കാട്ടിലൂടെ നടന്നു പോകുമ്പോൾ മനുഷ്യർ ചിരിക്കുന്നത് പോലെ ഒരു ശബ്ദം കേട്ടാൽ ഉറപ്പിച്ചോ അവിടെ കോഴി വേഴാമ്പൽ ഉണ്ടെന്ന്. 'ക്കെ.. ക്കെ.. ക്കെ" ..'കക്ക ..കക്ക ..കക്ക" എന്നിങ്ങനയൊക്കെയാണ് ഇതിന്റെ ശബ്ദം. കാട്ടിലാകെ മുഴങ്ങി കേൾക്കാം. പശ്ചിമ ഘട്ടത്തിലെ ഒരു തനതു പക്ഷി. തെന്മലയിലും നെല്ലിയാമ്പതിയിലും തട്ടേക്കാടും ഒക്കെയുണ്ട്. പഴങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. കാട്ടിൽ പഴങ്ങൾ പഴുത്താൽ, ചെറുതോ വലുതോ എന്നില്ല മിക്ക മരങ്ങളിലും ഇവ വന്നിരിക്കാറുണ്ട്. എന്നിട്ട് ഒരു ബൗളർ പന്തെറിയുന്നതിനു മുൻപ് ബോൾ മുകളിലേയ്ക്കു ഇട്ടു പിടിക്കുന്നത് പോലെ പഴങ്ങൾ മുകളിലേയ്ക്കു ഇട്ടു ചുണ്ടിനകത്തേയ്ക് പിടിച്ചെടുക്കാറുണ്ട് .പ
ഴങ്ങൾ മാത്രമല്ല പൂക്കളുടെ തേനും കുടിക്കാറുണ്ട്. ആലിൻകായ, അത്തിപ്പഴം, ഞാവൽ ഇതൊക്കെ വളരെ ഇഷ്ടം. ഒരു പരുന്തിന്റെ അത്ര വലിപ്പമുള്ള പക്ഷി. ശരീരമാകെ ചാര നിറം. ചിറകുകളും വാലും കടുത്ത ചാര നിറം കാരണം കറുപ്പ് ആയി തോന്നിക്കും. ശരീരത്തിനടിയിൽ ചാര നിറത്തോടൊപ്പം സ്വല്പംവെളുപ്പ് കലർന്ന വെളുത്ത വരകൾ പോലെ കാണാം. വാൽഭാഗം എത്തുമ്പോൾ ചുവപ്പു നിറവും അതിനു കുറച്ചു മുകളിലേയ്ക്കു പടർന്നു വെളുത്ത തൂവലുകളും ഉണ്ട്. നീണ്ട ചാര നിറത്തിലുള്ള വാലിന്റെ അറ്റത്ത് വെളുപ്പ് നിറം. ചിറകുകളുടെ അരികിലും വെള്ളനിറമുണ്ട്. കണ്ണിനു മുകളിൽ വെളുപ്പ് കലർന്ന ചാര നിറത്തിൽ പുരികം. കണ്ണുകൾ ചുവപ്പ്. ഓറഞ്ച് കലർന്ന നീണ്ട വലിയ മഞ്ഞ ചുണ്ടുകൾ. സാധാരണ വേഴാമ്പലുകളുടെ കൊക്കിനു മുകളിൽ കാണുന്ന മകുടം ഇവർക്കില്ല.
ആകെ ഒരു സുന്ദരൻ പക്ഷി. മറ്റു വേഴാമ്പലുകളെ പോലെ മരപ്പൊത്തുകളിൽ താമസം. പ്രജനന കാലം അടുക്കുമ്പോൾ ആൺപക്ഷി പറ്റുന്നത് പോലെ കൊക്കി കുരച്ചും നൃത്തം ചെയ്തുമൊക്കെ പെൺപക്ഷിയുടെ പുറകെ നടന്നു ഇഷ്ടം പിടിച്ചു പറ്റുന്നു. മുട്ടയിടാൻ കാലമാവുമ്പോൾ പെൺപക്ഷി കൊക്കുകൾ കൊണ്ട് മരം തുരന്നു പൊത്തുണ്ടാക്കി മുട്ടയിട്ടു സ്വന്തം കാഷ്ഠം കൊണ്ട് കൂടു അടയ്ക്കുന്നു. ഒരു ചെറിയ കിളിവാതിൽ മാത്രം നിലനിറുത്തികൊണ്ട്. അതിലൂടെ ആൺപക്ഷി പഴങ്ങൾ അകത്തേയ്ക്കു വെച്ച് കൊടുക്കുന്നു. പൊതുവെ ബഹളം ഉണ്ടാക്കി നടക്കുന്നവരാണെങ്കിലും മുട്ടയിടുന്ന കുഞ്ഞുങ്ങളെ വിരിക്കുന്ന കാലത്ത് ആണും പെണ്ണും പൊതുവെ നിശ്ശബ്ദരാണ്. കൂട്ടിനു സ്വൽപ്പം ദൂരെ മാറിയിരുന്നു ആൺപക്ഷി എപ്പോഴും കൂടിനെ വീക്ഷിച്ചു കൊണ്ടിരിക്കും. പഴങ്ങൾ ശേഖരിക്കാൻ പോകുമ്പോൾ മാത്രമാണ് കൂട്ടിനടുത്തു നിന്ന് മാറുന്നത്. കൂട്ടിൽ മിക്കവാറും മൂന്നോ നാലോ വെളുത്ത മുട്ടകൾ കാണാം. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് ആദ്യം പുൽച്ചാടി, അരണ തുടങ്ങിയവയൊക്കെ കൊടുത്തു വളർത്തുന്നു. ഇപ്പോൾ നമ്മുടെ കാടുകളിൽ ധാരാളം പക്ഷികൾ ഉണ്ടെങ്കിൽ കൂടി കാടുകളിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും ഇവയുടെ നിലനിൽപ്പിനെ ബാധിക്കും.