ഹൃദയം കൊണ്ട് സംഗീതമൊരുക്കിയാണ് ഔസേപ്പച്ചൻ മലയാളികളുടെ പ്രിയ ഈണമായത്. മനസുകൊണ്ട് കേൾക്കാൻ സാധിക്കുന്നതുകൊണ്ടാകാം അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും ഇപ്പോഴും സന്തോഷത്തിലും സങ്കടങ്ങളിലും നമുക്ക് തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരാകുന്നതും. ഔസേപ്പച്ചന്റെ പാട്ടുകളിലെല്ലാം ഒരു മാന്ത്രികതയുണ്ട്. സംഗീതത്തിന്റെ വഴിയിൽ വർഷങ്ങളോളം നടന്ന ഒരു കലാകാരന്റെ കയ്യൊപ്പാണത്.
ആ അടുപ്പം പാട്ടായി പിറന്നു
സംവിധായകൻ ഭരതൻ ഇല്ലായിരുന്നെങ്കിൽ ഞാൻ സിനിമയിൽ വരില്ല. അദ്ദേഹത്തിന് സംഗീതത്തിൽ അപാരമായ പാണ്ഡിത്യമുണ്ടായിരുന്നു. ഞാനും ജോൺസണുമെല്ലാം മദ്രാസിൽ ദേവരാജൻ മാസ്റ്ററുടെ കീഴിൽ വയലിനിസ്റ്റായി ജോലി ചെയ്യുന്ന സമയത്താണ് ഭരതനെ ആദ്യമായി കാണുന്നത്. തൃശൂർ ശൈലിയിലുള്ള എന്റെ സംസാരം മറ്റൊരു തൃശൂരുകാരനായ അദ്ദേഹത്തിന് വലിയ ഇഷ്ടമായി. ആ സൗഹൃദം ക്രമേണ വളർന്നു. തന്റെ പുതിയ ചിത്രമായ ആരവത്തിൽ ചെറിയ വേഷം അഭിനയിക്കാമോയെന്ന് ഒരു ദിവസം എന്നോട് ചോദിച്ചു. സംഗീതം മാത്രം മനസിലുള്ള ഞാൻ ഒഴിവാകാൻ നോക്കി. താങ്കൾ സിനിമയ്ക്ക് വേണ്ടി അഭിനയിക്കേണ്ടെന്നും ഇപ്പോൾ ചെയ്യുന്നതുപോലെ വയലിൻ വായിച്ചിരുന്നാൽ മതിയെന്നും പറഞ്ഞപ്പോൾ എനിക്ക് താത്പര്യമായി.
അക്കാലത്ത് ഒരു ദിവസം കുറഞ്ഞത് പത്തു മണിക്കൂർ വരെ ഞാൻ വയലിൻ പരിശീലിക്കുമായിരുന്നു. ആരവത്തിൽ ഒരു നാടോടി സർക്കസ് സംഘത്തിന്റെ കൂടെയുള്ള വയലിനിസ്റ്റായി ഞാൻ വേഷമിട്ടു. ഒരു മാസംവരെ നീണ്ടു നിന്ന ആ ചിത്രീകരണ സമയത്താണ് ഭരതേട്ടനുമായി കൂടുതൽ അടുക്കുന്നത്.അന്ന് ഞാൻ വയലിനിൽ വായിച്ച ചില പീസുകൾ അദ്ദേഹത്തിന് ഇഷ്ടമായി. അതുകൊണ്ട് ആരവത്തിന്റെ പശ്ചാത്തലസംഗീതവും ഞാൻ തന്നെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇളയരാജ സാറിന്റേതുൾപ്പെടെ നൂറുകണക്കിന് ചിത്രങ്ങളുടെ പശ്ചാത്തല സംഗീതത്തിൽ അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്നു.അത് നൽകിയ ആത്മവിശ്വാസമാണ് ആരവത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കാൻ ധൈര്യം നൽകിയത്. ആരവത്തിനു വേണ്ടി വായിച്ച പല പീസുകളും പിന്നീട് ഭരതേട്ടന്റെ ചിത്രങ്ങളിൽ ഉൾപ്പെടെ പാട്ടുകളായി വന്നിട്ടുണ്ട്. സ്വതന്ത്ര സംഗീത സംവിധായകനായത് ഭരതേട്ടന്റെ കാതോട് കാതോരത്തിലൂടെയാണ്. പഞ്ചസ്വര രാഗങ്ങളായ മധ്യമാവതി, ശ്രീരാഗം, ഹിന്ദോളം, ആരഭി തുടങ്ങിയ രാഗങ്ങൾ അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും മധ്യമാവതിയിലെയും ഹിന്ദോളത്തിലെയും ഒരു പാട്ടെങ്കിലും കാണും.
