ഇന്ത്യയിലെ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നൽകുന്ന ടിപ് ഔദാര്യമാണ്. എന്നാൽ വിദേശരാജ്യങ്ങളിൽ അതൊരു അവകാശം. അവരുടെ ഭക്ഷണസംസ്കാരത്തിന്റെ ഭാഗം. രുചികരമായ ഭക്ഷണം, മര്യാദയോടെയുള്ള പെരുമാറ്റം,അതുകാണുമ്പോൾ സാമാന്യം മോശമല്ലാത്തൊരു ടിപ് കൊടുക്കാൻ ആർക്കും തോന്നിപ്പോകും. നമ്മുടെ നാട്ടിലും അങ്ങനെയുള്ള ഹോട്ടലുകളും ജീവനക്കാരും കുറവല്ല. എന്നാൽ തരുന്നത് വേണമെങ്കിൽ തിന്നോ, രുചിയുണ്ടായാലും ഇല്ലെങ്കിലും മര്യാദയ്ക്ക് കാശ് വച്ചിട്ട് പോ എന്ന് പറയാതെ പറയുന്ന ഉടമയുടെയും ജീവനക്കാരന്റെയും പെരുമാറ്റം കാണുമ്പോൾ ടിപ്പ് കൊടുക്കാനെടുത്ത കാശ് പോക്കറ്റിലോ പേഴ്സിലോ തിരികെവയ്ക്കുന്നവരും കുറവല്ല. ഭക്ഷണം നൽകുമ്പോഴോ എന്തെങ്കിലും ആവശ്യപ്പെടുമ്പോഴോ സ്ഥലത്തില്ലാതെ ബിൽ കൊടുക്കാറാകുമ്പോൾ കൃത്യമായി എത്തുന്ന ജീവനക്കാരും ധാരാളം. ടിപ് ചോദിച്ചു വാങ്ങുന്നവരുണ്ട്. കൊടുത്തില്ലെങ്കിൽ പിറുപിറുക്കുന്നവരും കളിയാക്കുന്നവരുമുണ്ട്.
ഇടത്തരം ഹോട്ടലിലെ ഒരു സപ്ലൈയറാണ് മുരുകൻ. തമിഴ്നാട്ടിലെ ശിവകാശിയാണ് സ്വദേശം. കേരളത്തിൽ ഹോട്ടൽപണിക്കായി എത്തിയിട്ട് വർഷം പത്തായെന്ന് ചോദിച്ചതുകൊണ്ട് ആ യുവാവ് പറഞ്ഞു. ചൂടുവെള്ളമോ പച്ചവെള്ളമോ കുടിക്കാനെന്ന് നേരിയ തമിഴിൽ ചോദിക്കും. കഴിക്കുന്നയാളിന്റെ മുഖഭാവം കണ്ട് ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കും. വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ ഇടയ്ക്ക് വരുന്നവർ അനാവശ്യമായി കയർക്കും. രൂക്ഷഭാവത്തോടെ നോക്കും. ഇത്തരം മുഖഭാവങ്ങൾ പരിചിതമായതിനാൽ ഒരു പുഞ്ചിരിയോടെയായിരിക്കും മുരുകൻ നേരിടുക.
ആരെങ്കിലും ടിപ് നൽകിയാൽ വാങ്ങും. വാങ്ങുന്നത് പോക്കറ്റിലെ പ്രത്യേക കടലാസിൽ പൊതിഞ്ഞുവയ്ക്കും. പിന്നെ രഹസ്യമായി അതിലൊരു പങ്ക് പേഴ്സിലെ പ്രത്യേക അറയിലിടും. കുട്ടിയായിരിക്കുമ്പോഴേ അച്ഛൻ മരിച്ചു. അമ്മ ഒരു പടക്ക ഫാക്ടറിയിൽ തൊഴിലാളി. നാടുവിറപ്പിക്കുന്ന ശബ്ദം ഭയങ്കരമാണെങ്കിലും കൈയിൽ കിട്ടുന്ന ശമ്പളം നിസാരം. അനുജത്തിയെ കോളേജിൽ പഠിപ്പിക്കുന്നതും മുരുകൻ തന്നെ. അനുജത്തിയെ നല്ല രീതിയിൽ കല്യാണം കഴിച്ചയക്കണം. അതിനായി നാട്ടിലെ ഒരു മാസച്ചിട്ടിയിൽ ചേർന്നിട്ടുണ്ട്. താമസവും ഭക്ഷണവുമൊക്കെ നിൽക്കുന്ന ഹോട്ടലിൽ തന്നെ. സ്നേഹപൂർവം ആരെങ്കിലും ചോദിച്ചാൽ തന്റെ സ്വകാര്യങ്ങൾ പറയാനും മുരുകന് മടിയില്ല.
സമ്പന്നനായ ഒരാൾ നിത്യവും ഭക്ഷണം കഴിക്കാനെത്തും.പത്തുരൂപ ടിപ് നൽകുകയും ചെയ്യും. കിട്ടുന്ന തുക രണ്ടായി പൊതിഞ്ഞുവയ്ക്കുന്നതുകണ്ട് ഒരുനാൾ അയാൾ കാര്യം തിരക്കി.
ടിപ് കിട്ടുന്നതിലൊരുപങ്ക് സമീപത്തുള്ള ഒരു അനാഥാലയത്തിലെ കുട്ടികൾക്ക് സംഭാവനയായി നൽകും. ഇല്ലായ്മക്കാരനായ പാവം മുരുകന്റെ സ്വഭാവം കണ്ട് സമ്പന്നനൻ അതിശയിച്ചുപോയി.
ചെറിയ കാര്യങ്ങൾ ചെയ്ത് വലിയ പബ്ലിസിറ്റി നേടുന്നവർക്കിടയിൽ ആ സാധു യുവാവ് വേറിട്ടു നിൽക്കുന്നു. നല്ല ശീലവും ഉദാരതയും ഹൃദയവിശാലതയും ആരുടെയും കുത്തകയല്ല. ഒരുപക്ഷെ ഇക്കാര്യത്തിൽ വലിയവരെ പലപ്പോഴും പാവപ്പെട്ടവർ പിന്നിലാക്കുന്നു. പണം കൊണ്ട് മാത്രമല്ലല്ലോ ഒരാൾ സമ്പന്നനാകുന്നത്. ഹൃദയം കൊണ്ടും സ്നേഹം കൊണ്ടും ആർക്കും സമ്പന്നനാകാം.
(ഫോൺ: 9946108220)