് ഡിഗ്രി ഫൈനൽ ഇയർ പരീക്ഷ പോലും എഴുതിയിട്ടില്ല സീന. എങ്ങനെ മുന്നോട്ടു പോകുമെന്ന് ഒരുറപ്പുമില്ല. എത്രകാലം ജീവിക്കും എങ്ങനെ ജീവിക്കും എന്ന് ചോദിച്ചവർ നിരവധി. 'എത്രകാലം എന്നത് പറയാനാവില്ല, ആയുസ് മനുഷ്യന്റെ കൈയിലല്ല. പക്ഷേ, ജീവിച്ച് തെളിയിക്കും" എന്നായിരുന്നു സീനയുടെ മറുപടി.
കഴിഞ്ഞ 25 വർഷക്കാലം ബ്രിട്ടോയും സീനയും തങ്ങളുടെ ജീവിതം കൊണ്ട് ലോകത്തിന്റെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. രാഷ്ട്രീയത്തിലും ജീവിതത്തിലും സീനയ്ക്കുണ്ടായ സംശയങ്ങൾക്കെന്നും ബ്രിട്ടോ മറുപടിയായി. വീട്ടിലെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് എങ്ങനെയെങ്കിലും നിവൃത്തിച്ചു നൽകി. സമൂഹത്തിന്റെ ചോദ്യങ്ങളും ഒളിഞ്ഞുനോട്ടങ്ങളും കുത്തിനോവിക്കലും കണ്ട് 'പോകാൻ പറ സീനാ" എന്ന് പറഞ്ഞു ബ്രിട്ടോ തന്റെ പെണ്ണിനെ ചേർത്തു പിടിച്ചു. ഭാര്യാഭർത്താക്കന്മാരായി ഒരിക്കലും അഭിനയിക്കേണ്ടി വന്നിട്ടില്ല എന്നതാണ് ജീവിതം സന്തുഷ്ടമായതിനു പിന്നിലെന്ന് സീന കൂട്ടിച്ചേർക്കുന്നു.
'ഇട്ടിരിക്കുന്ന വസ്ത്രവും വായിക്കാനുള്ള പുസ്തകവുമെടുത്ത് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു ഞങ്ങൾ എപ്പോഴും. അതുകൊണ്ടു തന്നെ സ്വന്തമായൊരു വീട് എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. ഞങ്ങൾക്ക് മതമുണ്ടായിരുന്നില്ല. എന്നാൽ, കുടുംബവീട്ടിൽ എല്ലാവരുമൊത്ത് താമസിക്കുമ്പോൾ അത്തരമൊരു ജീവിതം ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണ് ഞങ്ങളെ സ്നേഹിക്കുന്നവരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരു വീട് വച്ച് മാറിയത്. കയമെന്ന് വീടിന് പേരിട്ടത് ബ്രിട്ടോയാണ്. ആരു വന്നാലും കയത്തിൽപ്പെട്ടതു പോലെയായിരുന്നു ഈ വീട്ടിൽ വന്നാൽ. ഒരു മണിക്കൂർ നേരത്തേക്ക് വരുന്നയാൾ ഒരു ദിവസമെങ്കിലും തങ്ങിയിട്ടേ പോകുമായിരുന്നുള്ളൂ. വീട്ടിൽ വരുന്നവർക്ക് കിടക്കാൻ ഇടം വേണമെന്ന നിർബന്ധത്തിലാണ് വീടിന് ചുറ്റിലും ഇത്ര നീളത്തിൽ വരാന്ത പണിതിട്ടത്.
തികച്ചും ആരോഗ്യവാനായിരുന്നു ബ്രിട്ടോ. ഇത്തവണ യാത്ര കഴിഞ്ഞ് വന്ന് മുറിക്കാം എന്ന് പറഞ്ഞ് തനിക്ക് പ്രിയപ്പെട്ട പ്ലം കേക്ക് ഫ്രിഡ്ജിൽ എടുത്തു വച്ചാണ് ക്രിസ്മസിന് മുമ്പ് ബ്രിട്ടോ വീട്ടിൽ നിന്നിറങ്ങിയത്. മരണസമയത്ത് ഒന്നിച്ചുണ്ടായിരുന്നില്ലല്ലോ എന്നതല്ല, ഞാനൊപ്പമുണ്ടായിരുന്നെങ്കിൽ ബ്രിട്ടോ ഇപ്പോൾ പോകില്ലായിരുന്നു. അതാണ് എന്നെ സങ്കടപ്പെടുത്തുന്നത്." സംസാരിച്ചിരിക്കെ നിലാവ് വന്നു. ബ്രിട്ടോയുടെയും സീനയുടെയും സന്തോഷം, പത്തുവയസുകാരി മകൾ. മഞ്ഞമണ്ടൻ എന്ന് കളിയാക്കി വിളിക്കുന്ന അബ്ബയുടെ പ്രിയ പൂച്ചയെയും കളിപ്പിച്ചായിരുന്നു വരവ്. ശാസ്ത്രം വളർന്ന കാലത്തെ തിരിച്ചറിഞ്ഞാണ് സീന കൃത്രിമ ഗർഭധാരണത്തിലൂടെ മകൾക്ക് ജന്മം നൽകിയത്. ആരും കേൾക്കാത്ത, വ്യത്യസ്തമായ പേര് മകൾക്കിട്ടതും ബ്രിട്ടോ തന്നെ. 'കൈനിലാ", അബ്ബയുടെയും അമ്മയുടെയും നിലാവ്! സുഹൃത്തുക്കളെ പോലെയായിരുന്നു ബ്രിട്ടോയും നിലാവും. അബ്ബായെന്ന് ബഹുമാനിക്കുമ്പോൾ എടോ, താൻ എന്നൊക്കെ ഇരുവരും തോളോട് ചേർന്ന് കുസൃതിക്കുട്ടികളുമായി. ബ്രിട്ടോയെ പരിപാലിക്കാൻ മൂന്ന് വയസ് മുതൽ സീനയേക്കാൾ മിടുക്കിയായി അവളുണ്ട്.