നല്ല പാട്ടുകൾ ആർക്കു വേണം
ഗായകർ വരികൾ പാടിയ ശേഷമേ പണ്ട് പശ്ചാത്തല സംഗീതം വരാറുള്ളൂ. അതുകൊണ്ടു തന്നെ അന്നത്തെ പാട്ടുകൾ മനസിൽ തങ്ങി നിൽക്കുന്നവയായിരുന്നു. ഇന്ന് ഗായകൻ പാടുമ്പോൾ തന്നെ അതേ അളവിലോ അതിൽ കൂടുതലോ ആയി റിഥവും മറ്റ് പശ്ചാത്തല സംഗീതവും ഉപയോഗിക്കുന്നുണ്ട് . ഇന്നത്തെ പാട്ടും ആസ്വാദന രീതികളും ഒരുപാട് മാറിയിട്ടുണ്ട്. പഴയപാട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇത്തരം പാട്ടുകൾ ആസ്വദിക്കാൻ കഴിയില്ല. സമീപകാലത്ത് ഹിറ്റായ ജിമിക്കി കമ്മൽ എന്ന പാട്ട് തന്നെ നോക്കാം. സാധാരണ പാട്ടിന്റെ വരികളല്ല അതിൽ ഉപയോഗിച്ചിരിക്കുന്നത്. തെറി പറയുന്നത് പോലുള്ള വരികളെന്ന് നമുക്ക് പെട്ടെന്ന് തോന്നാം. റിഥം പാറ്റേണും വ്യത്യസ്തമാണ്. അത്തരം പാട്ടുകളോട് ഒരുതരം കൗതുകമാണ് ജനത്തിനുള്ളത്. ഇന്ന് വാട്ട്സ് ആപ്പിലും യൂ ട്യൂബിലും ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് ഈ കൗതുകങ്ങളല്ലേ. ആരെയും കുറ്റം പറയുകയല്ല. ഇന്നത്തെ കാലത്തിനു വേണ്ടത് സംഗീത സംവിധായകർ കൊടുക്കുന്നുവെന്ന് മാത്രം.
പണ്ട് ചെയ്തതുപോലെയുള്ള നല്ല പാട്ടുകൾ എന്തുകൊണ്ട് ഇപ്പോൾ ചെയ്യുന്നില്ലെന്ന് ഒരുപാടുപേർ എന്നോട് ചോദിക്കാറുണ്ട്. ഒരു നല്ല പാട്ടിറങ്ങിയാൽ ഇത്തരക്കാർ പ്രോത്സാഹിപ്പിക്കുമോ? നമുക്ക് ഉദാത്തമായ സൃഷ്ടികളല്ല, വിൽക്കപ്പെടുന്ന സൃഷ്ടികളാണ് വേണ്ടത്. നിർമ്മാതാവിന് ലാഭം ഉണ്ടാക്കി കൊടുക്കുകയല്ലേ ആദ്യ ഉത്തരവാദിത്തം. എ.ആർ. റഹ്മാനാണ് പാട്ടുകൾ വ്യാപകമായ രീതിയിൽ കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്ത് ഉപയോഗിച്ച് തുടങ്ങിയത്. അതിനും വർഷങ്ങൾക്കു മുൻപേ ഞാൻ പാട്ടുകൾ പൂർണമായും കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്തു തുടങ്ങിയിരുന്നു. 1986ൽ ഇറങ്ങിയ 'വീണ്ടും" എന്ന ചിത്രത്തിലെ രണ്ടു പാട്ടുകൾ കമ്പ്യൂട്ടർ ടെക്നോളജി ഉപയോഗിച്ചാണ് ചെയ്തത്. 1990ൽ ഇറങ്ങിയ 'വെൽക്കം നയന്റി" എന്ന ആൽബവും പൂർണമായും കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്തതാണ്. അന്നതിന്റെ കമ്പ്യൂട്ടർ ജോലികളൊക്കെ ചെയ്തത് എ.ആർ. റഹ്മാനാണ്. കാലത്തിനനുസരിച്ചു മാറുക എന്നതിനപ്പുറം കാലത്തിനോട് ഞാൻ മാറാൻ പറയുകയാണ്. എപ്പോഴും പുതുമ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരു സംഗീത സംവിധായകനാണ് ഞാൻ.
