തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പട്ടിക സമർപ്പിച്ച സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിന്നും അടി ഇരന്ന് വാങ്ങിയെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാർ വർമ പറഞ്ഞു. എത്ര യുവതികൾ കയറിയെന്നതിനെ സംബന്ധിച്ച് ഒരു പട്ടിക കോടതിയിൽ സമർപ്പിക്കേണ്ട ആവശ്യകത സംസ്ഥാന സർക്കാരിന് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആകാശത്ത് കൂടി പോകുന്ന അടി ഏണി വച്ച് വാങ്ങുന്നത് പോലെയായിരുന്നു സർക്കാരിന്റെ ശ്രമങ്ങൾ. ശബരിമലയിൽ ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ശബരിമല വിഷയം രമ്യമായി പരിഹരിക്കാൻ സംസ്ഥാന സർക്കാരുമായി ചർച്ചയാകാമെന്നും ശശികുമാർ വർമ വ്യക്തമാക്കി. ശബരിമല വിഷയത്തിലെ സർക്കാരിന്റെ പിടിവാശിയാണ് പ്രശ്‌നങ്ങളെ ഇത്രയും വഷളാക്കിയത്. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ ശബരിമലയെ ദോഷകരമായി ബാധിക്കും. ദേവസ്വം ബോർഡിന്റെ വരുമാനത്തിലും ഇടിവുണ്ടാകും. ഇനിയെങ്കിലും പ്രശ്‌നം രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.