ഒരു പത്തു വർഷം കൂടെ അവൾക്കായി ജീവിക്കുമെന്നായിരുന്നു ബ്രിട്ടോയുടെ വാക്ക്. അവളോടൊപ്പം യാത്ര പോകാനിഷ്ടമായിരുന്നു ബ്രിട്ടോയ്ക്ക്. ആഗ്രഹങ്ങൾ പാതിവച്ചായിരുന്നു ബ്രിട്ടോയുടെ മടക്കം. എന്നാൽ, അബ്ബ പോയതിന്റെ സങ്കടമൊന്നും വരുന്നവർക്ക് മുന്നിൽ കാട്ടാൻ നിലാവൊരുക്കമല്ല. കുസൃതി കാട്ടി നടക്കുമ്പോഴും പക്വതയോടെ അമ്മയെ ചേർത്തുപിടിക്കാനും അവൾ മറന്നില്ല. 'ഇനി ഇവൾക്ക് വേണ്ടിയാണ് എന്റെ ജീവിതം. ബ്രിട്ടോ എന്നെ എത്രത്തോളം സംരക്ഷിച്ചിരുന്നോ അത്രത്തോളം സമൂഹത്തിന്റെ തുറിച്ച് നോട്ടങ്ങൾക്ക് ഇരയായിട്ടുണ്ട് ഞാൻ. ശരീരം തളർന്ന മനുഷ്യനോടൊത്ത് ഒരു പെൺകുട്ടി എത്രകാലം സന്തോഷമായി ജീവിക്കുമെന്നായിരുന്നു ആളുകളുടെ സംശയം. മനുഷ്യർക്ക് സന്തോഷത്തോടെ ദമ്പതികളായി ജീവിക്കാൻ ശാരീരിക ബന്ധം നിർബന്ധമേയല്ല എന്ന് എനിക്കറിയാം. പക്ഷേ, ഇനി വരാനിരിക്കുന്നത് അതിനേക്കാൾ കഠിനമായ ദിനങ്ങളാവുമെന്ന് ഉറപ്പുണ്ട്. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരോട് തെളിയിക്കാനാണ് എന്നും ബ്രിട്ടോ ആവശ്യപ്പെട്ടിട്ടുള്ളത്. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. ആരോപണം ഉന്നയിക്കുന്നവർ തെളിയിക്കണം 'ഇത്രനേരം ബ്രിട്ടോയോടുള്ള സ്നേഹവും ബഹുമാനവും നിറഞ്ഞിരുന്ന കണ്ണുകളിൽ വാശിയും കണ്ണീരും ഒന്നിച്ചു നിറഞ്ഞു. ഒപ്പം വാക്കുകൾ ചുരുക്കി "ജീവിതത്തിന് ബ്രിട്ടോ നൽകിയ നിറങ്ങളെ കൈവിട്ടു പോകാതെ സൂക്ഷിക്കുകയെന്നതാണ് ലക്ഷ്യം. അദ്ദേഹത്തിന്റെ പൂർത്തിയാക്കാനാവാതെ പോയ പുസ്തകങ്ങളെല്ലാം പ്രസിദ്ധീകരിക്കണം. ഒരു ജോലി പോലുമില്ല കൈയിൽ, എങ്കിലും ഒന്നേയുള്ളൂ പറയാൻ. ബ്രിട്ടോയ്ക്കൊപ്പം ജീവിതം തുടങ്ങിയതു പോലെ, ബ്രിട്ടോയ്ക്ക് വേണ്ടി ഇനിയുള്ള ജീവിതവും നിലാവുമൊത്ത് ജീവിച്ചു തന്നെ കാണിക്കും."