ഞാനെന്നും തൃപ്തനായിരുന്നു
ദൈവികമായ നിമിഷം എന്നേ അതിനെപറ്റി പറയാൻ കഴിയൂ. വെറും നോട്ടുകൾ കൊണ്ട് മാത്രം മികച്ച മെലഡി ഉണ്ടാക്കാൻ കഴിയില്ല. മികച്ച മെലഡികൾ സൃഷ്ടിക്കാൻ കഴിഞ്ഞത് വയലിനിസ്റ്റ് കൂടി ആയതുകൊണ്ടാണെന്ന് കരുതുന്നു. ഞാൻ വയലിനിലാണ് ആദ്യം കമ്പോസ് ചെയ്യുന്നത്. പശ്ചാത്തല സംഗീതവും വയലിനിലാണ് ആദ്യം സെറ്റ് ചെയ്യുന്നത്. എന്റെ പാട്ടിന്റെ ഭാവങ്ങളിലെല്ലാം വയലിന്റെ സ്വാധീനം ഉണ്ട്. രാപ്പാടി തുടങ്ങിയ എല്ലാ ഹിറ്റ് ഗാനങ്ങളും വയലിനിലൂടെയാണ് കമ്പോസ് ചെയ്തത്. മനസിൽ ഉദ്ദേശിക്കുന്ന ട്യൂൺ കൃത്യമായി പാടുന്ന ഗായകരെക്കൊണ്ട് മാത്രമേ പാടിക്കാറുള്ളൂ.ഒരു ഇന്റർനാഷണൽ വയലിനിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. തുടക്കകാലത്ത് 16 മണിക്കൂറൊക്കെ വയലിൻ വായിക്കുമായിരുന്നു. കൃത്യമായി ചെയ്യുകയാണെങ്കിൽ ഒരു ദിവസം രണ്ടു മണിക്കൂർ പ്രാക്ടീസ് ചെയ്താൽ മതി. അതൊന്നും പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല. എങ്കിലും സംഗീത സംവിധായകൻ എന്ന നിലയിൽ പൂർണ തൃപ്തനാണ്. മലയാള സിനിമാഗാന ശാഖയ്ക്ക് എന്റേതായ സംഭാവന കൊടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
കേട്ട ആരോപണങ്ങളുടെ പിന്നിൽ
ചില നല്ല സംഗീതം കേൾക്കുമ്പോൾ ഇതെനിക്ക് എന്തുകൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന ചിന്തയിൽ നിന്നാണ് കോപ്പിയടി ഉണ്ടാവുന്നത്. കോപ്പിയടി അടുത്ത കാലത്ത് തുടങ്ങിയ പരിപാടിയല്ല. പഴയ ഹിന്ദി പാട്ടുകളിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട എത്രയോ മലയാള സിനിമാ ഗാനങ്ങളുണ്ട്. കർണാടക സംഗീതത്തിലെ പല കീർത്തനങ്ങളുടെയും ഈണങ്ങൾ ദക്ഷിണാമൂർത്തി സ്വാമികൾ ഉൾപ്പെടെയുള്ള പ്രശസ്തരായ സംഗീത സംവിധായകർ ഉപയോഗിച്ചിട്ടുണ്ട്. അത്തരം പ്രവണതകളെ തെറ്റെന്ന് പറയാൻ കഴിയില്ല. മേഘം എന്ന ചിത്രത്തിൽ ഞാൻ സംഗീതം ചെയ്ത 'ഞാനൊരു പാട്ട് പാടാം" എന്ന ഗാനത്തിനും കോപ്പിയടി ആരോപണം നേരിടേണ്ടി വന്നിട്ടുണ്ട്.