പത്രപ്രവർത്തനത്തിനിടയിൽ പല പ്രതിഭകളേയും അഭിമുഖം ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. മൃണാൾസെൻ എന്ന വിഖ്യാത ചലച്ചിത്രകാരൻ ചലച്ചിത്ര അക്കാഡമിയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് ബഹുമതി വാങ്ങാൻ 2009 ൽ തിരുവനന്തപുരത്തെത്തിയപ്പോൾ അദ്ദേഹത്തിന്റെ അഭിമുഖത്തിനായി ശ്രമം നടത്തി.എന്നാൽ വന്ന ദിവസം ആ ശ്രമം വിജയിക്കാനിടയില്ലെന്നാണ് ചലച്ചിത്ര അക്കാഡമിയുടെ അന്നത്തെ സാരഥികളിൽ പ്രമുഖർ പറഞ്ഞത്. അന്ന് സാംസ്കാരിക വകുപ്പിന്റെ ചുമതലകൂടി വഹിച്ച മന്ത്രി എം.എ. ബേബിയായിരുന്നു മൃണാൾദായെ കേരളത്തിലേക്ക് സംസ്ഥാന അതിഥിയായി ക്ഷണിച്ചുകൊണ്ടു വന്നത്.
ബേബി സഖാവിനോടു തന്നെ നേരിട്ട് ആരാഞ്ഞു. എയർപോർട്ടിലേക്ക് പോയി നോക്കാനായിരുന്നു മറുപടി.ഞാൻ ഫോട്ടോഗ്രാഫറുമൊത്ത് പോയി. മൃണാൾദായോട് തന്നെ ഒന്നു സംസാരിക്കാൻ കഴിയുമോയെന്ന് ആരാഞ്ഞു. വൈകിട്ട് ആറുമണിയോടെയാണ് വിമാനമെത്തിയത്. അവിടെ നിന്ന് ഹോട്ടൽ ടാജിലെത്തി. മൃണാൾദാ ലോബിയിലിരുന്നു.ഞാൻ അടുത്തു ചെന്നു. രാഷ്ട്രീയമാണ് ചോദിച്ചത്.അതുകൊണ്ടാണോ എന്ന് അറിയില്ല, അദ്ദേഹം ഗൗരവത്തിൽ എന്നെയൊന്ന് നോക്കി.ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിന്റെ പ്രവർത്തനമെങ്ങനെയുണ്ടെന്ന ചോദ്യത്തിന് ഇടത് സഹയാത്രികനായ മൃണാൾദാ പറഞ്ഞ മറുപടി എന്നെ വിസ്മയിപ്പിച്ചു 'പശ്ചിമബംഗാളിലെ ഇടത് മുന്നണി സർക്കാർ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വിജയിച്ചില്ലെന്ന് മൃണാൾദാ തുറന്നടിച്ചതോടെ അടുത്ത ചോദ്യം ധൈര്യപൂർവ്വം ഞാൻ ഉന്നയിച്ചു. 'ആരാണ് ഉത്തരവാദി?" ഉടൻ വന്നു മറുപടി.
ഞാൻ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ്കാരാട്ടിനെയേ കുറ്റം പറയൂ."-അടുത്ത ദിവസം കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാനായി കേരളത്തിലെ ഇടത് സർക്കാർ ക്ഷണിച്ചു കൊണ്ടുവന്ന സാക്ഷാൽ മൃണാൾദായാണ് ഇങ്ങനെ തുറന്നടിക്കുന്നത്.അദ്ദേഹം തുടർന്നു-നിങ്ങൾക്കറിയാമോ കൊൽക്കത്തയുടെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. അപകടകരം.അടുത്ത തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി വിജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. സർക്കാരിന് ശരിയായ ഗൈഡൻസ് കിട്ടിയിരുന്നില്ല. പ്രകാശ ്കാരാട്ടിനെയേ ഞാൻ കുറ്റപ്പെടുത്തു. അതേസമയം മമതാബാനർജിയെ വിശ്വസിക്കാനേ കൊള്ളില്ലെന്നായിരുന്നു മൃണാൾദായുടെ മറ്റൊരു വാദം.അവർ അപകടകാരിയാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ജനങ്ങളുമായി നന്നായി സംവദിക്കാൻപോലും മമതയ്ക് അറിയില്ല. ധാരാളം ഫണ്ട് അവർക്കു ലഭിക്കുന്നുണ്ട്. ഇത്രയും പണം എവിടെനിന്ന് ലഭിക്കുന്നുവെന്ന് മനസിലാകുന്നില്ല.എന്തായാലും ബംഗാളിന്റെ ഭാവിയെക്കുറിച്ച് ഭയം തോന്നുന്നു."-കമ്മ്യൂണിസ്റ്റ് സഹയാത്രികനും കൊൽക്കത്തയെക്കുറിച്ച് ചിത്രത്രയം (ട്രിലോജി)എടുത്തിട്ടുമുള്ള മൃണാൾദാ പറഞ്ഞു.
ആ അഭിമുഖം കേരളകൗമുദിയുടെ (2009 ഡിസംബർ 11)ഒന്നാം പേജിൽ സൂപ്പർ ലീഡായി അച്ചടിച്ചുവന്നു.വലിയ ചർച്ചയായി. മൃണാൾദാ പ്രവചിച്ചതു പോലെ അടുത്ത തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇടതു മുന്നണി തോറ്റു. മമതാബാനർജിയെക്കുറിച്ചുള്ള നിരീക്ഷണവും ശരിയായി.അഭിമുഖം വന്നശേഷം കൊൽക്കത്തയിലെ പ്രമുഖ ചലച്ചിത്ര പത്രപ്രവർത്തകനും എഴുത്തുകാരനുമായ പ്രദീപ് ബിശ്വാസുമൊത്ത് ഹോട്ടൽ മുറിയിൽപ്പോയി മൃണാൾദായെ വീണ്ടും കണ്ടു.അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ നായികയായ മമതാശങ്കറുമൊപ്പം ഉണ്ടായിരുന്നു. മമതയെക്കുറിച്ച് എന്താ എഴുതാത്തതെന്ന് മൃണാൾദാ ചോദിച്ചു.നേരത്തെ എഴുതിയ വിവരം സൂചിപ്പിച്ചു. സംഭാഷണം അടൂർഗോപാലകൃഷ്ണനിലേക്ക് എത്തി. അടൂരിനെക്കുറിച്ച് മൃണാൾദാ വാതോരാതെ സംസാരിച്ചു. ഇന്ത്യൻ സിനിമയുടെ സൗഭാഗ്യമാണ് അടൂരെന്ന് മൃണാൾദാ പറഞ്ഞതോർക്കുന്നു. കേരളത്തെ സ്നേഹിച്ച ചലച്ചിത്രകാരനായിരുന്നു മൃണാൾദാ.